കൊച്ചി: കോണ്‍ഗ്രസ്സ് വക്താവ് എം. എം. ഹസ്സന്‍ ആര്‍ത്തി പൂണ്ട ദേശാടനപക്ഷിയെ പോലെ ആണെന്ന് എം. എല്‍. എ. മാരായ വി. ഡി. സതീശനും ടി. എൻ. പ്രതാപനും. കോണ്‍ഗ്രസ്സുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തുന്ന മണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടന പക്ഷിയെ പോലെ പറന്നിറങ്ങി പിന്നീട് അത് യു. ഡി. എഫ്. ജയിക്കാത്ത മണ്ഡലങ്ങൾ ആക്കുകയാണ് ഹസ്സന്‍ എന്ന് ഇരുവരും വാര്‍ത്താ കുറിപ്പിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാര്‍ എന്ന് കേരളം തിരിച്ചറിയുമെന്ന് ഇരുവരും വ്യക്തമാക്കി. നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും കോണ്‍ഗ്രസ്സ് വക്താവ് എം. എം. ഹസ്സനും ഒരേ തൂവല്‍ പക്ഷികളാണെന്ന് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞിരുന്നു.
പ്രതാപന്റേയും വി. ഡി. സതീശന്റേയും ഗ്രീന്‍ പൊളിറ്റിക്സ് അല്ലെന്നും, ഗ്രീഡി പൊളിറ്റിക്സാണെന്നും ഹസ്സന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ യു. ഡി. എഫിലേയും എം. എല്‍. എ. മാരും നേതാക്കളും തമ്മില്‍ തുടരുന്ന വാക്പോര് അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പാട്ടക്കരാര്‍ ലംഘിച്ചു കൊണ്ട് ഏതാനും പേര്‍ അന്യായമായി കൈവശം വെച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നുമാണ് വി. ഡി. സതീശന്റെ നേതൃത്വത്തില്‍ ഉള്ള ഒരു വിഭാഗം യു. ഡി. എഫ്. എം. എല്‍. എ. മാരുടെ നിലപാട്. നെല്ലിയാമ്പതി സന്ദര്‍ശിച്ച ഇവര്‍ ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് യു. ഡി. എഫ്. ഉപസമിതിക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് ഹസ്സനും, പി. സി. ജോര്‍ജ്ജിനുമെന്ന് ഇരുവരുടേയും വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം