പൗരസമൂഹത്തെ അന്ധവിശ്വാസത്തില്‍ നിന്നും അനാചാരത്തില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടേയും സമുന്നത തലത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം ഒരു മതേതര രാജ്യത്തെ ഭരണകൂടത്തിനുണ്ട്. അങ്ങനെ ചെയ്തില്ലങ്കില്‍ മൂഢവിശ്വാസങ്ങള്‍ രൂഢമൂലമാകുകയും അതു വഴി വര്‍ഗീയ വിഷ വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാനപ്പെട്ട ഓഫീസ് ശൃംഖല ചെയ്തത്, ഹിന്ദു മത അന്ധ വിശ്വാസികളുടെ മഞ്ഞ ലോഹ ഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുക എന്ന കുറ്റകൃത്യമാണ്.
അക്ഷയ തൃതീയ തീര്‍ത്തും അന്ധ വിശ്വാസമാണ്. അടുത്ത കാലത്ത് മലയാളി കള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച ഈ ഹൈന്ദവ ചികുന്‍ഗുനിയ അനാരോഗ്യമല്ലാതെ ഒന്നും തന്നെ പൊതു സമൂഹത്തിനു നല്‍കുന്നില്ല. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ സമൃദ്ധിയുണ്ടാകും എന്ന സ്വര്‍ണ കമ്പോള മുതലാളിമാരുടെ കുപ്രചരണത്തിലാണ് ജനങ്ങള്‍ കുടുങ്ങിയത്. സമൃദ്ധി യുണ്ടാവുകയില്ല എന്നു മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുമെന്നും ദുര്‍മരണങ്ങള്‍ സംഭവിക്കുമെന്നും അന്നുണ്ടായ റോഡപകടങ്ങളുടെ കണക്കു പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്. പത്മശ്രീ നല്‍കി ഭാരതം ആദരിച്ച ഒരു സിനിമാ നടന്‍ അക്ഷയ തൃതീയ ദിവസം എവിടെ നിന്നു സ്വര്‍ണം വാങ്ങണമെന്നും എവിടെ പണയം വച്ചാല്‍ ഉടന്‍ പണം കിട്ടുമെന്നും കേരളീയരെ ദൃശ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി. പത്മശ്രീ ജേതാക്കള്‍ അന്ധ വിശ്വാസത്തിലേക്ക് ജനതയെ നയിക്കാന്‍ പ്രേരിപ്പിക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. ഏതു പരസ്യ ചിത്രത്തിനു വേണ്ടിയും മുഖവും വാക്കും വില്‍ക്കുവാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചിന്തിക്കുമെന്ന് കരുതാന്‍ പ്രയാസമാണ്.
പത്മശ്രീ ജേതാവ് ഒരു വ്യക്തിയാണല്ലോ. എന്നാല്‍ മതേതര രാജ്യത്തെ തപാല്‍ വകുപ്പാണ് അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുവാന്‍ ശ്രമിക്കുന്നതു കാരണം ഊര്‍ധശ്വാസം വലിക്കുന്ന തപാല്‍ വകുപ്പ് അക്ഷയ തൃതീയയോടനുബന്ധിച്ച് വലിയ പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചു. ഈ കാലയളവില്‍ പത്തു ഗ്രാം സ്വര്‍ണ നാണയം വാങ്ങുന്നവര്‍ക്ക് ഒരു ചെറു സ്വര്‍ണ നാണയം സൗജന്യം എന്നു വാഗ്ദാനിച്ചു. 0.5 ഗ്രാം മുതല്‍ 50 ഗ്രാം വരെയുള്ള സ്വര്‍ണ നാണയങ്ങള്‍ തപാല്‍ വകുപ്പ് അന്ധ വിശ്വാസികള്‍ക്കായി ഒരുക്കി വച്ചു. തപാല്‍ വകുപ്പിന്റെ മുദ്ര പതിച്ച 24 കാരറ്റ് പൊന്‍ നാണയങ്ങള്‍ അന്തസുള്ള പായ്ക്കറ്റുകളില്‍ വിതരണത്തിനു തയ്യാറാക്കി. ഇതൊന്നും പോരാഞ്ഞ് അക്ഷയ തൃതീയ മാര്‍ക്ക് പുണ്യ സ്വര്‍ണം വാങ്ങാനെത്തുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറ് ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കൂടോത്ര പ്രയോഗത്തിലൂടെ 52 കിലോ സ്വര്‍ണ നാണയം വിറ്റഴിച്ചു എന്നതാണ് തപാല്‍ വകുപ്പിനു തന്റേടം നല്‍കിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 23 പോസ്റ്റോഫീസുകളാണ് ഹൈന്ദവ അന്ധ വിശ്വാസത്തിന്റെ രാഖി കെട്ടി ക്കൊടുക്കാന്‍ തയ്യാറെടുത്തു നിന്നത്.
സര്‍ക്കാര്‍ തന്നെ അന്ധ വിശ്വാസത്തെ പ്രോത്സാഹി പ്പിക്കുകയാ ണെങ്കില്‍ പൊതു സമൂഹം പിന്നെ ഏതു ഏജന്‍സിയിലാണ് വിശ്വാസ മര്‍പ്പിക്കേണ്ടത്. സ്വാതന്ത്ര്യ സമര കാലത്ത് സമര ച്ചെലവിനായി ആഭരണങ്ങള്‍ ഊരി വാങ്ങിയ മഹാത്മാ ഗാന്ധിയുടെ ചിത്രമച്ചടിച്ച നോട്ടുകളാണല്ലോ ഇതിനു സാക്ഷിയാവുന്നത്.
അക്ഷയ തൃതീയ എന്ന അന്ധ വിശ്വാസ ത്തിനെതിരെ കലാപരമായ ഒരു പ്രതികരണമുണ്ടായത് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്നാണ്. കണ്ണൂര്‍ നഗരത്തില്‍ അവര്‍ അവതരിപ്പിച്ച ‘നിങ്ങളെന്നെ കള്ളനാക്കി’ എന്ന തെരുവു നാടകം കുറേയാളുകളെങ്കിലും ശ്രദ്ധിച്ചു. ഇന്നു സ്വര്‍ണം വാങ്ങാനാണെങ്കില്‍ ഇനി എന്തു വാങ്ങാനും ഓരോ ദിവസം കാണാമെന്ന് കവടി നിരത്തി കപട വാചകങ്ങള്‍ ഉരുവിടുന്ന ജ്യോത്സ്യനും മലയാളികളെന്തേ ഇങ്ങനെ എന്നു ചോദിക്കുന്ന സമൂഹവും ഈ തെരുവു നാടകത്തിലെ കഥാപാത്രങ്ങളായി.
കേരളത്തിന്റെ തനതു കലാ സാന്നിധ്യമായ ചാക്യാരുടെ കാഴ്ചകളിലൂടെയാണ് ഈ നാടകം വികസിപ്പിച്ചെടുത്തത്. കുടുംബ ശ്രീയില്‍ നിന്നും പണം വായ്പയെടുത്ത് സ്വര്‍ണം വാങ്ങുന്ന വീട്ടമ്മയുടെ സ്വര്‍ണം കള്ളന്‍ തട്ടിപ്പറിക്കുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഒരു തെരുവു നാടകം കൊണ്ടോ നഗ്‌ന കവിത കൊണ്ടോ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്ധ വിശ്വാസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എങ്കിലും അത്രയുമായി എന്ന് സമാധാനിക്കാമല്ലോ.
– കുരീപ്പുഴ ശ്രീകുമാര്‍
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, പ്രതിഷേധം, വിവാദം, ശാസ്ത്രം
ഞാൻ ഒരു പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനാണ്. പക്ഷെ ഞാൻ ഈ കച്ചവടത്തോട് യോജിക്കുന്നില്ല