ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം

November 21st, 2012

gaza-airstrike-epathram

ലോക മനഃസാക്ഷിയെ ഞെട്ടിപ്പിച്ചു കൊണ്ട് ഗാസയിലെ പലസ്തീന്‍ മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ച മുറുക്കി ഇറങ്ങിയിരിക്കുകയാണു. നാലു ദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരും വരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഏതു നിമിഷവും ഗാസയില്‍ കടന്നു കയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനിക സന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. ബുധനാഴ്ച മുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 600ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച സമാധാന ദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തര മന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട് ചെയ്തു.

നാലു വര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിത നീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗം ചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് ഗാസയ്ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധ സന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു.

ആക്രമണം തുടരുന്നതിനിടയിലും അറബ് ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശ മന്ത്രി റഫീഖ് അബ്ദു സലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാന ചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥനക്ക് പുല്ലു വിലയാണു ഇസ്രേയേല്‍ കല്പിക്കുന്നത്. അതേ സമയം, അമേരിക്ക ഈ താന്തോന്നി രാഷ്ട്രത്തിന്ന് സമ്പൂര്‍ണ പിന്തുണയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ എന്ത് തൊന്നിയവാസത്തിന്ന് എന്നും കൂട്ടു നിന്നവര്‍ അമേരിക്ക മാത്രമാണു. ആയിരക്കണക്കിന്നാളുകളെ നിരപരാധികളായ കുട്ടികളെ സ്ത്രികളെ കൂട്ടക്കൊല ചെയ്യുമ്പോഴാണു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇസ്രേയേല്‍ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണില്‍ വിളിച്ച് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.

സമാധാനത്തിന്റെ വെള്ളരി പ്രാവുകളെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കക്ക് ലോകത്ത് ചൊരപ്പുഴ ഒഴുക്കിയതിന്റെ ചരിത്രം മാത്രമെയുള്ളു. ഇന്നും ഇസ്രയേല്‍ പലസ്തീന്റെ മണ്ണില്‍ ഗാസയില്‍ ആയിരങ്ങളെ കൊന്നൊടുക്കി ചോരപ്പുഴ ഒഴുക്കുമ്പോഴും അവിടെ സമാധാനമുണ്ടാക്കുന്നതിന്ന് ശ്രമിക്കാതെ ചോരക്കൊതിയന്മാര്‍ക്ക് ഓശാന പാടാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നൽകാനും ശ്രമിക്കുകയെന്നത് മനുഷ്യത്വമുള്ള മനുഷ്യരെയാകെ ഞെട്ടിച്ചിരിക്കുയാണു. ലോകം ഒന്നടക്കം ആവശ്യപ്പെടുന്നു… ഉടനെ നിര്‍ത്തണം ഈ മനുഷ്യക്കുരുതി… ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങ്ങലയ്ക്കിടണം… അതാണു ലോകം ഇന്ന് ആവശ്യപ്പെടുന്നത്…

നാരായണൻ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും

November 15th, 2012

vayalar-ravi-epathram

എയര്‍ ഇന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് നേരെ നടത്തിയ കൊടും ക്രൂര ദ്രോഹ നടപടികള്‍ കണ്ടിട്ടും, യാത്രക്കാരോട് തീവ്രവാദികളോട് എന്ന പോലെ പെരുമാറിയിട്ടും, കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം തിരുവന്തപുരത്തു കൊണ്ടു പോയി ഇറക്കി പത്ത് മണിക്കൂറോളം കുഞ്ഞു കുട്ടികള്‍ക്കടക്കം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതിരിക്കുകയും, എപ്പോഴാണു പിന്നെ പുറപ്പെടുകയെന്ന് ചോദിച്ചിട്ടു പോലും ശരിയായ മറുപടി കൊടുക്കാതെ യാത്രക്കാരോട് അപമര്യാദയായി പൈലറ്റും വിമാന ജോലിക്കാരും പെരുമാറുകയും, ഈ തോന്നിയവാസത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യാത്രക്കാരില്‍ ആറു പേര്‍ക്കെതിരായി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് കള്ളക്കേസെടുത്ത് പീഡിപ്പിക്കയും ചെയ്തിട്ടു പോലും പ്രവാസകാര്യ മന്ത്രിയുടെ തിരുവായ ഒന്നു തുറന്നില്ല.

സാധരണക്കാരായ ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന കൊടും ക്രൂരത കണ്ട് ആസ്വദിക്കുകയാണു പ്രവാസികാര്യ വകുപ്പ് മന്ത്രി ചെയ്തത്. സാധാരണക്കാരന്റെ പ്രശ്നത്തിന് മന്ത്രിക്ക് പുല്ലു വില. പ്രവാസികാര്യ വകുപ്പ് മന്ത്രിയെന്ന പട്ടം നെറ്റിയില്‍ ചാര്‍ത്തി നടക്കുന്നതല്ലാതെ ഈ മാന്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ഇതു വരെ ചെയ്തിട്ടില്ല. ഒരു പണിയും ഇല്ലാത്തവര്‍ക്ക് തേരാ പാര കറങ്ങി നടക്കാന്‍ ഒരു അധികാരവുമില്ലാത്ത ഒരു വകുപ്പ് കൊടുത്തിരിക്കുകയാണ്.

എംബസ്സികളില്‍ നിന്നും കൗണ്‍സലേറ്റില്‍ നിന്നും ലഭിക്കുന്ന പാസ്പോര്‍ട്ട് പുതുക്കല്‍ അടക്കമുള്ള സേവനങള്‍ക്ക് വന്‍ നിരക്ക് വര്‍ദ്ധനവു വരുത്തി വിദേശ ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം കടുത്ത അനീതിയാണ്. ഇതില്‍ നിന്ന് ഉടനെ പിന്തിരിയാന്‍ സര്‍ക്കാറും മറ്റ് എംബസികളും തയ്യാറാകണം. 150 ദിര്‍ഹം ഉണ്ടായിരുന്ന പാസ്പോര്‍ട്ടിന് ഒറ്റയടിക്ക് 285 ദിര്‍ഹമാക്കി ഉയര്‍ത്തി. 135 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്. എമര്‍ജന്‍സി പാസ്പോര്‍ട്ടിന് 700 ദിര്‍ഹമായിരുന്നത് 855 ദിര്‍ഹമായി ഉയര്‍ത്തി.155 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്. രാജ്യത്തിന് കോടിക്കണക്കിന് വിദേശ നാണ്യം നേടിക്കൊടുക്കുകയും ഒരു സംസ്ഥാനത്തിന്റെ തന്നെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന പ്രവാസികളെ വിഷമ വൃത്തത്തിലാക്കും വിധം വര്‍ദ്ധിപ്പിച്ച പാസ്‌പോര്‍ട്ട് സേവന നിരക്ക് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും ഇത് ഉടനെ പിവലിക്കണമെന്നും പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രവാസികാര്യ മന്ത്രിക്ക് മിണ്ടാട്ടമില്ല. ഇത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന നീച പ്രവര്‍ത്തിയാണ്. ഈ നീചവും നിന്ദ്യവുമായ നിലപാടിനേയും ന്യായീകരിക്കാന്‍ രാഷ്ട്രിയ തിമിരം ബാധിച്ച ചില ശിഖണ്ഡികള്‍ തയ്യാറാകുന്നുവെന്നത് പ്രവാസികളെയാകെ ആശ്ചര്യപ്പെടുത്തുന്നതാണ്.

പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമാകുന്ന സേവനങ്ങള്‍ നല്‍കുവാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്, പ്രവാസികാര്യ വകുപ്പിനുണ്ട്. എന്നാല്‍ പ്രവാസി കാര്യ വകുപ്പോ മന്ത്രിയോ സര്‍ക്കാറോ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, പാസ്‌പോര്‍ട്ട് സേവന നിരക്ക്‌ വര്‍ദ്ധന പോലുള്ള അമിത ബാദ്ധ്യതകള്‍ അടിച്ചേല്‍പ്പിച്ച് പ്രവാസികളെ പരമാവധി ദ്രോഹിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛമായ വരുമാനത്തിന് തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലേറെയാണ് പാസ്‌പോര്‍ട്ട് സേവന നിരക്ക്‌ വര്‍ദ്ധനവും യാത്ര കൂലി വര്‍ദ്ധനവും. എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊള്ളയ്ക്കും തോന്നിയവാസത്തിനും പരിഹാരം കാണാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രവാസികാര്യ വകുപ്പ് മന്തിയെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നത്? ഈ പട്ടം താങ്കള്‍ക്ക് അലങ്കാരമായിരിക്കാം. എന്നാല്‍ ഈ പട്ടം കെട്ടി പ്രവാസികൾക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത താങ്കളോട് പ്രവാസികൾക്ക് പുച്ഛമാണ്. പരമ പുച്ഛം.

താങ്കളും കൈകാര്യം ചെയ്തതല്ലേ വ്യോമയാന വകുപ്പ്? പിന്നെയെന്തിനാണ് ഇട്ട് ഓടിപ്പോയത്? എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഇന്നും അന്നത്തെപ്പോലെ കുത്തഴിഞ്ഞു കിടക്കുകയാണ്. ഇന്ന് പറക്കുമെന്ന് പറയുന്ന ഫ്ലൈറ്റുകള്‍ പറക്കില്ല എന്നറിയുന്നത് എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ്. ടിക്കറ്റെടുത്ത സ്ഥലത്തേക്കല്ല എയര്‍ഇന്ത്യ പറന്നതെന്ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴാണ് അറിയുന്നത്. ഈ അവസ്ഥയ്ക്ക് വിരാമമിടാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിയണം, താങ്കള്‍ക്കും കഴിയണം. അല്ലെങ്കില്‍ താങ്കള്‍ വെറെ ഏതെങ്കിലും പണിക്ക് പോകണം.

നാരായണൻ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം

September 27th, 2012

bhagat-singh-epathram

വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ ജന്മദിനം സെപ്തംബര്‍ 27 നാണ്. സാമ്രാജ്യത്വ കോളനി വാഴ്ചക്കെതിരെ പട പൊരുതി ജീവത്യാഗം ചെയ്യേണ്ടി വന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത് സിങ്ങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാ വാദിയായ മഹാത്മാ ഗാന്ധി വിപ്ളവകാരികളെ ‘ഭീകരവാദികൾ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത് സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. ‘ഭഗത് സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയ ജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല’ എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ “രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല’ എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടി വന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) ‘ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതു പോലെ തന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു’ എന്നാണ്. ‘ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും’ എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.

ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്. ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവ ജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടു വര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.

ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധി തവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി.

പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്. വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: ‘ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല’. ന്യായാധിപന്റെ മുഖത്തു നോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: ‘നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും’. കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: ‘കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചു കയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നു ദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നു പോയി. രക്തപ്പുഴയൊഴുകി ചുവന്നു തുടുത്ത ആ മണ്ണില്‍ നിന്നും ഒരു പിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു. ’മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും’.

പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതു തന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചു വിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു. ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ “ഹ്ര” എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്.
‘ഹ്ര’യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തി പൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ’ഹ്ര’യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു ‘കക്കോരി ഗൂഢാലോചന കേസ്’. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് ‘കക്കോരി ഗൂഢാലോചന’ കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, ‘ഹ്ര’ യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും ‘ഹ്ര’യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടി വന്നു.

എന്നാല്‍ ഒളിവില്‍നിന്നു കൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട ‘ഹ്ര’ക്കു പകരം ‘നൌജവാന്‍ ഭാരത് സഭ’യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടു വര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടു നിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളി കൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

രണ്ട് വര്‍ഷത്തെ കാരാഗൃഹ വാസത്തിനു ശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിത വീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച ‘ഹ്ര’യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8, 9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. ‘ഹസ്ര’ വിപ്ളവ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.

ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം ‘ഗോ ബേക്ക്’ വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞു പിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ ‘രക്തത്തിനു പകരം രക്തം’ എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചു കൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്.

ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തി പ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത് ’ഹസ്ര’യുടെ കൊടിക്കീഴില്‍ വിപ്ളവ പ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാ ബില്‍, പത്ര നിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്ക ബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടി വിറച്ചു. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുക പടലം കൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പല വഴിക്ക് കുതിച്ചു. നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാ തലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നു വന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു.

വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീര നടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനു വേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍. ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമ ദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും ‘സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിയുമാണ്. ഒടുവില്‍, പ്രതീക്ഷിച്ചതു പോലെ തന്നെ ആ ധീര വിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു.

രാജ്യം ഇളകി മറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമ സഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. ‘ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണം കൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക’. മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. ‘ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.

’തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. ‘ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്ര മാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചു കൊടുക്കും’. ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തക വായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലി കഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പു മുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു’.

1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുത സ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കി വെച്ച് പുഞ്ചിരി തൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. ‘മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീര പുത്രന്മാര്‍ എത്ര മാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കു വേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ! ’ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. “ഭാരത് മാതാ കീ ജെയ് … ഇന്‍ക്വിലാബ് സിന്ദാബാദ്.”

ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു. രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണണ്ണ ഒഴിച്ച് കത്തിച്ച് പാതി വെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തി വിട്ട ആശയത്തിന്റെ പ്രസരണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.

(കടപ്പാട്: വിവിധ പുസ്തകങ്ങൾ, ലേഖനങ്ങള്‍)

നാരായണൻ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍

September 24th, 2012

thilakan-epathram

സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപമെന്ന സത്യം തിലകന്‍ എന്ന മഹാനടന്‍ ഈ ലോകത്തോട് തുറന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മലയാള സിനികയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്താനും, തല്ലാനും, കൊല്ലാനും, അധിക്ഷേപിക്കാനും മുതിര്‍ന്ന് ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളുമായി മാറിയ പലരും ഇന്ന് തിലകന്റെ അഭിനയ പ്രതിഭയെ പറ്റി സംസാരിക്കുന്നത് കാണുമ്പോള്‍ പുച്ഛമാണു തോന്നുന്നത് . മലയാളികളുടെ കാപട്യം തിരിച്ചറിയാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധാപൂര്‍‌വ്വം വീക്ഷിക്കണം. ജനങ്ങള്‍ ആരാധിക്കുന്നവര്‍ എത്ര അല്പന്മാരാണെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. തിലകന്റെ മരണത്തില്‍ ഒരു പരിധി വരെ അമ്മയെന്ന സംഘടനയുടെ പങ്ക് തള്ളിക്കളയാന്‍ സാധ്യമല്ല. അത്രത്തോളം മാനസ്സിക സമ്മര്‍ദ്ദമാണു ആ സംഘടന അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.

തിലകനെന്ന അഭിനയ ചക്രവര്‍ത്തിയുടെ ആദര്‍ശ നിഷ്ഠ, കലയോടുള്ള പ്രതിബദ്ധത ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അഭിനയം. നിഷേധിയുടെ സ്വരം, ഭാവം അതായിരുന്നു തിലകന്‍ എന്ന നടനും വ്യക്തിയും. മുണ്ടക്കയം തിലകന്‍ എന്ന നാടകക്കാരനായ കമ്യൂണിസ്റ്റില്‍ നിന്ന് തിലകന്‍ എന്ന ഇരുത്തം വന്ന നടനിലേക്കുള്ള ദൂരത്തിലും ഈ വാര്‍ധക്യ കാലത്തും തിലകനിലെ വ്യക്തിയുടെ ആദര്‍ശത്തിലും കാര്‍ക്കശ്യങ്ങളിലും ഒരു അണുകിട വ്യതിയാനം സംഭവിച്ചിട്ടില്ല. 19-മത്തെ വയസ്സില്‍ നാടകാഭിനയത്തിന് വീട്ടുകാര്‍ എതിരെന്ന് കണ്ടപ്പോള്‍ വീടു വിട്ടിറങ്ങിപ്പോന്ന തിലകന്റെ അതേ ആര്‍ജ്ജവം തന്നെയാണ് 2010 ല്‍ അമ്മ എന്ന സംഘടന അദ്ദേഹത്തെ പുറത്താക്കിയപ്പോഴും കണ്ടത്. ഒന്നിനു മുന്നിലും കൂസാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ചോരയും നീരും തന്നെയായിരുന്നു തിലകൻ. തനിക്ക് തോന്നുന്ന ശരികള്‍ ആരെ അലോസരപ്പെടുത്തിയാലും അത് വിളിച്ചു പറയാനുള്ള ചങ്കൂറ്റമാണ് തിലകനെ മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പോലെ തന്നെ വ്യത്യസ്തനാക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന വിമര്‍ശനം ഉയര്‍ത്തിയ തിലകന് അതിന്റെ പേരില്‍ നഷ്ടമായ ചിത്രങ്ങളുടേയും അപ്രഖ്യാപിത വിലക്കുകളുടേയും എണ്ണം എത്രയെന്ന് എല്ലാവര്‍ക്കും നന്നായറിയാം. എന്നിട്ടും തിലകനിലെ നിഷേധിയുടെ സ്വരം ഉറച്ചു തന്നെ നിന്നു. കടുത്ത ജീവിത ദുരിതങ്ങളിലൂടെ മുണ്ടക്കയത്തെ കയറ്റിറക്കങ്ങളെ അതിജീവിച്ച് വളര്‍ന്ന ഒരാളിന് ഏത് വിമര്‍ശനത്തേയും പ്രതിസ്വരത്തേയും മറികടക്കാന്‍ പോന്ന കരുത്തുണ്ടായിരുന്നു. കരുത്തുറ്റ നടന്‍ ഇമേജിന് പകരം വെക്കാന്‍ ഇനി മലയാള സിനിമയില്‍ മറ്റൊരു നടനില്ല. പി. ജെ. ആന്റണി, ബാലന്‍ കെ. നായര്‍, ഭരത് ഗോപി, തിലകൻ, മുരളി… ഈ പട്ടികയിലുള്ള ആരും ഇന്ന് ജീവിച്ചിരിപ്പില്ല. സ്വന്തം അമ്മയോട് വഴക്കിട്ട വാശിയില്‍ ഇറങ്ങിപ്പോന്ന തനിക്ക് ഈ അമ്മയുടെ വിലക്ക് വെറും പുല്ലാണ് എന്നായിരുന്നു അമ്മ സംഘടനയില്‍ നിന്നുള്ള വിമര്‍ശനങ്ങളോട് തിലകന്റെ പ്രതികരണം. ജാതിപ്പേര് എഴുതാത്തതിന് കോളേജില്‍ പുറത്താക്കപ്പെട്ടിട്ടുള്ള തിലകന്‍ എക്കാലത്തും തികഞ്ഞ മതേതരത്വ വാദിയായിരുന്നു. ഈ ലോകത്ത് വിട പറഞ്ഞ് പൊതുദര്‍ശനത്തിനായി തിലകന്‍ വെള്ള പുതച്ച് കിടക്കുമ്പോള്‍ സിനിമാ ലോകത്തു നിന്ന് വരാനിടയുള്ള മഹത് വചനങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. തിലകനെ അവര്‍ വാഴ്ത്തിപ്പാടും. ജീവിച്ചിരിക്കുമ്പോള്‍ തിലകനെ മാറ്റൂ എന്ന് നിര്‍ദേശിക്കുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചവരും തിലകനെ തല്ലാന്‍ കയ്യോങ്ങിയവരും അദ്ദേഹത്തെ ഇനി വാഴ്ത്തുന്നതും നാം കാണും.

നാരായണൻ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1

December 11th, 2011

credit-card-epathram

എന്തിനും ഏതിനും നാം മലയാളികള്‍ മുന്‍പന്തിയില്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, വായനയില്‍, സംഘടനാ പാടവത്തില്‍… ഏതു പുതിയ അറിവുകള്‍ വന്നാലും അത് ആദ്യം ഉള്‍ക്കൊള്ളുന്നതും നാം തന്നെ.

ഈ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ നാം മലയാളികളുടെ ജീവിത നിലവാരം ഏറെ പുരോഗമിച്ചു. പ്രത്യേകിച്ചും അറബ് നാടുകളില്‍. നമുക്ക്‌ ഈ പുരോഗതി സമ്മാനിച്ചത്‌ ഗള്‍ഫ്‌ നാടുകളിലെ ഇടത്തരക്കാരായ ബാങ്കുകളാണ്. വ്യക്തിഗതമായ വായ്പകളിലൂടെ ശക്തമായ ലാഭം കൊയ്യാമെന്ന ബാങ്കര്‍മാരുടെ കുബുദ്ധി പ്രവര്‍ത്തിച്ചതാണ് ആയതിനു കാരണം.

ഇന്ത്യയിലോ ലോകത്തിന്റെ ഇതര ഭാഗങ്ങളിലോ പച്ച പിടിക്കാത്ത ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌ വ്യവസായം ഗള്‍ഫ്‌ നാടുകളില്‍ അതിന്റെ പാരമ്യതയില്‍ എത്താനും നാം മലയാളികളുടെ ആഡംബര സ്വപ്‌നങ്ങള്‍ തന്നെയാണ് നിദാനം.

കേവലം മൂവായിരം ദിര്‍ഹം ശമ്പളക്കാരനും ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന പാട്ട കൃഷി സ്ഥലം ഈ ബാങ്കുകള്‍ പകുത്തു നല്‍കി. മൂവായിരത്തില്‍ താഴെ ഉള്ളവര്‍ക്കും വേണ്ടേ ഈ വികസനങ്ങള്‍! ശരി, വിഷമിക്കേണ്ട. കൂട്ടുകാരുടെ സഹായത്തിലൂടെ കുറഞ്ഞ ശമ്പളക്കാരും ഈ “വിരിപ്പു കണ്ടങ്ങള്‍” കൈവശപ്പെടുത്തി. ചുരുങ്ങിയ കാലയളവില്‍ തന്നെ വന്‍ വിളവു തരുന്ന കൃഷി ഇടങ്ങളാണ് ഈ ക്രെഡിറ്റ്‌ കാര്‍ഡുകള്‍. അങ്ങനെ സ്വകാര്യ ബാങ്കുകള്‍ക്ക് നിരവധി കൊയ്ത്തുത്സവങ്ങള്‍ ഉണ്ടായി. പക്ഷെ, പാവപ്പെട്ട സാധാരണ ജോലിക്കാരുടെ കഴുത്ത് ഓടിക്കാനുള്ള ഉപകരണം മാത്രമായേ ഈ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പ്രയോജനപ്പെട്ടിട്ടുള്ളൂ.

(തുടരും)

പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍

(അടുത്ത ഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിയമം പിള്ളേടെ വഴിയേ…

November 5th, 2011

balakrishnappillai-jail-epathram

പിള്ള ചവിട്ടിയാല്‍ നിയമസഭയ്ക്ക് കേടില്ല എന്നാണല്ലോ… ഈ പിള്ളച്ചൊല്ല് ചാണ്ടിച്ചായനെ തെല്ലൊന്നുമല്ല പോല്ലാപ്പിലാക്കുന്നത്. പിന്നെ നൂല്പാലത്തില്‍ പിള്ളേരുടെ കൈ താങ്ങില്ലെങ്കില്‍ കാര്യം കട്ടപ്പൊക. അതോണ്ടാണല്ലോ ചെക്കന്‍ കേറി പണിതിട്ടും ചാണ്ടിച്ചായന്‍ മാപ്പ് പറയാന്‍ തയ്യാറായത്‌. ചെക്കനാണേ വായ പോയ കോടാലീം… ആള്‍ക്കാരെ കണ്ടാ അതുമിതും വിളിച്ചു പറയും… പിള്ളയ്ക്കങ്ങു ജയില് പിടിച്ചിട്ടുമില്ല താനും. വിധിയായാ കൊറച്ച് ദെവസം കെടക്കട്ടെ എന്നാ ശരിക്കങ്ങ് നിയമം… എന്നാ പിള്ളക്കങ്ങനെ ആകാമോ? എന്നാ പിന്നെ പിള്ളയേം തള്ളയേം വ്യതാസമെന്നതാ എന്നാ ചെറുക്കന്റെ ചോദ്യം, ഒന്നുമില്ലെങ്കിലും സിനിമേല് കെടന്ന് വിലസിയ ആളല്ലേ … ചാണ്ടിച്ചായന്‍ ഒരു തെല്ലത്താ ഇരിക്കുന്നതെന്ന് പിള്ളക്കും മോനും നന്നായി അറിയാം വീഴാന്‍ ഒരു തള്ള് പോലും വേണ്ട…. അതോണ്ടാ ഗോവിന്ദ ചാമിയേം പിന്നെ കൊറേ ചാമിമാരേം തഴഞ്ഞ്‌ പിള്ളക്കങ്ങു പോകാന്‍ വഴി ഉണ്ടാകിയത്‌… തലേം വാലും നോക്കാത്ത പ്രതിപക്ഷം സഭേന്നു ഇറങ്ങാന്‍ കാത്തിരിക്ക്യാ കാരണം പോലും വേണ്ടാണ്ട് … അതിനിടയിലാ പിള്ളടെ ചെല പൂതി… ഇത് കേട്ടപ്പോ ഗോവിന്ദ ചാമിക്കും പൂതി എളകീന്നാ കേട്ടത്… അല്ല പിള്ളയും ചാമിയും എന്താ വ്യതാസമെന്നു ചാമിക്ക് ചോദിക്കാമല്ലോ ജനാധിപത്യമല്ലേ… അതോ പിള്ളാധിപത്യമോ…നിയമത്തെ പത്തനാപുരം വഴി കൊട്ടാരക്കരയില്‍ എത്തിച്ചതിനു പിള്ളക്കിനി അടുത്ത തവണ പത്ത്‌ വോട്ടുകൂടുതല്‍ കിട്ടും…പോരെ… ചെക്കനെന്തു പറഞ്ഞാലും നമ്മടെ കാര്ന്നോര്‍ ചാണ്ടിച്ചായന്‍ സഭേല് മാപ്പ് പറഞ്ഞോളും അതോടെ തീര്‍ന്നു കാര്യം…

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും

October 23rd, 2011

santhosh-pandit-movie-epathram

വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല്‍ ഫോര്‍ യു, ആപ്പിള്‍ എ ഡേ, നാനോ എക്സല്‍ തുടങ്ങിയ തട്ടിപ്പുകള്‍ അഭ്യസ്ഥവിദ്യരെന്ന് സ്വയം മേനി നടിക്കുന്ന ഈ സമൂഹത്തിലാണ് സംഭവിച്ചത്. ഇപ്പോള്‍ ആവേശപൂര്‍വ്വം സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്നതിലൂടെയും മലയാളി സ്വയം തെളിയിക്കുന്നത് മറ്റൊന്നുമല്ല. മലയാളിയുടെ ഈ സവിശേഷമായ സ്വഭാവ സവിശേഷതയെ തിരിച്ചറിഞ്ഞു തന്നെ ആകണം സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം.

തീര്‍ച്ചയായും അദ്ദേഹം അതില്‍ വിജയിച്ചിരിക്കുന്നു. കൃഷ്ണനും രാധയും എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രത്തെയും അതിന്റെ സൃഷ്ടാവിനേയും അവഹേളനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ സത്യത്തില്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ് മലയാളികള്‍. സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയെന്നോ വങ്കനെന്നുമെല്ല്ലാം വിശേഷിപ്പിച്ച് സ്വയം ബുദ്ധിമാനെന്നോ സമര്‍ഥനെന്നോ വിശ്വസിക്കുന്നവര്‍ അറിയുന്നതേ ഇല്ല, അയാള്‍ എത്ര മനോഹരമായി തങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നു എന്ന്. ചൈനാ ടൌണ്‍ പോലുള്ള ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയും കാണിക്കാതെയിരുന്ന മലയാളികളാണ് ഈ ചിത്രത്തെ കൂകുവാനായി കാശു മുടക്കി തീയേറ്ററില്‍ കയറുന്നത്. ധാരാളം സമയം ചിലവിട്ട് യൂറ്റൂ‍ബില്‍ തെറി കമന്റിടുന്നത്, ഫേസ്ബുക്കിലും മറ്റും തെറികളുടെ അകമ്പടിയോടെ അവഹേളിക്കുന്നത്. നേരത്തെ പറഞ്ഞതു പോലെ ഇവിടെ സന്തോഷ് പണ്ഡിറ്റ് വിഡ്ഢികളാക്കുന്നത് മലയാളികളെയാണ്.

സാമ്പ്രദായിക സിനിമാ സങ്കല്‍പ്പങ്ങളുടെ ശീര്‍ഷാസന കാഴ്ചകളാണ് കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ അദ്ദേഹം മലയാളിക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ താര രാജാക്കന്മാര്‍ വര്‍ഷങ്ങള്‍ എടുത്ത് സൃഷ്ടിച്ച പേരും പ്രശസ്തിയും കേവലം ഒന്നോ രണ്ടോ ഗാനങ്ങളിലൂടെ മറി കടക്കുന്ന കാഴ്ചയാണ് നമുക്ക് മുമ്പില്‍ ഉള്ളത്. ഇന്റര്‍ നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പേരായി മാറിയിരിക്കുന്നു അദ്ദേഹത്തിന്റേത്. സമീപ കാലത്ത് മറ്റേതൊരു സൂപ്പര്‍ സ്റ്റാറിന്റേയും ചിത്രത്തേക്കാള്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിന്റെ റിലീസിങ്ങിനായി മലയാളികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ പ്രതീക്ഷികളെ തരിമ്പും കോട്ടം വരുത്താതെ കൂവലുകളും തെറി വിളികളുമായി ഈ ചിത്രത്തെ മലയാളി സ്വീകരിച്ചു. നൃത്തവും, സ്റ്റണ്ടും, പ്രേമവും, “പഞ്ച് ഡയലോഗുകളുമായി” വിമര്‍ശകരുടെ ഭാഷയില്‍ കറുത്തവന്, പല്ലു പൊന്തിയവന്‍, ഘനഗംഭീരമായ ശബ്ദമില്ലാത്തവന്, “പേഴ്സണാലിറ്റി ഇല്ലാത്തവന്‍“ തുടങ്ങി “അവഹേളിക്കപ്പെടേണ്ട“ എല്ലാ വിധ ലക്ഷണ തികവുകളും ഒത്തിണങ്ങിയ ഈ ചെറുപ്പക്കാരന്‍ കണ്ടു ശീലിച്ച നായക സങ്കല്പങ്ങളെ തച്ചുടക്കുകയോ കുടഞ്ഞെറിയുകയോ ആണ് ചെയ്യുന്നത്. ഒപ്പം ആസ്വാധന ബോധം കലാ മൂല്യം തുടങ്ങിയ സങ്കല്പങ്ങളെ തിരുത്തിയെഴുതുക കൂടെയാണ് ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായ ഈ ചിത്രം.

സിനിമയുടെ സെറ്റു പോലും കണ്ടിട്ടില്ലാത്ത “സൌന്ദര്യമില്ലാത്ത” തന്റെ സിനിമ കാണുവാനും ആളുകള്‍ വരും, അതും കുടുംബ പ്രേക്ഷകര്‍ പോലും വരും എന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് ഉറപ്പിച്ച് പറയുമ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നവര്‍ അഭിനയിച്ചാലേ സിനിമ വിജയിക്കൂ എന്നെല്ല്ലാമുള്ള വ്യവസ്ഥാപിത സിനിമാ സങ്കല്പങ്ങളെ കണക്കിനു പരിഹസിക്കുകയും ചെയ്യുന്നു.

എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ സിനിമ എന്ന് അദ്ദേഹം പറയുമ്പോള്‍ ഇരുപത്തഞ്ചു വര്‍ഷം സംവിധാന രംഗത്തു നില്‍ക്കുന്ന കുടുംബ സംവിധായകന്റെതടക്കമുള്ള പുതിയ ചിത്രങ്ങളുമായി തന്റെ സൃഷ്ടിയെ താരതമ്യം ചെയ്യുവാന്‍ മലയാളിയെ വെല്ലുവിളിക്കുക തന്നെയാണ്. സ്നേഹവീടെന്ന ചിത്രവും അതിലെ ഗാനങ്ങളും ഒരുക്കിയത് പ്രശസ്തരും പരിചയ സമ്പന്നരുമാണ്. റഫീഖ് അഹമ്മദും – ഇളയരാജയും ചേര്‍ന്നൊരുക്കിയ ഗാനങ്ങളേയും ഈ രംഗത്തെ തുടക്കക്കാരനായ സന്തോഷ് പണ്ഡിറ്റ് രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ഇന്നു രാത്രി ശിവരാത്രി, അംഗനവാടി ടീച്ചറേ തുടങ്ങിയ ഗാനങ്ങളും തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് തീര്‍ച്ചയായും മലയാളി പ്രേക്ഷകന് ഒരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണ്. തിരക്കഥയുടേയും സംവിധാനത്തിന്റേയും കാര്യത്തില്‍ സമകാലികരും മുന്‍ നിരയില്‍ നില്‍ക്കുന്നവരുമായി ഇത്തരത്തില്‍ താരതമ്യം ചെയ്താല്‍ പലരുടേയും പോരായ്മകളെ അനായാസം തിരിച്ചറിയുവാന്‍ പ്രേക്ഷകനാകും. സെവന്‍സ് പോലെ ഉള്ള തിരക്കഥകളെ കൃഷ്ണനും രാധയുമെന്ന ചിത്രത്തിന്റെ തിരക്കഥയുമായി ഒരു ചേര്‍ത്തു നോക്കുന്നത് രസാവഹമാകും. മുന്‍‌കാലത്തുണ്ടാക്കിയ സല്പേരിന്റേയും നല്ല സൃഷ്ടികളുടേയും ബലത്തില്‍ മാധ്യമങ്ങളുടെ പിന്തുണയോടെ കൃത്രിമമായി കെട്ടിയുയര്‍ത്തിയ പളപള തിളങ്ങുന്ന ചീട്ടു കൊട്ടാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു സന്തോഷ് കെട്ടിയുയര്‍ത്തിയ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമില്ലാത്ത ചാണകം മെഴുകിയ ഈ കൊച്ചു വീട്. കോടികള്‍ ചിലവിട്ട് വന്‍ സന്നാഹങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച ചൈനാ ടൌണുകളും, തേജാഭായിമാരിലും, സ്നേഹവീടന്മാരിലുമെല്ലാം ഈ ചെറുപ്പക്കാരന്റെ ചിത്രം എയ്തു വിടുന്ന മൂര്‍ച്ചയേറിയ പരിഹാസ ശരങ്ങള്‍ ചെന്നു പതിക്കുകയാണ്.

മലയാള സിനിമയിലെ താര രാജാക്കന്മാരും സംവിധായക തിരക്കഥാ സംഗീത സംവിധായക ശിങ്കങ്ങളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ചുവരെഴുത്താണ് ഈ ചിത്രം. സന്തോഷ് പണ്ഡിറ്റിന്റെ ഈ സംരംഭത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഇവര്‍ക്കൊക്കെ അധിക ദൂരം മുന്നോട്ടു പോകുവാന്‍ ആകും എന്ന് തോന്നുന്നില്ല. തിയേറ്ററുകളില്‍ നിറയുന്ന ഈ തെറി വിളികളില്‍ ലജ്ജിക്കേണ്ടത് സന്തോഷ് പണ്ഡിറ്റല്ല, മറിച്ച് അനുഭവത്തിന്റേയും അറിവിന്റെയും ധാരാളിത്തമുണ്ടെങ്കിലും നിലവാരമില്ലാത്ത ചിത്രങ്ങളുമായി മലയാളികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന അന്തിക്കാടന്മാരും, ജോഷീസും, കൈലാസന്മാരും, ജയരാജന്മാരും, ഉണ്ണികൃഷ്ണന്മാരും, സിബീസുമൊക്കെ തന്നെ അല്ലേ? തെറി വിളികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് സൃഷ്ടിക്കപ്പെടുന്ന വിമത സിനിമകള്‍ ഇനിയും ഉണ്ടാകാം. തങ്ങളുടെ നിലവാരമില്ലാത്ത സൃഷ്ടികള്‍ തിരസ്കരിക്കപ്പെടുമ്പോള്‍ ഇത്തരം സിനിമകളുടെ ശീര്‍ഷാസനക്കാഴ്ചകള്‍ക്കായി ഇനിയും ധാരാളം മലയാളി പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് പോകുവാന്‍ തയ്യാറാകും എന്നു കൂടെ ഇക്കൂട്ടര്‍ ഓര്‍ക്കുന്നതും നന്ന്.

പേര് നല്‍കാന്‍ തയ്യാറാകാത്ത ഒരു ആസ്വാദകന്‍

- ഡെസ്ക്

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

വേട്ടയാടുന്ന ദൃശ്യങ്ങള്‍

September 23rd, 2011

rafi-chettuwa-elephant-killing-mahout-epathram

അപൂര്‍വ്വമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത്‌ മറ്റു പല പ്രോഫഷണല്‍ ഫോട്ടോഗ്രാഫറുടേയും പോലെ എന്റെയും സ്വപ്നമാണ്‌. ആകസ്മികതയാണ്‌ ഈ
പ്രോഫഷന്റെ ഏറ്റവും വലിയ അനുഗ്രഹവും ശാപവും എന്നു വേണമെങ്കില്‍ പറയാം. ദുരന്തങ്ങള്‍ പോലും ഒരു ഫോട്ടോ ഗ്രാഫറെ സംബന്ധിച്‌ തന്റെ പ്രോഫഷണലിസം പ്രകടിപ്പിക്കുവാന്‍ പറ്റിയ അവസരമായി മാറുന്നു. താനെടുക്കുന്ന ചിത്രങ്ങളുടെ പ്രശസ്തിയും പ്രചാരവുമാണ്‌ എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നത്‌. ഒരു പ്രോഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ ഞാനെടുത്ത ചിത്രങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലോകത്തെമ്പാടും പ്രചരിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ രണ്ടു കാരണങ്ങളാല്‍ ഞാന്‍ നിരാശനും. ഒന്ന് ആ ചിത്രത്തില്‍ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യം ആണെന്നതും മറ്റൊന്ന് ഒരു ഫൊഫഷണല്‍ എന്ന നിലയില്‍ ഫോട്ടോയെടുത്ത എനിക്കല്ല, മറിച്ച്‌ മറ്റു പലര്‍ക്കുമാണ്‌ അതിന്റെ ക്രെഡിറ്റ്‌ പോകുന്നത്‌ എന്നതും.

rafi-chettuwa-epathram

ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായി മാറിയത്‌ അവിടെ നടന്ന ദുരന്തം പകര്‍ത്തിയതിലൂടെയാണ്‌. ചേറ്റുവക്കാരെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസങ്ങളാണ്‌ ചന്ദനക്കുടം നടക്കുന്ന സമയം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഒത്തു കൂടും. ചേറ്റുവയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ആനകളുടെ പ്രദര്‍ശനവും ഗംഭീരമായ ശിങ്കാരി മേളവും കുടമാറ്റവും കാവടിയും ഉണ്ടാകും. ഞങ്ങളുടെ സ്റ്റുഡിയോക്കാണ്‌ ഔദ്യോഗികമായി പ്രോഗ്രാം കവര്‍ ചെയ്യുവാന്‍ ഉള്ള ഉത്തരവാദിത്വം എങ്കിലും ഈ ആഘോഷത്തിനിടയില്‍ ക്യാമറയുമായി നടന്നാല്‍ അതില്‍ മുഴുകുവാനോ ആസ്വദിക്കാനോ ആകില്ല എന്നതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. എങ്കിലും സുഹൃത്തുക്കളില്‍ ചിലര്‍ ആനപ്പുറത്ത്‌ കയറുന്നത്‌ പകര്‍ത്തുവാന്‍ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി ക്യാമറ കയ്യില്‍ വച്ചു. ആയിരക്കണക്കിനു ആളുകള്‍ തിങ്ങി നിറഞ്ഞ സ്കൂള്‍ കോമ്പൗണ്ടില്‍ ആനകളെ ഒറ്റ വരിയായി നിരത്തി നിര്‍ത്തിയിരുന്നു. ശിങ്കാരിമേളം അതിന്റെ ദ്രുത താളത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അതിനനുസരിച്ച്‌ കാവടിക്കാരും മേളക്കാരും ആസ്വാദകരും ഒരേ സമയം ആവേശത്തോടെ ചുവടു വെച്ചു.

കുട്ടിക്കാലം തൊട്ടേ ആനകളെ ഏറേ ഇഷ്ടപ്പെടുന്ന ഞാന്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ അവയെ ക്യാമറയില്‍ പകര്‍ത്താറുണ്ട്‌. തിരക്കിനിടയിലൂടെ ഞാന്‍ ക്യാമറയുമായി ആനകള്‍ക്ക്‌ തൊട്ടു മുമ്പിലെത്തി. ഏതാനും സ്നാപുകള്‍ എടുത്തു. സുഹൃത്തുക്കള്‍ ആനപ്പുറത്തിരുന്ന് കൈ വീശി കാണിച്ചു. കൂടുതല്‍ ഫോട്ടോകള്‍ എടുക്കുവാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടയില്‍ കിഴക്കു ഭാഗത്തു നിന്നിരുന്ന ഒരാന ചെറിയ പ്രശനങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയെങ്കിലും അതത്ര കര്യമാക്കിയില്ല. ഉത്സവങ്ങള്‍ക്കിടയില്‍ ചില ആനകള്‍ ഇത്തരത്തില്‍ ചില തലയാട്ടലുകള്‍ ഒക്കെ നടത്തുക പതിവാണ്‌. ഞാന്‍ അതു കാര്യമാക്കാതെ ക്യാമറയിലൂടെ പുതിയ ഷോട്ടുകള്‍ പകര്‍ത്തി ക്കൊണ്ടിരുന്നു. ആളുകള്‍ ചെറിയ തോതില്‍ പരിഭ്രമിച്ചെങ്കിലും കുഴപ്പം ഒന്നും ഇല്ലെന്നും ശാന്തരായി ഇരിക്കുവാനും മൈക്കിലൂടെ അറിയിപ്പ്‌ നടത്തുന്നുണ്ടായിരുന്നു.

പെട്ടെന്നാണ്‌ ആഘോഷത്തെയും ആഹ്ലാദത്തേയും പിടിച്ചു നിര്‍ത്തിക്കൊണ്ട്‌ എന്റെ തൊട്ടു മുമ്പില്‍ നിന്നിരുന്ന വെട്ടത്ത്‌ വിനയന്‍ എന്ന ആന തന്റെ പുറത്തിരുന്നവരെ കുടഞ്ഞിടുവാന്‍ തുടങ്ങിയത്‌. നാലു പേരില്‍ മൂന്നു പേര്‍ പിടഞ്ഞെഴുന്നേറ്റ്‌ ഓടി രക്ഷപ്പെട്ടു. സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ ആനയുടെ മുന്‍ കാലുകള്‍ക്ക് അരികില്‍ വീണു. ആന അവനെ കുത്തുവാനായി തപ്പിക്കൊണ്ടിരുന്നു. പല തവണ ആന കുത്തിയെങ്കിലും സുബൈര്‍ ഉരുണ്ടു മാറിക്കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഒരു കുട മറവ്‌ സൃഷ്ടിച്ചത്‌ അവന്റെ ഭാഗ്യമായി. വല്ലാത്തൊരു വാശിയോടെ ആന സുബൈറിനെ കുത്തുവാനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയം തൊട്ടടുത്ത്‌ നിന്ന് ക്യാമറയുടെ ലെന്‍സിലൂടെ നോക്കിയപ്പോള്‍ എന്തോ എനിക്കപ്പോള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുവാനാണ്‌ തോന്നിയത്‌.

“ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് സുബൈറിനോട്‌ പാപ്പാന്‍ ഉണ്ണി പറയുന്നത്‌ എനിക്ക്‌ കേള്‍ക്കാം. അയാള്‍ കൊമ്പില്‍ കയറി തൂങ്ങി ആനയെ ഉടക്കി നിര്‍ത്തുവാന്‍ നോക്കി. പക്ഷെ അയാളുടെ ശ്രമങ്ങളില്‍ ഒന്നും ആന അടങ്ങിയില്ല. 10 മിനിട്ടോളം ആനയുടെ കാലിനിടയില്‍ സുബൈര്‍ കിടന്നുരുണ്ടു കാണും.

rafi-elephant-photo-epathram

എനിക്കു ചുറ്റും ചിതറിയോടുന്ന ജനക്കൂട്ടം. ഒപ്പം ഉണ്ടായിരുന്ന ആനകളെ അതിവേഗം സംഭവ സ്ഥലത്തു നിന്നും നീക്കുവാനായി പാപ്പാന്മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. വിനയനും പാപ്പാനും സുബൈറും എന്റെ തൊട്ടു മുമ്പില്‍. ആന തൊട്ടടുത്തെത്തിയതും ഞാന്‍ പുറകിലേക്ക്‌ ഓടി മാറി. ഇതിനിടയില്‍ മറ്റൊരാനയുടെ വയര്‍ എന്റെ ശരീരത്തില്‍ ഉരഞ്ഞു ഞാന്‍ താഴെ വീണു. ക്യാമറ തെറിച്ച്‌ മണ്ണില്‍ വീണു. എങ്കിലും ഞാന്‍ പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നു. സുബൈറിനെ രക്ഷിക്കുവാന്‍ ആനയുടെ ശ്രദ്ധ തിരിക്കുവാന്‍ ചിലര്‍ അവിടെ കിടന്നിരുന്ന കവുങ്ങിനെ വലിയ പത്തലുകള്‍ കൊണ്ട്‌ അടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സുബൈറിനെ കിട്ടാത്തതിനാല്‍ കലിയടങ്ങാത്ത ആന പാപ്പാന്‍ ഉണ്ണിയെ കൊമ്പില്‍ കോരിയെടുത്ത് എറിഞ്ഞു. പിന്നെ അയാളെ കാലു കൊണ്ട്‌ ചവിട്ടി. തൊട്ടു മുമ്പില്‍ ഒരു മനുഷ്യന്‍ ആനയുടെ പരാക്രമത്തില്‍ ജീവന്‍ വെടിയുന്നത്‌ എന്തോ എനിക്കപ്പോള്‍ ഫീല്‍ ചെയ്തില്ല. ഞാന്‍ ക്യാമറ ക്ലിക്ക്‌ ചെയ്തു കൊണ്ടേയിരുന്നു.

സങ്കല്‍പ്പിക്കുവന്‍ പോലും കഴിയാത്ത ദൃശ്യങ്ങള്‍ക്കാണ്‌ പിന്നെ സാക്ഷിയാകേണ്ടി വന്നത്‌. ജീവരക്ഷാര്‍ത്ഥം ഓടിയ പാപ്പാന്മാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരാന (രഘുറാം ആണെന്ന് തോന്നുന്നു) ഈ സമയം ഗ്രൗണ്ടിന്റെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ വിനയന്‍ പുറകില്‍ നിന്നും കുത്തി മറിച്ചിട്ടു. വീണു കിടന്ന ആനയെ വീണ്ടും കുത്തി. എഴുന്നേല്‍ക്കുവാന്‍ അനുവദിക്കാതെ അവനെ കുത്തി സ്കൂളിന്റെ വരാന്തയിലേക്ക്‌ കയറ്റി. ഇതിനിടയില്‍ പാപ്പാനെ ആളുകള്‍ ആശുപത്രിയിലേക്ക്‌ കോണ്ടു പോയെങ്കിലും അയാള്‍ മരിച്ചിരുന്നു.

ആനയെ സ്കൂള്‍ വരാന്തയിലേക്ക്‌ കുത്തിക്കയറ്റിയ ശേഷം വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങിയ വിനയന്റെ സംഹാര താണ്ടവത്തിനാണ്‌ അന്ന് ചേറ്റുവ സാക്ഷ്യം വഹിച്ചത്‌. മരങ്ങള്‍ കടപുഴക്കി എറിഞ്ഞും, സൈക്കിളുകള്‍ ഉള്‍പ്പെടെ ചില വാഹനങ്ങള്‍ തകര്‍ത്തും, ഇടയ്ക്ക്‌ മറ്റേ ആനയെ ഉപദ്രവിക്കാന്‍ ശ്രമിച്ചും രാത്രി എട്ടു മണി വരെ അവന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ തന്റെ കലിയാട്ടം നടത്തി. അതെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ടിരുന്നു.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ അതെന്റെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ആനയുടെ കാലിനും കൊമ്പിനുമിടയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട സുബൈറിനെ മാധ്യമങ്ങള്‍ വളഞ്ഞു. എന്റെ ചിത്രങ്ങള്‍ പല പ്രമുഖ മാധ്യമങ്ങളിലും വന്നു. പേരും മറ്റു വിവരങ്ങളും നല്‍കിയെങ്കിലും പ്രമുഖരായ ചില മാധ്യമങ്ങള്‍ അതു പക്ഷെ നല്‍കിയില്ല. ഇന്ത്യാ ടുഡേ കവര്‍ പേജായി തന്നെ ഞാന്‍ എടുത്ത ഫോട്ടോ പ്രസിദ്ധീകരിച്ചു. അവര്‍ മാത്രം പ്രതിഫലവും നല്‍കി.

എന്റെ അനുമതിയില്ലാതെ പലരുടേയും പേരില്‍ പലയിടങ്ങളിലായി ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ വരെ ഒരു പ്രമുഖ മലയാളം വാരികയില്‍ ആനകളുമായി ബന്ധപ്പെട്ട ഒരു ഫീച്ചറില്‍ മറ്റൊരു പേരില്‍ ആ ചിത്രം ഞാന്‍ കണ്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവത്തെ പെരുപ്പിച്ചു കാട്ടി ആനകളെ ഉത്സവങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വിലക്കുവാനായി ചിലര്‍ ഈ ചിത്രങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതും ദുഃഖകരമാണ്‌. എന്റെ ചിത്രങ്ങള്‍ ആനകളെ ഉത്സവങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കരുതെന്ന് എനിക്ക്‌ ആഗ്രഹമുണ്ട്‌.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ പലയിടങ്ങളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍ കറുത്തു മെലിഞ്ഞ ആ മനുഷ്യനെ മരണത്തിലേക്ക്‌ ആനയെടുത്തെറിയുന്ന ആ ദൃശ്യങ്ങള്‍ അന്നു മുതല്‍ എന്നെ വേട്ടയാടുവാന്‍ തുടങ്ങി എന്നതാണ്‌ യാഥാര്‍ത്ഥ്യം. രക്ഷപ്പെടുവാന്‍ ആവുമായിരുന്നിട്ടും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുവാനായി “ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് പറഞ്ഞ്‌ ആനയുടെ കൊമ്പില്‍ തൂങ്ങിയ ഉണ്ണിയെന്ന മനുഷ്യനെ രക്ഷപ്പെടുത്തുവാന്‍ എന്തേ ശ്രമിച്ചില്ല എന്ന് ഒരു മനസ്സാക്ഷിക്കുത്ത്‌. ആ ചിത്രങ്ങള്‍ ഇന്ന് കാണുമ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാകുന്നു. ആ സമയത്ത്‌ ഞാന്‍ എന്തു കൊണ്ട്‌ അവിടെ നിന്നും ഓടി രക്ഷപ്പെട്ടില്ല എന്നും ഇടയ്ക്ക്‌ ചിന്തിക്കാറുണ്ട്‌.

ഇന്നിപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സമയത്തെടുത്ത റിസ്ക്‌ എത്ര വലുതാണെന്ന് മനസ്സിലാകുന്നു. നോര്‍മല്‍ ലെന്‍സായതിനാല്‍ തൊട്ടടുത്ത്‌ നിന്നായിരുന്നു അത്‌ പകര്‍ത്തിയത്‌. കലിയടങ്ങാതെ കൊലവിളിയുമായി നടക്കുന്ന ആനയുടെ കൈപ്പാടകലെ നിന്നാണ്‌ അത്രയും ദൃശ്യങ്ങള്‍ എടുത്തത്‌. അത്തരം ചിത്രങ്ങള്‍ എടുക്കുവാന്‍ പല റിസ്കുകളൂം ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കാറുണ്ട്‌. മഴയുടേ രൗദ്ര ഭാവം പകര്‍ത്തുവാന്‍ പോയ വിക്ടര്‍ ജോര്‍ജ്ജ്‌ എന്ന അതുല്യനായ ഫോട്ടോഗ്രാഫര്‍ അകാലത്തില്‍ പൊലിഞ്ഞു പൊയത്‌ അപൂര്‍വ്വമായ ചിത്രങ്ങള്‍ എടുക്കുവാന്‍ ഉള്ള ശ്രമത്തിനിടയിലായിരുന്നു.

ടെക്സ്റ്റ്‌ & ഫോട്ടോ:റാഫി ചേറ്റുവ
ലേഖനം അയച്ചത്: എസ്. കുമാര്‍
(ആനക്കാര്യം എന്ന വെബ്സൈറ്റില്‍ മെയ്‌ 17, 2011 ന് പ്രസിദ്ധീകരിച്ചത്)

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പോന്നോണം വരവായി… പൂവിളിയുമായി

September 7th, 2011

onam-pookkalam-epathram

മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു. പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയുമില്ലാത്ത, മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്, പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം.

ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണ സങ്കല്‍പ്പമിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.

കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. ചോര നീരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും, കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങമാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ നിറഞ്ഞിരുന്ന നെല്ലും, തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും, മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.

വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിനും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍ കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിനാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപാര സമുച്ചയങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകന്റെ കണ്ണുമായി ഭൂമാഫിയ സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും റോന്ത് ചുറ്റുകയാണ്.

നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.

ഓണക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും, പുല്‍ച്ചെടികളും, മലയാള നാടിന്റെ മുഖം മാത്രമല്ല, മലയാളികളുടെ മനസും പ്രസന്നമാക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞു വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിതയായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.

ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന്‍ മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.

കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്. ഓഫറുകളും സൗജന്യങ്ങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണി ഒരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യ വരെ തയ്യാര്‍ ചെയ്തു കൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്. ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രാമായി മാറിയിരിക്കുന്നു.

ഓണത്തിന്റെ വര്‍ണ്ണ പൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങ്ങളും. ഓണനാടും ആകെ ഇന്ന് മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.

വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്. സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു. വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാ മതങ്ങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങ്ങളുണ്ടാക്കാന്‍ വര്‍ഗ്ഗീയ വാദികളും മത തീവ്രവാദികളും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഗ്ഗീയതയും മത തീവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.

കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.

വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിനു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധ സദനങ്ങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, സ്വന്തം ചോരയില്‍ പിറന്ന പെണ്‍മക്കളെ പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെയും വൃദ്ധകളെയും പോലും ലൈഗിക പീഡനത്തിന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കടക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്‍, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്? നിസ്സഹായരായ മനുഷ്യരുടെ ദീനരോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനീയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ – ക്രിമിനല്‍ മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങ്ങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു. നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണ്.

ഇതിനെല്ലാം അറുതി വരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ? നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?

മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്.

സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു. വിഭാഗീയത, ജാതി – മത ചേരി തിരിവുകള്‍, സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ്, അഴിമതി, അക്രമങ്ങള്‍, വര്‍ഗ്ഗീയത, തീവ്രവാദം തുടങ്ങി മനുഷ്യ രാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറി ഏറി വരുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷിക സമൃദ്ധിയിലേക്ക് മനസ്സു കൊണ്ടെങ്കിലും മടങ്ങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണ്.

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ദൂരം = യു. ഡി. എഫ്.

May 11th, 2011

samadooram-epathram

ഇത്തവണ കാര്യമങ്ങ് തൊറന്ന് പറഞ്ഞപ്പോ എന്താ ഇത്ര പൊള്ളല്? അല്ലേലും ഈ സമദൂരമെന്നത് സമമല്ലെന്ന് ഏത് കണ്ണുപൊട്ടനാ അറിയാത്തത്? അല്ലേലും ഈ തറവാടിത്ത മുള്ളോര്‍ക്കൊന്നും സമദൂരം നടക്കൂല. അതും ഇതു പോലൊരു അമ്മാവന്‍ ഇനീം കേരളം ഭരിച്ചാലുള്ള സ്ഥിതിയൊന്ന് ഓര്‍ക്കാനേ വയ്യ. ഈ കരേലും അടുത്ത കരേലും നിക്കാനൊക്കൂല. ഇത് കരയോഗ ത്തിലൊന്നു തുറന്നു പറഞ്ഞു. അച്ചുമ്മാനിട്ട് ഒരു കൊട്ടും കൊടുത്തു. ഞങ്ങളെ പ്രിയ പിള്ളയെ ജയിലീ പറഞ്ഞയച്ചയാളെ ഒരുത്തനെന്നല്ലാതെ എന്തു വിളിക്കും? ബാക്കി പറഞ്ഞതൊക്കെ അപ്പാടെ ശരിയാണെന്ന് ചെന്നിത്തലേം ചാണ്ടീം പറഞ്ഞല്ലോ. ഭാ‍ഗ്യത്തിന് യുഡീഎഫുകാരൊന്നും കാലു വാരീല്ല. എല്ലാരും ഒപ്പം കൂടി ഇനി ചെന്നിത്തല ആ കസേരേലൊന്ന് ഇരുന്നു കണ്ടാല്‍ സര്‍വ്വ നായന്മാര്‍ക്കും അശ്വാസമായെന്നാ വിചാരം. മാഷെ, അതിന് സര്‍വ്വ നായന്മാരും ഇങ്ങേരുടെ തീട്ടൂരം കേള്‍ക്കുന്ന വരാണെന്നാ വെപ്പ്. മൂര്‍ഖന്റെ വിഷമേറ്റയാളെ ആശുപത്രീലോട്ട് കൊണ്ട്പോകുന്നവരെ ചൂണ്ടി ഞങ്ങളോട് കളിച്ചാല്‍ ഇതു പോലിരിക്കുമെന്ന നീര്‍ക്കോലിയുടെ സ്ഥാനമേ തനിക്കുള്ളൂവെന്ന് ഇതിയാനെന്നാണ് മനസിലാക്കുക?

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? ഈ തരം ജാതികളൊന്നും ഹജൂര്‍ കച്ചേരി കേറ്റിയിരുത്താന്‍ കൊള്ളില്ലന്നേ. അതിനൊക്കെ കൊറച്ച് തറവാടിത്തം വേണ്ടേ.? ഇതൊക്കെയാണ് ഈ മൂപ്പിലാന് പറയാനുള്ളത്. അതിനീ ജാതിക്കറ പുരട്ടിയ വാക്കെറിഞ്ഞ് ഞമ്മളെ തള്ളലോണ്ടാ യുഡീഎഫ് കേറീന്നൊരു പേര് കിട്ടണം. പോയാ ഒരു വാക്ക്, കിട്ടിയാലോ എന്തൊക്കെ കച്ചോടം നടക്കനുള്ളതാ? പള്ളിക്കൂടത്തിന്റെ ബിസിനസൊക്കെ മെച്ചപ്പെടുത്താന്‍ ഒന്നുങ്കില്‍ യുഡീഫെന്നെ വരണംന്നേ… ഈ അച്ചുമ്മാന്‍ തിന്നേംല്ല, തീറ്റിക്കേംല്ല.

ഇത്തരത്തിലുള്ള എട്ടുകാലി മമ്മൂഞ്ഞുമാരെ സഹിക്കാന്‍ ചെന്നിത്തലക്കല്ലാതെ മറ്റാര്‍ക്ക് പറ്റും? അതല്ലെ വാ തുറന്ന് ആവശ്യമില്ലാത്തത് വിളമ്പിയതിനെ അനുകൂലിച്ചു കൊണ്ട് കര യോഗത്തിലേക്ക് ചെന്നിത്തല ഓടിക്കേറീത്. ബാലകൃഷ്ണപ്പിള്ള ജയിലീ കെടന്ന് ഗോതമ്പുണ്ട തിന്നുന്നത് കരയോഗക്കാര്‍ക്ക് എങ്ങനെ സഹിക്കാനാ, കട്ടിട്ടാണെങ്കിലും കെടക്കണത് ജയിലിലല്ലെ അതും ഒന്നാം നമ്പര്‍ മാടമ്പി നായര്.

പിന്‍മൊഴി:

  1. ഇനിയും എന്‍. എസ്. എസിനെ ദ്രോഹിച്ചാല്‍ എല്‍. ഡി. എഫ്. പഠിക്കും – ജി. സുകുമാരന്‍ നായര്‍.
  2. എന്‍. എസ്. എസില്‍ രണ്ടു തരം നേതാക്കള്‍ ഉണ്ടെന്നും, ഒന്ന് നല്ലവരും മറ്റത് പിള്ളയെ പോലുള്ളവരും. ഇയാള്‍ രണ്ടാമത്തേതില്‍ പെടും – വി. എസ്.
  3. പത്താം ക്ലാസും ഗുസ്തീം കയ്യിലുള്ള ഈ നായര്‍ക്ക് എവിട്ന്ന് സംസ്കാരമുണ്ടാകാനാ? – വെള്ളാപിള്ളി

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

1 of 1712310»|

« Previous « അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
Next Page » പോന്നോണം വരവായി… പൂവിളിയുമായി »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine