ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വില വര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്ന് പറഞ്ഞ് വില വര്‍ദ്ധനവിനെ ന്യായീകരിച്ചത്. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായക മാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു. പി. എ. യിലെ പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി. ജെ. പി. യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു. പി. എ. സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശം, സാമ്പത്തികം