അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം

April 18th, 2011

news-slanders-epathram

കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്‍ തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന വര്‍ക്കെതിരെ കുരക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍.

അഴിമതിക്കാര്‍ക്കും അവരുടെ ദല്ലാളര്‍മാര്‍ക്കും പെണ്‍ ‌വാണിഭ ക്കാര്‍ക്കും എതിരെ സഃ വി. എസ്. നടത്തുന്ന ശക്തമായ പോരാട്ടം ചില പത്ര പ്രവര്‍ത്തകര്‍ക്ക് അത്ര രസിക്കുന്നില്ല. ചിലരൊന്നും അത് തുറന്ന് പറയാറില്ല. മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാറാണു പതിവ്. എന്നാല്‍ അഴിമതിക്കാര്‍ക്കും പെണ്‍‌ വാണിഭക്കാര്‍ക്കും എതിരെ ജന പിന്തുണ ആര്‍ജ്ജിച്ച ഈ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കുന്ന സഃ വി. എസിനെ കോമാളിയെന്ന് വിളിക്കാനും അസഭ്യം പറയാനും ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പരസ്യമായി രംഗത്ത് വന്നത് ശ്രോതാക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുന്നു .

ഗള്‍ഫില്‍ ദുബായിലെ GOLD FM 101.3 തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഒരു പ്രമുഖ പത്രത്തിലെ കോണ്‍ഗ്രസ്സുകാരനായ പത്ര പ്രവര്ത്തകനാണ് സഃ വി. എസ്. അച്ചുതാനന്ദനെ കോമളിയെന്നും മറ്റ് പദ പ്രയോഗങളും നടത്തി അധിക്ഷേപിച്ചത്.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭ ക്കാര്‍ക്കും എതിരെ സഃ അച്ചുതാനന്ദന്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് അവരെ അനുകൂലിക്കുന്നവരെ ശരിക്കും അങ്കലാപ്പി ലാക്കിയിരിക്കുന്നു. അതു കൊണ്ടു തന്നെയാണു സഃ വി. എസിനെ വ്യക്തിപരമായി അപമാനിക്കാന്‍ ഇവര്‍ തയ്യാറായിരിക്കുന്നത്. കേരളത്തിന്റെ മണ്ണും പെണ്ണിന്റെ മാനവും കാക്കാന്‍, അഴിമതിക്കാരെ കല്തുറുങ്കില്‍ അടക്കാന്‍ ചങ്കുറ്റം കാണിക്കുന്ന അഴിമതിയുടെ കറ പുരളാത്ത അഴിമതി വിരുദ്ധനായ ഭരണാധികാരിയെ പിന്തുണക്കാനുമാണു രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും തയ്യാറാകേണ്ടത്. എന്നാല്‍ കോണ്ഗ്രസ്സും അവരെ അനുകൂലിക്കുന്നവരും അതിന്ന് തയ്യാറായില്ലായെന്ന് മാത്രമല്ല കിട്ടുന്ന സന്ദര്ഭങള്‍ അദ്ദേഹത്തിന്നെതിരെ അപവാദ പ്രചരണങള്‍ നടത്താന്‍ തയ്യാറാകുന്നു. രാഷ്ട്രീയത്തില്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങള്‍ നടത്തുന്നവരെ മഹാ അപരാധികളായി കാണുകയും എല്ലാ വിധ തട്ടിപ്പും വെട്ടിപ്പും അഴിമതിയും പെണ്‍‌വാണിഭ മടക്കമുള്ള ദുഷ്‌പ്രവര്‍ത്തികള്‍ നടത്തി നാടിന്ന് അപമാനമായി തീരുന്നവരെ അനുകൂലിക്കാനും അവരെ പാടി പുകഴ്ത്താനും ചിലര്‍ തയ്യാറാകുന്നുവെന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണേണ്ടിയിരിക്കുന്നു.

സിന്ധു ജോയിയെ അച്ചുതാനന്ദന്‍ ‘ഒരുത്തി’ യെന്ന് വിളിച്ചുവെന്ന് പറഞ്ഞ് രോഷം കൊണ്ട, അതിന്നെതിരെ ശക്തമായി പ്രതികരിച്ച പല പത്ര പ്രവര്‍ത്തക മാന്യമാരും ചര്‍ച്ച ചെയ്യുന്ന പാനലില്‍ ഉണ്ടായിട്ടും ഇതിന്നെതിരെ ഒരക്ഷരം മിണ്ടിയില്ലായെന്നത് ശ്രദ്ധേയമാണു. അവതാരകന്‍ പോലും മൗനം പാലിച്ചു.

അധികാരവും പദവിയും ഉപയോഗിച്ച് പൊതു മുതല്‍ കട്ടു തിന്നവര്‍ക്കും പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികതക്കും പെണ്‍‌ വാണിഭത്തിന്നും ഇരയാക്കുന്ന വര്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലായെന്ന അച്ചുതാനന്ദന്റെ പ്രഖ്യാപനവും പ്രവര്‍ത്തനവും പ്രചരണവുമാണു ഈ പത്ര പ്രവത്തകനെ പ്രകോപിച്ചത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേന്ദ്രത്തില്‍ ഇന്നും യു. ഡി. എഫ്. ഭരിച്ചിരുന്ന കാലത്ത് കേരളത്തിലും അഴിമതിയായിരുന്നു മികച്ച് നിന്നത്. അഴിമതി നടത്താത്തവരായി ഒരു മന്ത്രി പോലും ആ മന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അഴിമതിക്കാരും പെണ്‍‌ വാണിഭക്കാരും അടങുന്ന മന്ത്രിമാരെ വെച്ച് ഭരണം നടത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഇതിനെ പറ്റിയൊന്നും പറയാന്‍ ഒട്ടും അര്‍ഹതയുമില്ല. ഇതില്‍ നിന്ന് പങ്ക് പറ്റുന്നവര്‍ക്ക് അത് കിട്ടാതെയിരുന്നാല്‍ കോപം വരുകയെന്നത് സ്വഭാവികമാണു. എന്നു വെച്ച് അഴിമതി വിരുദ്ധ പെണ്‍‌ വാണിഭ വിരുദ്ധ പ്രസ്ഥാനത്തിന്ന് നേതൃത്വം കൊടുക്കുന്ന മഹല്‍ വ്യക്തിത്വങളെ അപമാനിക്കാന്‍ ശകാര വര്‍ഷം നടത്തുന്നത് നെറികേടിന്റെ അടയാളമാണു.

അഴിമതിയിലും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള നീച പ്രവര്‍ത്തനങളും നടത്തി ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയും ഇതൊക്കെയല്ലെ നിങള്‍ ചെയ്തതെന്നും ഇനി ഭരണത്തില്‍ വന്നാലും ഇതില്‍ കൂടുതല്‍ എന്താണു നിങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ജനങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടി യു. ഡി. എഫ്. സ്വയം പ്രതിരോധ ത്തിലായി നില്‍ക്കുമ്പോള്‍ അവരുടെ ഉപ്പിന്നും ചോറിന്നും വാലാട്ടി നില്‍ക്കുന്നവര്‍ക്ക് രോഷം ഉണ്ടാകുകയെന്നത് സ്വാഭാവികം. എന്നാല്‍ കേട്ടിരിക്കുന്നവര്‍ക്കോ???

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഃ വി. എസും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും കേരളത്തിന്റെ വികസനത്തിലും ജന ക്ഷേമ പ്രവര്‍ത്തനങള്‍ക്ക് മുന്‍‌ഗണന നല്‍കി കൊണ്ടും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും ശക്തമായ താക്കിതു നല്‍കി ക്കൊണ്ടും നടത്തിയ പ്രചരണം ജനങള്‍ ഏറ്റെടുക്കുകയും ജന വികാരം യു. ഡി. എഫിന്ന് എതിരാണെന്ന് അവര്‍ തിരിച്ചറിയും ചെയ്തതോടെ അക്രമത്തിലൂടെയും അപവാദങള്‍ പ്രചരിപ്പിച്ചും ശ്രദ്ധ നേടാനുള്ള ശ്രമങളാണു പിന്നിട് നടന്നത്. അതും പരാജയ പ്പെട്ടപ്പോഴാണു വി. എസിനെ വ്യക്തിപരമായി കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ്സ് ക്വട്ടേഷന്‍ സഘത്തെ ഏര്‍പ്പാട് ചെയ്തത്. മാധ്യമങളെ പണം കൊടുത്ത് വിലക്ക് വാങിയത്.

കേരളത്തില്‍ യു. ഡി. എഫ്. ടിക്കറ്റില്‍ മത്സരിക്കുന്ന അമ്പത്തിയഞ്ച് കോടിശ്വരന്മാരും അവര്‍ക്ക് ആവശ്യമുള്ള പണം വിദേശത്തു നിന്ന് തരപ്പെടുത്തി കൊടുക്കുന്ന ഏജന്റുമാരും (യു. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കായിരിക്കും പിന്നിട് കേരളം മുറിച്ച് വില്‍ക്കപ്പെടുക. കച്ചവടം ഉറപ്പിച്ചേ ഇവര്‍ പണം കൊടുക്കുകയുള്ളു) അഴിമതിയിലൂടെ കോണ്‍ഗ്രസ്സ് സമാഹരിച്ച കോടിക ളുമാണു കേരളത്തില്‍ ഈ ഇലക്ഷനില്‍ ഒഴുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ‘അഴിമതി രാജ് ‘ അല്ല എന്നാണ് ഇയ്യിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം വിളിച്ച് ആണയിട്ടത്. അഴിമതിയിലും കള്ളപ്പണ നിക്ഷേപത്തിലും ഇന്ത്യയെ ലോകത്തിന്റെ നെറുകെയില്‍ എത്തിച്ചു എന്നതാണ് കോഗ്രസ് രാജ്യത്തിന് നല്‍കിയ ‘വിലപ്പെട്ട’ സംഭാവന. ഈ അഴിമതിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവര്‍ വി. എസ്. ഉയര്‍ത്തിയ ശക്തമായ താക്കിതിന്നു മുന്നില്‍ പതറിപ്പോയി എന്നതാണു യഥാര്‍ത്ഥ്യം.

അഴിമതി ക്കെതിരായ പോരാട്ടത്തില്‍ പെണ്ണിന്റെ മാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇവര്‍ക്ക് വിടുവേല ചെയ്യുന്ന ദല്ലാളന്മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും. ദല്ലാളപ്പണി യെടുക്കുന്ന പത്ര പ്രവര്‍ത്ത കനാണെങ്കില്‍ പോലും.

സി. പി. ഐ. എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയും , കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരള രാഷ്ട്രിയ രംഗത്തും ദേശിയ രാഷ്ട്രിയത്തിലും ജ്വലിച്ചു നില്‍ക്കുകയും, അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭ ക്കാര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങളും നേടിയെടുക്കാന്‍ വിശ്രമ‌മില്ലാതെ പോരാടുകയും നേടിയെടുക്കുകയും ചെയ്തിട്ടുള്ള നേതാവാണു സഃ വി. എസ്. അച്ചുതാനന്ദന്‍. ബ്രിട്ടിഷ് മേല്‍ക്കോയ്മക്ക് എതിരെ സ്വതന്ത്ര സമര പോരാട്ടത്തില്‍ ജീവന്‍ പോലും തൃവല്‍ഗണിച്ചു കൊണ്ട് പോരാടിയിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ ധീര നായകനാണദ്ദേഹം. ഇദ്ദേഹത്തെ കോമാളിയെന്ന് വിളിച്ച് റേഡിയോ ചര്‍ച്ചയില്‍ അപമാനിക്കാനും അവമതിച്ചു കാണാനും ഒരു പത്ര പ്രവര്‍ത്തകന്‍ തയ്യാറായി എന്നത് അത്യന്തം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണു. ഇത്തരത്തിലുള്ള പത്ര പ്രവര്‍ത്തകര്‍ നാടിന്ന് തന്നെ അപമാനമാണു. അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കണം.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ »

വി. എസ്. തന്നെ താരം

April 12th, 2011

vs-achuthanandan-epathram

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ അവസാനിക്കുമ്പോള്‍ വരെ താരം താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ വി. എസ്. അച്യുതാനന്ദന്‍ തെളിയിച്ചു. മറ്റേതൊരു നേതാവിനേക്കാളും വി. എസ്സിനെ കാണുവാനായിരുന്നു ജനം ഇരമ്പി യെത്തിയത്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയതു മുതല്‍ യു. ഡി. എഫ്. ലക്ഷ്യം വച്ചതും വി. എസ്സിനെ തന്നെ. ആരോപണ പ്രത്യാരോപണ ങ്ങളുമായി രംഗം ചൂടു പിടിച്ചു. ഒടുവില്‍ കൊട്ടിക്കലാശ ദിനത്തില്‍ വി. എസ്സും കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും നേര്‍ക്കു നേരെന്ന മട്ടിലായി ആരോപണ പ്രത്യാരോപണങ്ങള്‍. അഞ്ചു വര്‍ഷം വികസനമൊന്നും ഉണ്ടായില്ലെന്നും കേരളത്തിലെ സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും ആന്റണി ആരോപിച്ചപ്പോള്‍ തിരിച്ച് 2ജി സ്പെക്ട്രം അഴിമതിയും, ആദര്‍ശ് ഫ്ലാറ്റ് ഇടപാടുമെല്ലാം ആന്റണിക്കെതിരെ വി. എസ്സ് തൊടുത്തു വിട്ടു.

പ്രധാന മന്ത്രി മന്‍‌മോഹന്‍ സിങ്ങും, സോണിയാ ഗാന്ധിയും, പ്രകാശ് കാരാട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിനെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്ക പ്പെട്ടില്ലെന്നാണ് വിലയിരുത്ത പ്പെടുന്നത്. മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്റെ പ്രായം സംബന്ധിച്ചുള്ള രാഹുല്‍‌ ഗാന്ധിയുടെ ചില പ്രസ്താവനകള്‍ക്ക് എല്‍. ഡി. എഫ്. നേതാക്കള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.

വികസനം, എന്‍ഡോസള്‍ഫാന്‍, തൊഴിലില്ലായ്മ, ആദിവാസികളുടേ അടക്കം ഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പലതും ചര്‍ച്ചയാകാതെ വിവാദങ്ങളിലേക്കും വ്യക്തി ഹത്യകളിലേക്കും ചുരുങ്ങി.

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി

April 11th, 2011

support-hazare-epathram

അഴിമതിക്ക് എതിരായ പോരാട്ടത്തില്‍ മന്‍മോഹന്‍ സര്‍ക്കാരിനെ മുട്ടു കുത്തിച്ച അണ്ണ ഹസാരെയുടെ നിരാഹാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനെതിരായ അടിയൊഴുക്കായി. ഇത് ജനവിധിയില്‍ പ്രതിഫലിക്കും.

നിരാഹാരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും, സമരം സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും യു. ഡി. എഫിനെതിരായ വോട്ടെഴുക്കിനുള്ള ചാലു കീറലായി.

ആദര്‍ശ്, 2ജി, കോമണ്‍ വെല്‍ത്ത് അഴിമതികള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നയിക്കുന്ന യു. പി. എ. സര്‍ക്കാരിനെതിരായ രോഷം കടുക്കുകയും, ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസ് പിന്നോട്ടടിക്കുകയുമാണ്. അഴിമതിക്കെതിരായ ഈ ജനകീയ വികാരം ഉള്‍ക്കൊണ്ടാണ് പഴയ പട്ടാള ഡ്രൈവറായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നിരാഹാരം തുടങ്ങിയത്. ഇതിനെ ആദ്യം അവഗണിക്കാനും അപഹസിക്കാനും കോണ്‍ഗ്രസും അവരുടെ ഭരണവും ശ്രമിച്ചു.

സമരം ഒത്തുതീര്‍ക്കാന്‍ കേരളത്തില്‍ നിന്നു മാത്രം മൂന്നു ലക്ഷം ഓണ്‍ലൈന്‍ സന്ദേശം പോയി. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ നവാഗത വോട്ടര്‍മാരടക്കമുള്ള യുവജനങ്ങളില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതിയില്‍ മനസ്സു മടുത്തെന്നാണ്. സംസ്ഥാനത്തെ രണ്ടു കോടി 30 ലക്ഷത്തോളം വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പുതു വോട്ടര്‍മാരാണ്. ഒന്നോ രണ്ടോ ലക്ഷം വോട്ടുകളില്‍ പോലും മാറ്റം വന്നാല്‍ സംസ്ഥാനത്ത് ഒരു മുന്നണിക്ക് ലഭിക്കുന്ന സീറ്റില്‍ നല്ല മാറ്റം സൃഷ്ടിക്കുന്ന സ്വഭാവമാണ് കേരളത്തിന്. ‘അഴിമതിക്കെതിരായ സമരം ഇന്ന് അവസാനിക്കുകയല്ല, തുടങ്ങുകയാണ്’ എന്നാണ് നിരാഹാരം അവസാനിപ്പിച്ച് ഹസാരെ പ്രഖ്യാപിച്ചത്. ഈ സമരത്തോടൊപ്പം നില്‍ക്കുന്ന മനസ്സുള്ള കേരളത്തിലെ നവാഗത വോട്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ളവരില്‍ നല്ലൊരു പങ്ക് എല്‍. ഡി. എഫിന് വോട്ടു ചെയ്തേക്കും.

ഹസാരെയുടെ സമരം കഴിഞ്ഞ നാലു നാളില്‍ സംസ്ഥാനത്തെ ബാലറ്റ് വിഷയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. സമരത്തിന് എല്‍. ഡി. എഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍, സി. പി. എ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെല്ലാം പൊതു യോഗങ്ങളില്‍ ഹസാരെയുടെ സമരം ഉയര്‍ത്തിയ തരംഗത്തെ പ്രോത്സാഹിപ്പിച്ചു.

കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയുടെ ഭീമാകാര വളര്‍ച്ചയാണ് കുറ്റമറ്റ ലോക്പാല്‍ ബില്‍ എന്ന ആവശ്യത്തിന് പ്രേരണയായത്. സമരം ഒത്തു തീര്‍ന്നെങ്കിലും കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യ മില്ലായ്മയാണ് മന്‍മോഹന്‍ സിങ്ങിന്റെയും രാഹുലിന്റെയും കേരള പര്യടനത്തില്‍ പൊതു യോഗങ്ങളിലെ ആള്‍ക്ഷാമത്തില്‍ തെളിയുന്നത്.

2ജി ഉള്‍പ്പെടെയുള്ള അഴിമതിയും അണ്ണ ഹസാരെയുടെ സമരവും വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണെന്ന് കേന്ദ്രത്തിന് വെള്ളിയാഴ്ച സമര്‍പ്പിച്ച കേന്ദ്ര ഇന്റലിജന്‍സിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. ഇത് യു. ഡി. എഫിന് പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നതായും എല്‍. ഡി. എഫ്. മേല്‍ക്കൈക്ക് ഇടയാക്കുന്നതായും ഐ. ബി. പറഞ്ഞതായി അറിയുന്നു. ഇപ്പോഴത്തെ ട്രെന്‍ഡില്‍ എല്‍. ഡി. എഫ്. അധികാരത്തില്‍ തുടരുമെന്നാണ് ഐ. ബി. യുടെ വിലയിരുത്തല്‍.

യു. ഡി. എഫിന്റെ വിജയ സാധ്യത നിരാകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ ഏതു വിധേനയും ജാതി – മത ശക്തികളെ സ്വാധീനിക്കാനും വോട്ട് വിലയ്ക്ക് വാങ്ങാന്‍ പണം ഒഴുക്കാനുമുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസും സംസ്ഥാനത്തെ യു. ഡി. എഫും.

പതിവില്ലാത്ത വിധം യു. ഡി. എഫ്. ഘടക കക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വകയായി കാല്‍ക്കോടി രൂപ വീതം നല്‍കുന്നു. ആദ്യ പടിയായി 10 ലക്ഷം രൂപ നല്‍കി. ഹെലികോപ്റ്റര്‍ വിവാദം, ഐസ്ക്രീം കേസു മുതല്‍ ടൈറ്റാനിയം അഴിമതി വരെയുള്ള വിഷയങ്ങളില്‍ പൊള്ളലേറ്റ യു. ഡി. എഫിനു മേല്‍ തെരഞ്ഞെടുപ്പിലെ വേനല്‍ച്ചൂടില്‍ പതിച്ച സൂര്യാഘാതമാണ് അണ്ണ ഹസാരെയുടെ സമരം.

പ്രശാന്ത്‌ കുമാര്‍

- ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗാന്ധിയന്മാരുടെ പറന്നു കളി

April 6th, 2011

helicopter-kerala-elections-epathram

ഒറ്റ മുണ്ടുടുത്ത ഒരു പാവം വൃദ്ധന്‍ വടിയും കുത്തി വേഗത്തില്‍ ഇന്ത്യ മുഴുവന്‍ നടന്നും പട്ടിണി കിടന്നും വെള്ളക്കാരുടെ ബൂട്ടിന്‍ ചവിട്ടേറ്റും ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തു. വെള്ളക്കാരെ കെട്ടു കെട്ടിച്ച ആ അര്‍ദ്ധ നഗ്നനായ ഫക്കീര്‍ ഇന്ന് ജീവിച്ചിരുന്നു എങ്കില്‍… ഓര്‍ക്കാനേ വയ്യ.

അഭിനവ ഗാന്ധിമാര്‍ക്ക് ഹെലികോപ്റ്റര്‍ നിര്‍ബന്ധം. നടക്കാന്‍ പോലുമാകാത്ത വിധം ഇന്ത്യ വികസിച്ചതിനാല്‍ വോട്ടര്‍മാരുടെ അടുത്തെത്താന്‍ പറക്കുകയല്ലാതെ വേറെയെന്ത് വഴി?

ഉത്തരേന്ത്യ യിലൊക്കെ ഇത് സാധാരണം മാത്രം. കേരളത്തില്‍ മാത്രം ദേ ആ പഴേ പടി. എന്നാ ഇവരൊക്കെ ഒന്നു മാറി ചിന്തിക്കുക… ഈ വികാരം തികച്ചും ന്യായം. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ അടിക്കാനും ഇതേ പോലൊരു സാധനം തന്നെ യാണ് ഉപയോഗിച്ച് പാവം ജനങ്ങളെ വിഷം തീറ്റിച്ചത്. അതൊക്കെ ആര്‍ക്ക് വേണം അല്ലെ… ഈ വോട്ടോട്ട ത്തിനിടയില്‍ ചിന്തിക്കാന്‍ പറ്റിയ കാര്യാണോ അത്. അതു കള. പ്രസിഡന്റല്ലോ… കേരളമാകെ പറക്കണ്ടായോ… ഇടക്കിടക്ക് ഹരിപ്പാടൊന്ന് ദര്‍ശനം നടത്തണ്ടായോ… അതു കൊണ്ടൊക്കയാ ഈ പറക്കണ കുന്ത്രാണ്ടം വേണംന്ന് വെച്ചത്. ഇപ്പൊ അതും പുലിവാലായി… എങ്ങനെയെങ്കിലും ഹജൂര്‍ കച്ചേരീലൊന്ന് മഹാരാജാവിന്റെ കസേര യിലിരിക്കാന്‍ സര്‍വ്വ നായന്മാരോടും ഗ്രൂപ്പന്മാരോടും തൊട്ടും തലോടിയും നിന്നു സഹകരിക്കണം. ആ കുഞ്ഞൂഞ്ഞച്ചായനെ ഒതുക്കണം. അതിന് പഴയ പാമോയില്‍ ഡബ്ബകള്‍ വീണ്ടും ഇറക്കണം. അങ്ങനേ ഒത്തിരി പണി കെടക്കുവാ… അതിനൊക്കെ പറക്കാന്‍ നമുക്ക് ചിറകില്ലാത്തതിനാല്‍ വേറെ എന്ത് വഴി… ഇതിനൊക്കെ ഇടയിലാ… ആ രാമചന്ദ്രന്‍ മാഷിന്റെ ചെല സത്യ പ്രസ്താവനകള്. സത്യം പറയാനും ചെല നേരോം കാലമൊക്കെയില്ലെ. അങ്ങേര് അതൊന്നും നോക്കുല്ല… വിളിച്ചങ്ങ് പറയും. പണ്ട് നടന്നതൊക്കെ… സീറ്റന്മാര് തക്കം പാര്‍ത്തിരിക്കുവാ സീറ്റ് കിട്ടാത്തതിനാല്‍. അവരെങ്ങാനും കേറി പണി തന്നാല്‍ ദൈവമേ… കക്ഷത്തുള്ളത് പോകേം ചെയ്തു ഉത്തരത്തുള്ളത് കിട്ടിയതുല്ലാന്ന് വരും. അതിലും ഭേദം… സ്വാഹ… കുനിഞ്ഞു നിന്നാല്‍ അങ്ങ് തലേ വരെ കേറണ കൂട്ടങ്ങളാ ഒപ്പമുള്ളത്… സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിലേ പണ്ട് ലീഡര്‍ക്ക് പറ്റിയ അബദ്ധം പിണയും. അങ്ങേര് ചെല കളിയൊക്കെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ ആശാന്റെ നെഞ്ചത്ത് കളരി പഠിച്ചവനാ ഈ … എന്നാലും ഒരു ശ്രദ്ധ… അത്ര മാത്രം.

കേരളമാകെ ഒന്ന് പറന്നു കാണാനും ഈ പത്രക്കാരും പിന്നെ ചെല മറ്റവന്മാരും സമ്മതിക്കൂലാ എന്ന് വെച്ചാ… ഇത് വല്ല്യ കഷ്ടം തന്നെ…

ആ ഗാന്ധിയപ്പൂപ്പന്‍ പറഞ്ഞ പോലെയൊക്കെ ഈ ഹൈടെക് കാലത്ത് പ്രവര്‍ത്തിക്കാന്‍ പറ്റ്വോ… അടുത്ത മാസത്തില് ഹജൂര്‍ കച്ചേരില് ഇരിക്കണം… അതും കുഞ്ഞൂഞ്ഞച്ചായനെ ഒരു ചവിട്ടും കൊടുത്തു വേണം. ഇനിയുള്ള മുന്നേറ്റം… പറന്നും മുഖ്യമന്ത്രിയാകണം… ഈ ചാന്‍സ് കളയാനൊക്കൂല… പിടിയെടാ പിടി.

ആക്ഷേപകന്‍

(ചിത്രം : കടപ്പാട് കാര്ട്ടൂണിസ്റ്റ് സുധീര്‍നാഥ്)

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

മോശം പ്രകടനവുമായി ശ്രീശാന്ത്

April 3rd, 2011

sreesanth-worldcup-epathram

മുംബൈ : ലക്ഷക്കണക്കിനു ക്രിക്കറ്റ് ആരാധകരെ സാക്ഷി നിര്‍ത്തി ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ മലയാളി താരം ശ്രീശാന്തിന്റെ മോശം പ്രകടനം മലയാളിയുടെ ആഹ്ലാദത്തിനു അല്പം മങ്ങലേല്‍‌പിച്ചു. ലോക കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടം കണ്ട മലയാളി താരം ശ്രീശാന്തിനെ പല കാരണങ്ങളാല്‍ കളികളില്‍ നിന്നും മാറ്റി നിര്‍ത്തിയി രിക്കുകയായിരുന്നു ക്യാപ്റ്റന്‍ ധോണി. ഇത് ക്രിക്കറ്റ് ആരാധക ര്‍ക്കിടയില്‍ വലിയ ചര്‍ച്ചയുമായിരുന്നു.
ഇന്ത്യ – പാക്ക് സെമി ഫൈനല്‍ മത്സരത്തില്‍ പോലും ശ്രീശാന്തിനെ ഉള്‍പ്പെടുത്താ തിരുന്നതിനെ ആരാധകര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ധോണിയുടെ തീരുമാനം തെറ്റിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായി. ലോക കപ്പ് ഫൈനലില്‍ മറ്റേതൊരു ഇന്ത്യന്‍ ബൌളറേക്കാളും ഏറ്റവും മോശം പ്രകടനമാണ് ശ്രീശാന്ത് കാഴ്ച വെച്ചത്.

എട്ട് ഓവറില്‍ 52 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന്റെ മോശം പ്രകടനം സ്കോര്‍ ഉയര്‍ത്തുന്നതില്‍ ശ്രീലങ്കന്‍ ടീമിന് വലിയ സഹായമായി. വിക്കറ്റൊന്നും എടുക്കാതെ എട്ട് ഓവര്‍ എറിഞ്ഞ ശ്രീശാന്തിന്റെ പന്തുകളില്‍ ശ്രീലങ്ക നേടിയ റണ്‍‌റേറ്റ് 6.50 ആയിരുന്നു. ഇതില്‍ രണ്ട് നോബോളും ഉള്‍പ്പെടുന്നു. പത്ത് ഓവര്‍ എറിഞ്ഞ ഹര്‍ഭജനാകട്ടെ ഒരു വിക്കറ്റെടുത്ത് 50 റണ്‍സ് നല്‍കി (5.00 റണ്‍‌റേറ്റ്). വിക്കറ്റൊന്നും എടുത്തില്ലെങ്കിലും മനാഫ് പട്ടേല്‍ ഒമ്പത് ഓവറില്‍ 41 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ (4.56 റണ്‍‌ റേറ്റ്). യുവരാജ് പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി (5.00 റണ്‍ റേറ്റ്) രണ്ടു വിക്കറ്റെടുത്തു. സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റെടുത്ത് പത്ത് ഓവറില്‍ 60 റണ്‍സ് വഴങ്ങിയെങ്കിലും (6.00 റണ്‍ റേറ്റ്) ആദ്യ ഓവറുകളില്‍ ശ്രീലങ്കയെ ശരിക്കും വെള്ളം കുടിപ്പിച്ചു.

എസ്. കുമാര്‍

- ഡെസ്ക്

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

നമ്മുടെ ചിഹ്നം ഐസ്ക്രീം…

March 31st, 2011

ice-cream-epathram

നിന്നെ കാണാന്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ
എന്നിട്ടെന്തെ നിന്നെക്കെട്ടാന്‍
ഇന്നു വരെ… വന്നില്ലാരും…

ഈ പാട്ടും പാടി ഒരു വിദ്വാന്‍ കോഴിക്കോട് അങ്ങാടി മുഴുവന്‍ കറങ്ങി നടന്നെന്ന്, അതിനിപ്പോ ആര്‍ക്കാ ചേതം എന്ന് ചോദിച്ച് ചിലരും, അവര്‍ക്കൊക്കെ എവിടെയും കടന്നു ചെല്ലാം, എന്തും കെട്ടാം ജാഥ വിളിക്കാം… അങ്ങ് എയര്‍പോട്ടീ വരെ കേറി കെട്ടിയാലും ആരും ചോദിക്കില്ല. വെള്ളരിക്കാ പട്ടണത്തില്‍ അങ്ങനെ ഈ വിദ്വാന്‍ ഒരു ഐസ്ക്രീം പാര്‍ലര്‍ തുടങ്ങി. ഇതു പോലെ എന്തിനും തയ്യാറായി ചിലരുള്ളപ്പോള്‍ എന്തിനു പേടിക്കണം? ഐസ് ക്രീം കച്ചവടത്തിന് സെയിത്സ് ഗേളായി ഒരുത്തിയെ വെച്ചു. സിനിമാ നടീടെ പേരുള്ള നല്ലൊരു ചൊറു ചൊറുക്കുള്ള ഒരുത്തി. അവളങ്ങ് കുറെ സെയില്‍ ചെയ്തു. കസ്റ്റമേഴ്സും കൂടി. കൂട്ടു കച്ചവടമാകുമ്പോള്‍ അല്ലറ ചില്ലറ കശ പിശ ഒക്കെ ഉണ്ടാവും. അതൊക്കെ ഈ ചാനലു മൊതലാളിമാര് ഏറ്റെടുത്താല്‍ എന്താ കഥ? പാവം എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണ് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പീഡനമെന്നോ, കുഞ്ഞെന്നോ, കുട്ടിയെന്നോ മറ്റോ…

ആരെ പാര്‍ടണറാക്കിയാലും ബന്ധുക്കാരെ ആക്കരുതെന്ന് പണ്ട് കാര്‍ന്നോമാര്‍ പറഞ്ഞത് വെറുതെയല്ല. പ്രത്യേകിച്ച് ഇളയച്ചന്മാരെ. കാലു വാരിയാല്‍ കുടുങ്ങിയില്ലെ? എന്നാല്‍ കുടുങ്ങി. അങ്ങേര് എല്ലാമങ്ങ് പറഞ്ഞു. എല്ലാമെന്ന് വെച്ചാല്‍ എല്ലാം. അങ്ങനെ ഐസ്ക്രീം കച്ചോടം പൂട്ടികെട്ടി. ഒരു തവണ ഏതാണ്ട് ഒരു എലി വന്ന് പുലിയെ കുറ്റിപ്പുറം പാലത്തിനു ചോട്ടില്‍ വെച്ച് തിന്നെന്നത് കെട്ടുകഥയാണെന്ന് വിശ്വസിച്ചു വരുമ്പോഴാ ആ തല തിരിഞ്ഞ ചെക്കന്‍ പണ്ട് മങ്കടേന്ന് കിട്ടിയ തല്ലിന് പകരം ചോദിക്കാന്‍ വന്നത്. ഇപ്പോ പഴേ പോലെയല്ല. എവടെ നോക്കിയാലും കേമറേം. കഷ്ടകാലത്തിന് ആ ബന്ധുവും. എന്തു ചെയ്യാനാ? മാനമെങ്കിലും കാക്കണ്ടെ? അങ്ങനെ കണ്ട അണ്ടനും പറങ്ങോടനും വേണ്ടതൊക്കെ കൊടുത്തു. കാറിനു കാറ്, വീടിനു വീട്, അങ്ങനെ പലതും.

എന്നിട്ടും കലിപ്പ് തീരാത്തവര്‍ കണ്ട ടീവീലും കേറി അതും ഇതും പറഞ്ഞു. തീയില്ലാണ്ട് പൊകണ്ടാവോ എന്ന് ചിലര്‍. വോട്ടൊക്കെ അടുത്ത് വന്നിരിക്ക്യല്ലെ? ദേ ചെലതൊക്കെ അന്വേഷിപ്പാന്‍ ചിലരും. ഒപ്പം നിന്നിരുന്ന ചെലരും മാറി. ഇനീപ്പൊ ആകെ മുങ്ങ്യാ കുളിരുണ്ടാവൂല എന്ന സ്ഥിതിയായി. ഇനീ തന്റെ ഐസ് ക്രീം കച്ചവടം വിപുലപ്പെടുത്തി യെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇത്തവണയും ഗോധയിലങ്ങിറങ്ങി. കഴിഞ്ഞ തവണത്തെ പോലെ അബദ്ധം പറ്റരുതല്ലോ. എത്രയാള് കേറിയാലും മുങ്ങാത്ത വേങ്ങമരത്തില്‍ ഉണ്ടാക്കിയ ഒരു തോണിയിലങ്ങ് കേറി. ഭാരതപ്പുഴ വഴി ഒരു കാരണവശാലും തിരിക്കരുതെന്ന് തോണിക്കാരന് താക്കീതും കൊടുത്തു. അവിടെ ഇപ്പോഴും എലികളുടെ ശല്ല്യമുണ്ടെന്ന കാര്യം എല്ലാവരെക്കാളും ഏറെ അറിയാവുന്ന ആളാണല്ലോ?

ചാനലുകാര്‍ക്കും അന്വേഷണ ത്വരതയുള്ള ചില പ്രത്യേക തരം പെണ്ണുങ്ങള്‍ക്കും നിരോധനവും ഏര്‍പ്പെടുത്തി ഏറെ ക്കുറെ കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി ആ കൊച്ച്ങ്ങള് വീണ്ടും പറഞ്ഞത് മാറ്റി പറയാതിരുന്നാല്‍ രക്ഷപ്പെട്ടു, ഒരാള് ഇപ്പോള്‍ തന്നെ പൂജപ്പുരയിലിരുന്ന് ആത്മകഥയെന്ന തിരക്കഥ എഴുതുന്നുണ്ട്. അങ്ങേര്‍ക്ക് ഒരു സഹായിയെ തെരെഞ്ഞ് ആ അച്ചുമാമന്‍ നടക്കുന്നുമുണ്ട്. അയാളുടെ കണ്ണില്‍ പെടാതെ ഈ കടവൊന്ന് കടന്നു കിട്ടണം. അതിനിടയില്‍ കഴിഞ്ഞ പൂരത്തില്‍ തല്ലു കൊടുത്ത ആ ചെക്കന് ഇത്തവണയും രണ്ട് കൊടുക്കണം. അത്ര മാത്രമേ ഇപ്പോള്‍ ആഗ്രഹമുള്ളൂ…

പിന്നെ …

പെണ്ണേ മണവാട്ടി പെണ്ണെ
പെണ്ണെ മൊഞ്ചുള്ള പെണ്ണേ
നിന്റെ കൈകൊട്ടി പ്രായം

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്

March 29th, 2011

sindhu-joy-confesses-epathram

“മാറ്റമില്ലാത്തത് മാറ്റം മാത്രം” എന്ന മാര്‍ക്സിയന്‍ വാക്യം കുറെ മുമ്പെ പഠിച്ച ചിലര്‍ക്ക് ഇടയ്ക്കു വന്ന മാറ്റം ശ്രദ്ധേയമാണ്. സഭേം കുഞ്ഞാടുകളെയും എന്നും കോണ്‍ഗ്രസിലെ ഏമാന്മാര്‍ക്ക് എറെ ഇഷ്ടവുമാണ്. അതു കൊണ്ടാകാം ഇവരൊക്കെ മാറുന്നതും ഇങ്ങോട്ട് തന്നെ. ചുരുക്കി പറഞ്ഞാല്‍ വലത്തോട്ട്.

കുറെ കാലമായി ഒരു പാവം തന്റെ വാനിറ്റി ബാഗില്‍ കൊന്തയും കുരിശുമായി നടക്കുന്നു. പാര്‍ട്ടിക്ക് ഒരു കുരിശായ ഇവരെ പാര്‍ട്ടി വേണ്ട വിധത്തില്‍ പരിഗണിച്ചില്ല പോലും. ദേ പെണ്ണങ്ങ് ഇറങ്ങി. നേരെ കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക്. പണ്ട് തനിക്കെതിരെ പറഞ്ഞു നടന്നതൊന്നും കുഞ്ഞൂഞ്ഞ് ഓര്‍ത്തില്ല. കുമ്പസരിച്ചപ്പോള്‍ എല്ലാം മറന്നു. നേരെ പള്ളിയിലോട്ട് കൊണ്ട് പോയി മുട്ടിപ്പായി പ്രാര്‍ത്ഥിപ്പിച്ചു. ഇടവക വികാരിമാര്‍ തരുണീ മണിക്ക് ഒന്നാം തരം സ്വീകരണവും നല്‍കി.

ഇടയരാഗ രമണ ദു:ഖത്തിനു പരിഹാരമാണ് ഈ മനം മാറ്റമെന്നത് അരമന രഹസ്യമാണ്. എതോ ഒരു ഇടയന്‍ സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നതില്‍ ലയിച്ച് ജീവിതം സമര്‍പ്പിക്കുന്നു എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്തായാലും എല്ലാം ഏറ്റു പറഞ്ഞ് കുമ്പസരിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാം ശരിയായെന്നാണ് പുള്ളിക്കാരി പറഞ്ഞത്.

കാലമേറെയായി വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന കൊന്തയും ബൈബിളും ഇപ്പോഴാണ് സ്വതന്ത്രമായി പുറത്തെടുക്കാന്‍ പറ്റിയതത്രെ. പണ്ട് ആ അത്ഭുത കുട്ടിയും ഇതു പോലെ പറയുന്നത് കേട്ടു. ഇതില് വല്ല സത്യവും ഉണ്ടോ സഖാക്കളെ? അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചതാ. പണ്ട് കാടാമ്പുഴ ക്ഷേത്രത്തീന്നും ഏതോ ഒരു മൂത്ത സഖാവ് പൂമൂടിയെന്നൊ മറ്റോ… എന്തോ…

ഈ പെണ്‍ സഖാവിന് പണ്ടേ ഇങ്ങനെ തോന്നിയിരുന്നെങ്കില്‍ അങ്ങ് തുറന്ന് പറയാമായിരുന്നില്ല? ഇതിപ്പോ പാര്‍ട്ടിക്കിട്ട് ഒരു തട്ടും തട്ടി, കുമ്പസരിച്ച്… അതും കുഞ്ഞൂഞ്ഞിന്റെ അടുത്തേക്ക് ഒരു പോക്ക്.

കഴിഞ്ഞ തവണ കീരിയും പാമ്പും പൊലെ നിന്നിരുന്നവര്‍ ഇന്നിതാ ഒരേ പന്തിയില്‍. നിന്നെ പോലെ നിന്റെ അയല്‍കാരനെയും സ്നേഹിക്കണ മെന്നാണല്ലോ… അതു കൊണ്ട് കൊള്ളാവുന്ന ഒരു അയല്‍ക്കാരനെ അങ്ങ് സ്നേഹിച്ചു. പണ്ട് പാവം ഗൌരിയമ്മക്ക് പറ്റിയ അബദ്ധം പറ്റരുതെന്ന് കരുതി പാര്‍ട്ടിയോട് സ്വാഹ… ഇപ്പൊ എന്തൊരാശ്വാസം… ഇനിയുള്ള കാലം അനുസരണയുള്ള ഒരു കുഞ്ഞാടായി ഹൈകമാന്റിന്റെ തീരുമാന പ്രകാരം ഗ്രൂപ്പ് കളിച്ച് അങ്ങനെ ജീവിക്കണം.

(പിടിക്കുമ്പോള്‍ പുളിംകൊമ്പില്‍ തന്നെ പിടിക്കണമെന്ന് പണ്ട് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.)

നടുകഷണം: പാര്‍ട്ടിയിലെ ലോലന്‍ സഖാക്കന്മാര്‍ക്ക് നല്ല കാലം വരുന്നു. നിങ്ങളുടെ ഹൃദയം തുറന്നു വെയ്ക്കുക. പ്രേമം അനശ്വരമാണ്. പാര്‍ട്ടിയെ സ്നേഹിക്കുന്ന പോലെ ഒന്നു ട്രൈ ചെയ്തു നോക്കൂ… സീറ്റ് കിട്ടാതെ അലയുന്ന നിരവധി തരുണീ മണികള്‍ വലതു ഭാഗത്തും ഉണ്ട്.

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി

March 27th, 2011

dr-pkr-warrier-epathram

തിരുവനന്തപുരം : ജനകീയ ആരോഗ്യ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോ. പി. കെ. ആര്‍. വാര്യര്‍ ഇനി ഓര്‍മ. മാര്‍ച്ച് 26 ശനിയാഴ്ച പകല്‍ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള സേവകരാണ് ഡോക്ടര്‍മാരെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെട്ട പ്രഗത്ഭ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ പി. കെ. ആര്‍. വാര്യര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല പ്രവര്‍ത്തകനുമായിരുന്നു.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ ശനിയാഴ്ച വൈകീട്ട് സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകള്‍ ദാനം ചെയ്തു. സംസ്കാരച്ചടങ്ങ് ഒഴിവാക്കി. സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ആദ്യ കാല സാമൂഹ്യ പരിഷ്കര്‍ത്താവ് ആര്യ പള്ളത്തിന്റെ മകളും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതയായ ദേവകി വാര്യരാണ് ഭാര്യ. മക്കള്‍: ഡി. കൃഷ്ണവാര്യര്‍ (ബാബു, റിട്ട. ഇ. ആര്‍. ആന്‍ഡ് ഡി.സി.), അനസൂയ. മരുമക്കള്‍: ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, ഷീല (റിട്ട. ഉദ്യോഗസ്ഥ, എസ്. യു. ടി. ഹോസ്പിറ്റല്‍, തിരുവനന്തപുരം).

1921 ആഗസ്ത് 13നാണ് ഡോ. വാര്യര്‍ ജനിച്ചത്. പിതാവ് ഡോ. പി. കെ. വാര്യര്‍ മദിരാശി സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 1940 – 46ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്. ബിരുദം. തുടര്‍ന്ന് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദത്തിന് മൂന്നു തവണ മദ്രാസ് സര്‍വകലാശാലയില്‍ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്റ്റു കാരനായതിനാല്‍ നിരസിച്ചു. 1946ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ 1952ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെടുത്തു. പിന്നീട് ഫോര്‍ട്ട് കൊച്ചിയില്‍ മെഡിക്കല്‍ ഓഫീസറായി. 1960ല്‍ ഇംഗ്ളണ്ടിലെ എഡിന്‍ബറോയിലെ ന്യൂഫീല്‍ഡ് കോളേജില്‍ നിന്ന് തൊറാസിക് സര്‍ജറിയില്‍ എഫ്. ആര്‍. സി. എസും നേടി. 1962ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ അസോസിയറ്റ് പ്രൊഫസറായി നിയമിതനായി.

ബിരുദ, ബിരുദാനന്തര ബിരുദ സര്‍ജറി കോഴ്സുകളില്‍ അധ്യാപകന്‍ എന്ന നിലയില്‍ വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിച്ചു. അല്‍പ്പ കാലം മിനിക്കോയിലും ജോലി ചെയ്തു. മൂന്ന് ദശാബ്ദ ക്കാലത്തെ സര്‍വീസിനു ശേഷം 1977ലാണ് വിരമിച്ചത്. തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍, കണ്ണൂര്‍ എ. കെ. ജി. ആശുപത്രിയില്‍ സര്‍ജിക്കല്‍ കസള്‍ട്ടന്റ് എന്നീ ചുമതലകളും വഹിച്ചു. വര്‍ക്കല എസ്. എന്‍. മിഷന്‍ ആശുപത്രി, ഒറ്റപ്പാലം സെമാള്‍ക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 1990ല്‍ ആതുര സേവന രംഗത്തു നിന്ന് പൂര്‍ണമായും പിന്മാറി. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍, അനുഭവങ്ങള്‍ അനുഭാവങ്ങള്‍, വിഗ്രഹത്തിലെ തകര്‍ച്ച (കഥാ സമാഹാരം) തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍

March 26th, 2011

kill-team-american-soldiers-epathram

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജര്‍മ്മന്‍ മാസിക പുറത്തു വിട്ട ആ ചിത്രത്തില്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ ക്യാമറക്കു നേരെ നോക്കി വലിയ വായില്‍ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങള്‍ക്കു മുന്‍പു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കു വേണ്ടി കൊന്നിരിക്കാന്‍ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീര ത്തിലാണ്‌ അയാളുടെ കൈകള്‍. ഒരു തരത്തില്‍ ഈ ചിരി നമ്മള്‍ ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അബു ഗ്രയിബ് തടവറിയില്‍ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനു മീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കന്‍ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മള്‍ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളി സംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ സൈനികര്‍ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജര്‍മ്മന്‍ മാസിക ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കന്‍ സൈനിക പ്രോസിക്യൂട്ടര്‍മാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തില്‍ കാണുന്ന ജെര്‍മി മോര്‍ലോക്ക് എന്ന ഇരുപത്തി രണ്ടുകാരന്‍ അടക്കമുള്ള അഞ്ചു പേര്‍ മൂന്ന് അഫ്ഘാന്‍ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കു മരുന്ന് ഉപയോഗിച്ച തടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്.

മി ലൈ യിലും നമ്മള്‍ ഈ ചിത്രങ്ങള്‍ കണ്ടതാണ്‌. നാലു പതിറ്റാണ്ടു മുന്‍പ്, ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ചേര്‍ന്ന് ദക്ഷിണ വിയറ്റ്നാമില്‍, സ്ത്രീകളും കുട്ടികളും പ്രായമാ യവരുമടക്കം അഞ്ഞൂറോളം ആളുകളെ നിര്‍ദ്ദയമായി കൊന്നൊടുക്കിയപ്പോള്‍ റൊണാള്‍ഡ് ഹെബര്‍ലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫര്‍ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെ യുണ്ടായിരുന്നു. ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയില്‍ ദുരന്ത ചിത്രങ്ങളൊന്നും പതിയാ തിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു റൊണാള്‍ഡിന്റെ ഔദ്യോഗിക ക്യാമറയില്‍. സ്വന്തം ക്യാമറയിലെ കളര്‍ ഫോട്ടോയിലാകട്ടെ, കാര്യങ്ങള്‍ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതില്‍. നിരര്‍ത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കോടതി നടപടിക ള്‍ക്കിടയിലും, അഭിമുഖ വേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോള്‍ മിടുക്കന്മാരും, നല്ലവരുമായ അമേരിക്കന്‍ കുട്ടികളാ യിട്ടായിരുന്നു അവര്‍ ചിത്രീകരിക്ക പ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളി ലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കള്‍ക്കും പ്രണയിക ള്‍ക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം? ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതകളെ ക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതിക ബോധം ഇത്ര എളുപ്പത്തില്‍ നഷ്ടമാകു ന്നതെങ്ങിനെയാണ്‌? പുറത്തുള്ളവര്‍ക്ക് ഈ ചോദ്യത്തിന്‌ പൂര്‍ണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധ കുറ്റകൃത്യങ്ങളെ ക്കുറിച്ച് എഴുതി ക്കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ വ്യക്തിപരമായ എന്റെ തോന്നല്‍, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗത മല്ലാത്ത ഒരു ആധുനിക യുദ്ധ മുറയായി ഈ ചെറുപ്പക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൊല്ലുക എന്നത് – അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിര്‍ദ്ദോഷികളായ പൌരന്മാരെ യായാലും ശരി – ഒരു സാധാരണ കര്‍മ്മമായി ഈ പട്ടാളക്കാര്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളില്‍, സൈനികര്‍ക്ക് എല്ലാ വിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാന്‍ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരില്‍ യുദ്ധം വരുത്തി ത്തീര്‍ക്കുന്ന കെടുതികളില്‍ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ പ്രവൃത്തികള്‍ക്ക് അവര്‍ തന്നെയാണ്‌ കാരണക്കാര്‍. എങ്കിലും, വിയറ്റ്നാമിലെ പ്പോലെ, ചില സന്ദര്‍ഭ ങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെ പ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങള്‍ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തില്‍ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനില്‍ രാത്രി കാലങ്ങളില്‍ അമേരിക്ക നടപ്പാക്കുന്ന കൊലപാതക പരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാന്‍ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാന്‍ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കു ന്നതുമൊക്കെ നിത്യേന യെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടര്‍ന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായി ക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാല്‍, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനു വേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാന്‍ നമുക്കും ഒരു പക്ഷേ കഴിയാതെ വരും.

രാജീവ്‌ ചേലനാട്ട്
(ന്യൂയോര്‍ക്കര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച സെയ്‌മൂര്‍ ഹര്‍ഷിന്റെ ലേഖനത്തിന്റെ പരിഭാഷ)


പരിഭാഷകക്കുറിപ്പ് : ഇതെഴുതുമ്പോള്‍, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പു കാരുടെയും നേതൃത്വത്തില്‍ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയന്‍ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യ രാഷ്ട്ര സഭയുടെ കള്ളപ്പേരില്‍ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യ റൌഡികളുടെയും മറ്റൊരു അവിശുദ്ധ യുദ്ധം. സിറിയയിലേക്കും, യെമനിലേക്കു മൊക്കെ വ്യാപിക്കുകയാണ് പതുക്കെ പ്പതുക്കെ അത്. പ്രതികരണ ശൂന്യമായ, നാണം കെട്ട ലോക ജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ

March 26th, 2011

ummanchandy-chennithala-epathram

പേരില്‍ തലയുണ്ടെങ്കിലും ചെന്നിത്തലയും തലയും അരയും മുറുക്കി അംഗത്തിനിറങ്ങി കഴിഞ്ഞു, ചാണ്ടിച്ചായന് ഒരു പാരയെങ്കിലും വെച്ചില്ലെങ്കില്‍ എന്തോന്ന് കോണ്‍ഗ്രസ്സ്. പണ്ടേ തിരുത്തിയും തിരുമ്മിയും കൈസാ ഹെ സാബ് പറഞ്ഞും അങ്ങ് ദല്‍ഹി വരെ എത്തിച്ച കാരണവരെ വരെ മൂലക്കിരുത്തി വാണ കക്ഷിയാ. അങ്ങേരോടാ കുഞ്ഞൂഞ്ഞിന്റെ കളി. ഗ്രൂപ്പെന്നാല്‍ എന്താണെന്നും അതിനു വേണ്ടി തിസീസ് എഴുതി നടപ്പിലാക്കിയ തലയാ മുഖ്യമന്ത്രി കസേര കൊതിക്കുന്നത്. അതും നായരമ്മാവന്മാര് മുഴുവന്‍ പിന്നിലുള്ളപ്പൊ. ചാണ്ടിച്ചായാ, ഇത്തവണ ഇത്തിരി പുളിക്കും. സഭേം കുന്തോം കൊടചക്രോം എന്തൂട്ട് ഉമ്മാക്കി കാണിച്ചാലും അന്തോണിച്ചനെ പറ്റിച്ച പോലെ ഇത്തവണ പറ്റൂല മോനെ.

ഹരിപ്പാട് ഒരു പാട് കളിപ്പിക്കാന്‍ തന്നെയാണ് കുഞ്ഞൂഞ്ഞും തീരുമാനിച്ചിട്ടുള്ളത്. തമ്മില്‍ ചേര്‍ന്നിരുന്ന് ദല്‍ഹിക്ക് പറന്ന് രണ്ടാളും എല്ലാ യജമാനന്മാരെയും കണ്ട് ഒതുക്കേണ്ടവരെ ഒതുക്കി, തോളിലിരുന്ന് ചെവി തിന്നവരെ സുന്നാമാക്കി കൊടുത്ത് വയറിളക്കിയും ഉണ്ടാക്കിയെടുത്ത ലിസ്റ്റുമായി ഇങ്ങെത്തിയതെയുള്ളൂ… ദേ കെടക്ക്ണ് കൊറെ സീറ്റ് കൊതിയന്മാര്‍. ആരൊക്കെ ആയാലും വേണ്ടില്ല ഇത്തവണയും സഭേടെ അനുഗ്രഹത്തോടെ അങ്ങ് കേറിയിരിക്കണം. അതിന് ചെന്നിത്തല യെങ്കില്‍ അത് … കാസര്‍കോഡ്ന്ന് തൊടങ്ങിയ സീറ്റ് തര്‍ക്കം, ഒക്കെ സഹിക്കണത് എന്തിന് വേണ്ടിയാ… അതൊക്കെ ആ‍ ചെന്നിത്തലക്ക് മനസിലാവ്വോ? പുതുപ്പള്ളിക്കാര്‍ക്ക് എന്നും കുഞ്ഞൂഞ്ഞ് പുണ്ണ്യാളനെ വേണംന്ന് വെച്ചാ യൂത്തന്മാര് തടഞ്ഞാലൊന്നും കുഞ്ഞൂഞ്ഞിനെ കിട്ടൂല. അതിവേഗം ബഹുദൂരം എന്നാണല്ലോ കുഞ്ഞൂഞ്ഞ് വാക്യം.

എന്തായാലും വ്യാസനെയും വാല്‍മീകിയെയും കടത്തി വെട്ടി കോണ്‍ഗ്രസ് പട്ടികയും എഴുതി ക്കഴിഞ്ഞു. ഇത്തവണ കൊച്ചു മുതലാളിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. അതിനാല്‍ ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യമില്ല. എന്നത്തെയും പോലെ ഇതിലും ആരും കേള്‍ക്കാത്ത ചിലരുണ്ട്. തെരെഞ്ഞെടുപ്പൊന്ന് കഴിഞ്ഞാ ഇവരെ എവിടെ തിരഞ്ഞാലും കിട്ടൂല. അതാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ എന്ന് അസൂയക്കാര്‍ പറയുന്നത്. ചീകി ഒതുക്കി വെച്ച മുടിയുമായി ചെന്നിത്തലയും, ചീകാത്ത തലയുമായി ചാണ്ടിച്ചായനും തമ്മിലാണ് പ്രധാന മത്സരം. ആര് മാന്‍ ഓഫ് ദി മാച്ചാകും എന്ന് കണ്ട് തന്നെ അറിയണം.

ആക്ഷേപകന്‍

ചിത്രം : കടപ്പാട് സുധീര്‍നാഥ്

- ഡെസ്ക്

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

2 of 1712310»|

« Previous Page« Previous « കുഞ്ഞൂഞ്ഞിന്റെ ബന്ധുവാര്… ശത്രുവാര്?
Next »Next Page » കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍ »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine