കൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനും ആയിരുന്ന എസ്. പാവമണി (78) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ആദ്യ കാല മലയാള സിനിമാ വിതരണ രംഗത്ത് പാവമണി സജീവമായിരുന്നു. 1959 -ല്‍ സഹോദരന്‍ എസ്. എല്‍. പാവമണിയ്ക്കൊപ്പം ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ആയിരുന്നു ചലച്ചിത്ര വിതരണ രംഗത്തേക്ക് പാവമണി കടന്നു വന്നത്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രമായിരുന്നു ഇവര്‍ ആദ്യമായി വിതരണം ചെയ്ത മലയാള ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. ഇതില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറി കടന്ന അവളുടെ രാവുകള്‍ എന്ന ചിത്രവും ഉള്‍പ്പെടും.
ഷീബ ഫിലിംസ്, അജന്ത, സിതാര, നവശക്തി തുടങ്ങിയ പേരുകളില്‍ വിതരണ കമ്പനികള്‍ നടത്തി. 1975-ല്‍ പ്രതാപ് ചിത്ര എന്ന ബാനറില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. അയോധ്യ, ആയിരം ജന്മങ്ങള്‍, അപരാധി, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
സാമുവല്‍ ജെ. പാവമണിയുടേയും ആലീസിന്റെയും മകനാണ് എസ്. പാവമണി. ഷെര്‍ളിയാണ് ഭാര്യ, മക്കള്‍ പ്രതാപ്, ഷീബ. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റ് മരുമകനാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary
ഇതെന്താ ബി. എസ്. യെദിയൂരപ്പയുടെ പടം??
അബദ്ധം പറ്റിയതായിരുന്നു. പടം മാറ്റി.