കൊച്ചി – കൊട്ടേഷന്‍ – മയക്കുമരുന്ന് – യുവാക്കള്‍ ഇതിന്റെ വ്യത്യാസ്ഥ അനുപാതത്തിലുള്ള സങ്കലനത്തിലൂടെ പടച്ചിറക്കുന്ന “വ്യത്യസ്ഥമായ“ സിനിമാ മാലിന്യങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകന്‍ പൊറുതി മുട്ടുകയാണ്. ആ മാലിന്യ മലയിലേക്ക് ഉന്നം എന്ന പേരുള്ള മറ്റൊരു വണ്ടിയും ഉന്തി എത്തിയിരിക്കുകയാണ് സിബി മലയില്‍.
തനിയാവര്‍ത്തനം, ഭരതം, കിരീടം തുടങ്ങി മലയാള സിനിമയിലെ ക്ലാസിക്കുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന (സിനിമയിലെ ഘടകങ്ങളെ ജാതി അടിസ്ഥാനത്തില്‍ നിരൂപിക്കുന്ന ‘പുരോഗമന’ നിരൂപകര്‍ ക്ഷമിക്കുക. മൂന്നിലും നായന്മാര്‍ / തറവാടുകള്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്) എന്ന ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഇന്നിപ്പോള്‍ മാലിന്യ വണ്ടിയും ഉന്തിക്കൊണ്ട് പ്രേക്ഷകനു മുമ്പില്‍ കിതച്ചു കൊണ്ട് നില്‍ക്കുന്നത്. അന്ന് സിബിക്കൊപ്പം മികച്ച തിരക്കഥാകൃത്തായ അന്തരിച്ച എ. കെ. ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ സര്‍ഗ്ഗാത്മകതയുടെ പിന്‍ബലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയുടെ ബലത്തിലാണ് സംവിധായകനെന്ന നിലയില്‍ ഇന്നിപ്പോള്‍ കാല്‍ നൂറ്റാണ്ട് എത്തി നില്‍ക്കുന്ന സിബി മലയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ മികച്ച സംവിധായകന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയുവാനാകും. ആ മേല്‍വിലാസം മുത്താരം കുന്ന് പി. ഓ. യിലേക്ക് തിരിച്ചു പോകുന്നതിന്റെ കാഴ്ചയാണ് സമീപ കാലത്തിറങ്ങിയ സിബി ചിത്രങ്ങള്‍ പ്രേക്ഷകനു നല്‍കുന്നത്.
ഉന്നത്തിനു വേണ്ടി സ്വാതി ഭാസ്കര്‍ രചിച്ച കഥാ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒട്ടും നിലവാരം പുലര്‍ത്തുന്നില്ല. കഥാപാത്ര രൂപീകരണത്തിലും അവരെ അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുത്ത നടന്മാരുടെ കാര്യത്തിലും സംവിധായകനും തിരക്കഥാകൃത്തും അമ്പേ പരാജയപ്പെടുന്നു. ആദ്യാവസാനം പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുവാന്‍ ഉള്ള കഴിവിനനുസരിച്ചാണ് സസ്പെന്‍സ് ചിത്രങ്ങളുടെ മികവ്. എന്നാല്‍ സ്വാതി ഭാസ്കറിന്റെ തിരക്കഥ ചാപിള്ളയായിരുന്നു എന്ന് തുടക്കത്തിലേ പ്രേക്ഷകനു ബോധ്യം വരുന്നുണ്ട്. ഇത്തരം ചാപിള്ള തിരക്കഥകളുമായി ആളുകള്‍ വരുമ്പോള്‍ അത് തിരിച്ചറിയുവാന്‍ സിബി മലയിലിനെ പോലെ ഇത്രയും കാലത്തെ അനുഭവ പരിചയമുള്ള ഒരു സംവിധായകനു കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദെഹം ഈ സംവിധായക പണി നിര്‍ത്തുന്നതാണ് നല്ലത്.
ഒരു കാലത്ത് സിബിയുടെ ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം നിലവാരമുള്ള ഗാനങ്ങളായിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി… എന്നു തുടങ്ങുന്ന കിരീടം എന്ന ചിത്രത്തിലെ ജോണ്‍സണ്‍ ഈണമിട്ട കൈതപ്രത്തിന്റെ വരികള്‍ ഇന്നും മലയാളിയുടെ ചുണ്ടില്‍ നിന്നും മാറിയിട്ടില്ല. റഫീഖ് അഹമ്മദും, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖകരും പ്രതിഭയുള്ളവരാണെങ്കിലും അതിന്റെ നിഴലാട്ടം പോലും ഈ ചിത്രത്തിലെ ഗാനങ്ങളില്‍ കടന്നു വരുന്നില്ല. ജോണ്‍ പി. വര്‍ക്കിയുടെ ഈണം ചിത്രത്തിന്റെ നിലവാരത്തിനു യോജിക്കുന്നുണ്ട്. തേങ്ങയെത്ര അരച്ചാലും താളല്ലേ കറി എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നു ഛായാഗ്രാഹകന്‍ അജയന്‍ വിന്‍സെന്റിന്റെ ശ്രമങ്ങള്‍.
മലയാള സിനിമയിലെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ പദവിയാണ് ആസിഫലി ഉന്നം വെക്കുന്നതെങ്കില്‍ പരാജയ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നതാണ് അതിനുള്ള മാനദണ്ഡം എന്ന് തിരുത്തി നിശ്ചയിക്കേണ്ടി വരും. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലോ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലോ ആസിഫലി ജാഗ്രത പുലര്‍ത്തുന്നില്ല എന്നു വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ . ഉന്നത്തിനു തൊട്ടു മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്തതും എട്ടു നിലയില്‍ പൊട്ടിയതുതുമായ “വയലിന്‍ ” എന്ന ചിത്രത്തിലും ആസിഫലി തന്നെ ആയിരുന്നു നായകന്‍ .
ഇപ്പോള്‍ പ്രേക്ഷക തിരസ്കരണം ഏറ്റുവാങ്ങിയ ഉന്നത്തിലും ആസിഫലി തന്നെയാണ് നായക സ്ഥാനത്ത്. ആസിഫലിയുടെ അസുരവിത്ത് എന്ന ചിത്രത്തിന്റെ ഗതിയും പരാജയമല്ലാതെ മറ്റൊന്നായിരുന്നില്ല.
തനിക്കിണങ്ങാത്ത കഥാപാത്രങ്ങളെ ഒഴിവാക്കുക അല്ലെങ്കില്‍ കഥയ്ക്കിണങ്ങാത്ത നടനെ ഒഴിവാക്കുക എന്ന പതിവ് മലയാള സിനിമക്ക് പുറത്തുള്ള പല സിനിമാക്കാരിലും പതിവാണ്. പണം പ്രശസ്തി തുടങ്ങിയ ഘടകങ്ങളോട് ആക്രാന്തം കാണിക്കാതെ തികച്ചും പ്രൊഫഷണലായി സിനിമയെ സമീപിക്കുന്നവര്‍ക്കേ അത്തരം നിലപാട് എടുക്കുവാനാകൂ. മലയാള സിനിമയില്‍ യങ്ങ് സൂപ്പര്‍സ്റ്റാറാകുവാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല ഓള്‍ഡ് മെഗാ താരങ്ങള്‍ക്കും മേല്പറഞ്ഞ കാര്യത്തില്‍ ഇനിയും പക്വതയാര്‍ന്ന തീരുമാനം എടുക്കുവാന്‍ ആകുന്നില്ല എന്നത് അവരുടെ പല നിലവാരമില്ലാത്ത ചിത്രങ്ങളും സാക്ഷ്യം പറയുന്നു.
ഈ ചിത്രത്തില്‍ ശ്രീനിവാസന്റെ അഭിനയം ബോറടിപ്പിക്കുന്നുണ്ടെങ്കിലും പ്രശാന്ത് നാരായണ്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പരിമിതികള്‍ക്കുള്ളിലും അഭിനേതാവ് എന്ന നിലയിലുള്ള കഴിവ് നടന്‍ ലാല്‍ പ്രകടിപ്പിക്കുന്നുണ്ട്.
റീമ കല്ലിങ്ങലിന്റെ മുടിക്കെട്ട് മാറ്റിയാല്‍ അഭിനയം നന്നാകില്ല. അസ്വാഭാവികമായ അവരുടെ അഭിനയം സിനിമയെ അസഹ്യമാക്കുന്നുണ്ട്. നെടുമുടി വേണു, ശ്വേതാ മേനോന്‍ , കെ. പി. എ. സി. ലളിത തുടങ്ങി പരിചിതരായ മറ്റു ചിലരും ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തങ്ങളുടെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങളല്ല ലഭിച്ചിരിക്കുന്നത്.
കാലഘട്ടത്തിനനുസരിച്ചുള്ള ചിത്രം ഒരുക്കുവാനാണ് വയലിന്‍ , ഉന്നം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നതെങ്കില്‍ സിബിയോട് ഒന്നേ പറയുവാനുള്ളൂ. കൊട്ടേഷനും കൊച്ചിയും ആസിഫലിയും ചേര്‍ന്നാല്‍ പുതിയ കാലഘട്ടത്തിന്റെ സിനിമയാകില്ല. സംവിധായകന്‍ എന്ന പേര് തിരശ്ശീലയില്‍ എഴുതിക്കാണിക്കുക എന്നത് മാത്രമാണോ സിബി മലയില്‍ ഉന്നത്തിലൂടെ ഉദ്ദേശിച്ചിരുന്നതെന്നാണ് പ്രേക്ഷകന്‍ ചിന്തിക്കുന്നത്. ഇനി അതല്ല നിര്‍മ്മാണത്തിനായി പണം മുടക്കുന്ന നിര്‍മ്മാതാവിന്റേയും പണവും സമയവും മുടക്കി സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകന്റേയും നെഞ്ചിന്‍ കൂടാണ് ഉന്നം വെയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു കടുകിട പോലും പിഴക്കാതെ ഈ ചിത്രം ഉന്നത്തില്‍ തന്നെ കൊണ്ടിട്ടുണ്ട്.
– ആസ്വാദകന്‍
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: asif ali, controversy, filmmakers, swetha-menon
ആസിഫലിയെ ഉന്നവം വച്ച് എഴുതിയത
ഇതു ഹിന്ദി സുപ്പര്‍ ഹിറ്റ് ചിത്രം johny gadhar ന്റെ പെര്‍ഫെക്‍റ്റ് copy ആണു.നാണം ആകില്ലല്ലൊ ഇങനെ copy അടിക്കാന്‍….