തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിനു തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (ഐ.എന്‍.എ) യെ ഏല്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു ശുപാര്‍ശ ചെയ്തു. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രഹസ്യ വിവരത്ഥിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നടത്തിയ പോലീസ് റെയ്ഡില്‍ മാരകായുധങ്ങളും നിരവധി ലഘുലേഖകളും ഇറാനിയന്‍ പൌരത്വം ഉള്ള ഐഡന്റിറ്റികാര്‍ഡും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര മേഘല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി രാഹുല്‍ നായര്‍ അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി സംഘം അന്വേഷണം നടത്തിവരികയാണ്. ഇതിനിടയില്‍ ക്യാമ്പില്‍ റെയ്ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട കമറുദ്ദീന്റെ തറവാട്ടില്‍ നിന്നും വാളുകളും, മഴു, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളും നിരവധി ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ക്യാമ്പില്‍ പങ്കെടുത്ത ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കര്‍ണ്ണാടക പോലീസും കരുതുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പോലീസില്‍ നിന്നും ഉള്ള ഉദ്യോഗസ്ഥര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവര്‍ കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്, മതം, വിവാദം