ന്യൂഡല്‍ഹി: ‘വോട്ടിനു നോട്ട്’ വിവാദത്തില്‍ ഡല്‍ഹി പോലീസ് ആദ്യ അറസ്‌റ്റ് നടത്തി. അഖില ഭാരതീയ ലോക്‌മഞ്ച് അധ്യക്ഷനായ അമര്‍സിംഗിന്റെ സഹായി സഞ്‌ജീവ് സക്‌സേനയാണു അറസ്‌റ്റിലായത്. കൂടാതെ അമര്‍സിംഗിനെയും മറ്റു ചിലരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അന്വേഷണത്തിലെ അലംഭാവത്തിനു സുപ്രീം കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. വിവാദമുയര്‍ന്ന കാലത്തു സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിംഗിന്റെ ഉറ്റ സഹായിയാണ് ഇയാള്‍. അഴിമതി നിരോധന നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌ത സഞ്‌ജീവ് സക്‌സേനയെ കോടതിയില്‍ ഹാജരാക്കി.
ബി. ജെ. പി. എം. പി. മാര്‍ക്കു പണം നല്‍കുന്നതിനിടെയാണ് ഇയാളെ രഹസ്യ കാമറയില്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ എല്ലാ ചാനലുകളും കാണിച്ചിരുന്നു. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ യു. പി. എ. സര്‍ക്കാര്‍ നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും രക്ഷിക്കാനായി അമര്‍സിംഗിന്റെ നേതൃത്വത്തില്‍ എം. പി. മാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നുവെന്നു ബി. ജെ. പി. അന്ന് തന്നെ ആരോപിച്ചിരുന്നു. യു. പി. എ. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി. ജെ. പി. അംഗങ്ങള്‍ 2008 ജൂലൈ 22-ന് ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി