ന്യൂഡൽഹി : ഇറാന്റെ ആണവ പദ്ധതികൾക്ക് എതിരെ ആഞ്ഞടിക്കുന്ന അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് മാസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയ ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനിൽ നിന്നുമുള്ള എണ്ണ കയറ്റുമതി വെട്ടിച്ചുരുക്കുന്നതായി സൂചന. ഹിലരി ക്ലിന്റൺ ഇന്ത്യ സന്ദർശിച്ചത് ഇന്തോ – ഇറാൻ വ്യാപാര ബന്ധത്തിന് കൂച്ചു വിലങ്ങിടുക എന്ന വ്യക്തമായ ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു. ഹിലരി ക്ലിന്റനോടൊപ്പം പൊതു വേദിയിൽ വെച്ച് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇറാനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നേരത്തേയുള്ള നയത്തിന് കടക വിരുദ്ധമായി ഇന്ത്യ ഇറാനിൽ നിന്നും വാങ്ങുന്ന എണ്ണയുടെ അളവിൽ ഗണ്യമായ കുറവ് വരുത്തി എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്ന് അഭിമാനത്തോടെ ക്ലിന്റന്റെ അംഗീകാരം ഉറപ്പു വരുത്താൻ എന്നവണ്ണം പറഞ്ഞത് ഇന്ത്യൻ വിദേശ നയത്തിന്റെ നട്ടെല്ലില്ലായ്മ വിളിച്ചോതുന്ന അവസരമായി താഴ്ന്നത് ഇന്ത്യാക്കാർ ഏറെ അപകർഷതാ ബോധത്തോടെ തന്നെയാണ് വീക്ഷിച്ചത്.
ഒരു മാസത്തിനുള്ളിൽ ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് 4 ലക്ഷം ബാരൽ പ്രതിദിനം എന്നതിൽ നിന്നും 2.7 ലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യക്കു മേൽ നേരിട്ടുള്ള നയതന്ത്ര സമ്മർദ്ദം, സൌദിയിൽ നിന്നും ഇറാഖിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള നിർദ്ദേശം, ഇറാനുമായി ധന വിനിമയ മാർഗ്ഗങ്ങൾ നിർത്തി വെയ്ക്കുക എന്നതിനു പുറമെ അമേരിക്കയുടെ നിർദ്ദേശത്തിന് ജൂണിന് മുൻപ് വഴങ്ങിയില്ലെങ്കിൽ ഇന്ത്യക്കെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും എന്നും അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്.