സിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക് സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക് ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ് തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക് തിരികെ പോയി.
ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ് കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ് പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, salim-kumar
നന്ദി , വന്ന വയീ മരനതിനു