പേരാമംഗലം: തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍ ഫെബ്രുവരി 12-ആം തിയതി നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ ദേവസ്വത്തിന്റെ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കോടതിയില്‍ നിന്നും അനുമതി ലഭിച്ചു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ (317 സെന്റീമീറ്റര്‍) ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചില സാങ്കേതികത്വം പറഞ്ഞ് ഉത്സവ പരിപാടികളില്‍ പങ്കെടുക്കുവാന്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ആനയെ പരിശോധിച്ച് എഴുന്നള്ളിക്കാമെന്ന് അനുമതി നല്‍കിയിട്ടുണ്ട്.
രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആനകള്‍ പോലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഉത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍ രാമചന്ദ്രനെ മാറ്റി നിര്‍ത്തുന്നതില്‍ ആന സ്നേഹികളും ഭക്ത ജനങ്ങളും അതീവ നിരാശയിലായിരുന്നു. ആന ഉടമകള്‍ക്കിടയിലെ അനാരോഗ്യകരമായ പ്രവണതകളാണ് രാമചന്ദ്രനെ ഉത്സവ പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനു പുറകിലുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പും രാമചന്ദ്രനെതിരെ കേസു കൊടുത്ത് അവനെ ഉത്സവ പ്പറമ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ശ്രമമുണ്ടായിരുന്നു.
ഇന്ന് കേരളത്തിലെ ഉത്സവ പ്പറമ്പുകളില്‍ ഏറ്റവും അധികം ആരാധകരും ഡിമാന്റും ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ബീഹാറില്‍ നിന്നുമാണ് മോട്ടി പ്രസാദ് എന്ന ഇന്നത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തി ലെത്തിയത്. നാട്ടുകാര്‍ പിരിവിട്ടെടുത്ത് 1984-ല്‍ തൃശ്ശൂര്‍ സ്വദേശി വെങ്കിടാദ്രിയില്‍ നിന്നും വാങ്ങി തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍ നടയിരുത്തുകയായിരുന്നു ഇവനെ. അന്നൊരു ചെറിയ ആനയായിരുന്ന ഇവന്‍ പിന്നീട് വളര്‍ന്നു വലുതായി പകരം വെക്കുവാനില്ലാത്ത ആനചന്തമായി മാറി. ഒറ്റനിലവും അഴകും ഒത്തിണങ്ങിയ രാമചന്ദ്രന്‍ മത്സര പ്പൂരങ്ങളിലെ അവിഭാജ്യ ഘടകമായി തീര്‍ന്നു. ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകുമെന്നതിനാല്‍ മിക്കവാറും ടെണ്ടറിലൂടെ ആണ് രാമചന്ദ്രനെ വിവിധ ഉത്സവ ക്കമ്മറ്റിക്കാര്‍ സ്വന്തമാക്കാറ്. ആഹ്ദാരാവ ങ്ങളോടെ യാണിവനെ ആരാധകര്‍ ഉത്സവ പ്പറമ്പുകളിലേക്ക് ആനയിക്കുന്നത്. ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന തലപൊക്ക മത്സരങ്ങളില്‍ വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന്‍ ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്. പതിനാറു വര്‍ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് ഇവന്റെ പാപ്പാന്‍.
രാമചന്ദ്രനെ തെച്ചിക്കോട്ടുകാവ് ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിക്കുവാനുള്ള പ്രത്യേക അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം അധികൃതരും ആരാധകരും eപത്രത്തെ അറിയിച്ചു. രാമചന്ദ്രന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടറും പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം, എതിര്‍പ്പുകള്‍, വന്യജീവി