കുനിയില്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച മലയാളിതാരം കെ.ടി. ഇര്‍ഫാന് ജന്മനാടിന്റെ ഉജ്ജ്വലമായ സ്വീകരണം. കോഴിക്കോട് വിമാനത്താവളം മുതല്‍ കുനിയില്‍ വരെ നാടിന്റെ ഹൃദ്യമായ വരവേല്പാണ് ജനങ്ങള്‍ നല്‍കിയത്.ഇടയ്ക്ക് ചിലര്‍ വഴിതടഞ്ഞു നിര്‍ത്തി പൂമാലയും പൂച്ചെണ്ടും കൊണ്ട് മൂടി. ഉച്ചക്ക് ഒരുമണിയോടെ കരിപ്പൂരിലെത്തിയ ഇര്‍ഫാനെ സ്വീകരിക്കുവാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ ഒരു ജനക്കൂട്ടം തന്നെ എത്തിയിരുന്നു. കൈവീശി പുഞ്ചിരിച്ചു കൊണ്ട് ഒളിമ്പ്യന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. കുടുംബത്തോടൊപ്പം അദ്ദേഹത്തെ വരവേല്‍ക്കുവാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും എത്തിയിരുന്നു.
തുറന്ന വാഹനത്തില്‍ കുനിയില്‍ അല്‍ അന്‍വര്‍ സ്കൂളിന്റെ അങ്കണത്തില്‍ ഒരുക്കിയ സ്വീകരണ വേദിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം വിയര്‍ത്തു കുളിച്ചിരുന്നു. കുനിയിലെ നാട്ടുവഴികളില്‍ നിന്നും ആരംഭിച്ച നടത്തത്തിലൂടെ ലണ്ടന്‍ ഒളിമ്പിക്സ് വേദിയില്‍ചെന്നെത്തിയ ഇര്‍ഫാനെ കൂട്ടുകാരും നാട്ടു കാരും ചേര്‍ന്ന് സ്നേഹാദരങ്ങള്‍ കൊണ്ട് മൂടി. തനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഇര്‍ഫാന്‍ വിനയാന്വിതനായി.
താന്‍ സ്വപ്നത്തില്‍ പോലും കാണാതിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. രാഷ്ട്രപതി ഭവന്റെ ഉള്ളില്‍ കയറാനായതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കും ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചതുമായ അനുഭവങ്ങള്‍ അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചു. കായിക താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സൂചിപ്പിക്കുവാന്‍ ഇര്‍ഫാന്‍ മറന്നില്ല. കണ്ണൂരില്‍ നിന്നും ഉള്ള രാജു എന്ന വ്യക്തിയും നടന്‍ പത്മശ്രീ മോഹന്‍ലാലും തനിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും അദ്ദേഹം പറഞ്ഞു.ഒളിമ്പിക്സില്‍ മെഡല്‍ ഒന്നും നേടിയില്ലെങ്കിലും ഇര്‍ഫാന്റെ നടത്തം ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല ദേശീയ റിക്കോര്‍ഡിടുകയും ചെയ്തു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ബഹുമതി