ന്യൂഡല്‍ഹി : കര്‍ശനമായ അഴിമതി വിരുദ്ധ നിയമം ജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന ആവശ്യവുമായി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ പ്രമുഖ ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കും എന്നാണ് ഇന്നലെ എടുത്ത തീരുമാനം.
സര്‍ക്കാര്‍ പ്രതിനിധികളായ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുമായി ഹസാരെയുടെ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമായ കിരണ്‍ ബേദി, സ്വാമി അഗ്നിവേശ്, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ അവസാന വട്ട സന്ധി സംഭാഷണത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണ്ണാ ഹസാരെയുടെ വാക്കുകള്‍ രാജ്യത്തെ മദ്ധ്യ വര്‍ഗ്ഗത്തെ അഴിമതിയ്ക്കെതിരെ പോരാടാനുള്ള സമരാവേശം കൊണ്ട് ആവേശ ഭരിതരാക്കിയിരുന്നു. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും എല്ലാം ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഹസാരെയുടെ സമരത്തിന് ലഭിച്ച പിന്തുണയുടെ പ്രവാഹം ഈ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഇടയാക്കി.
രാജ്യമെമ്പാടും നിന്ന് ഹസാരേയ്ക്ക് പിന്തുണയുമായി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങള്‍ ഒന്നടങ്കം എത്തിയത് സര്‍ക്കാരിനെ ആശങ്കയില്‍ ആക്കിയിരുന്നു. ഹസാരേയ്ക്ക് വ്യാഴാഴ്ച രാത്രി സോണിയ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്.
വെള്ളിയാഴ്ച രാത്രി പതിനായിര ക്കണക്കിന് ആളുകള്‍ ജന്തര്‍ മന്തറിനു സമീപം ഒത്തുകൂടി ബോളിവുഡ് സിനിമയായ ഷാറൂഖ് ഖാന്‍ അഭിനയിച്ച (മൈ നെയിം ഈസ് ഖാന്‍” എന്ന സിനിമയിലൂടെ പ്രശസ്തമായ അമേരിക്കന്‍ ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായ “വീ ഷാല്‍ ഒവര്‍കം” (We shall overcome) എന്ന ഗാനം ആലപിച്ചു.
അവസാന വട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും സര്‍ക്കാരിനും പൊതു സമൂഹത്തിനും എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ച നിയമ മന്ത്രി കപില്‍ സിബില്‍ പറഞ്ഞത്.
ഇത് ജനങ്ങളുടെ വിജയമാണ് എന്നാണ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കാര്യം ജനങ്ങളോട് അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ പ്രതികരിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, നിയമം, പ്രതിഷേധം