Monday, January 16th, 2012

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍; സരോജ് ശ്രീനിവാസന്റെ പണ്ഡിറ്റ് ചിത്രം!

padmasree-bharat-dr-saroj-kumar-epathram

ഉദയനാണു താരം സിനിമയിലെ നായകന്‍ സരോജ് കുമാറിന്റെ തിരക്കഥയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തില്‍ ഒരു ചലച്ചിത്ര വൈകല്യം പിറന്നാല്‍ എങ്ങിനെ ഇരിക്കും എന്ന് ആര്‍ക്കെങ്കിലും ഒരു കൌതുകം തോന്നിയാല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം കണ്ടാല്‍ മതിയെന്നാണ് ആസ്വാദകനു തോന്നുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും മോശം തിരക്കഥയുമായി ഒരു മലയാള സിനിമ ഇറങ്ങിയിട്ടുണ്ടാവില്ല.

santhosh-pandit-epathram

സന്തോഷ്‌ പണ്ഡിറ്റ്‌

നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി പ്രതിഭ തെളിയിച്ച ശ്രീനിവാസന്‍ വയസ്സാം കാലത്ത് സന്തോഷ് പണ്ഡിറ്റിനു പഠിക്കുകയാണോ എന്ന് പ്രേക്ഷകനു സംശയം തോന്നിയാല്‍ ഒട്ടും അതിശയിക്കേണ്ടതില്ല. സന്ദേശവും, വടക്കു നോക്കി യന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും, ഉദയനാണ് താരവുമെല്ലാം രചിച്ച ശ്രീനിവാസന്റെ പ്രതിഭക്ക് ജരാനര ബാധിച്ചു എന്ന് ഒരുനാള്‍ വരും എന്ന മോഹന്‍‌ലാല്‍ ചിത്രം പ്രേക്ഷകനു വ്യക്തമായ സൂചന നല്‍കിയിരുന്നു. ആ മുന്നറിയിപ്പിനെ വക വെക്കാതെ പണവും സമയവും മുടക്കി തിയേറ്ററില്‍ എത്തുന്നവര്‍ക്ക് ഈ ദുരന്ത സത്യം നേരിട്ടനുഭവിക്കാം. തിരക്കഥാ കൃത്തിന്റെ സ്ഥാനം സംവിധായകനേക്കാള്‍ മുകളിലാണെന്ന് സ്വയം വ്യക്തമാക്കുന്ന ടൈറ്റില്‍ കാര്‍ഡ് ഒരു സൂചകമാണ്. അതായത് ഈ വങ്കത്തരത്തില്‍ സംവിധായകനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം തിരക്കഥാകൃത്തിനു തന്നെ എന്ന്.

കറുത്ത ഹാസ്യം എന്നത് ഒരു കാലത്ത് ശ്രീനിവാസന്റെ രചനകളുടെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ശുദ്ധ വളിപ്പിനെ “കൂതറയില്‍ മുക്കിയെടുത്ത്“ സ്ഥാനത്തും അസ്ഥാനത്തും വിളമ്പിയിരിക്കുന്നു. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് മലയാള സിനിമയിലെ ആനുകാലിക സംഭവങ്ങളെയെല്ലാം ചേര്‍ത്ത് ഇടതടവില്ലാതെ എന്തൊക്കെയോ പറയുവാനും കാണിക്കുവാനും ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ടെന്ന വണ്ണം ആദായ നികുതി റെയ്ഡിനെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പ് ആനക്കൊമ്പാണെന്ന് പറയണം ഇല്ലെങ്കില്‍ അത് തന്റെ ഇമേജിനെ ബാധിക്കും എന്ന് പറയുന്ന നായകന്‍. ലഫ്റ്റനെന്റ് പദവി ലഭിക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന “പരാക്രമങ്ങള്‍” ഇതെല്ലാം ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പൃഥ്‌വിരാജിന്റെയും സുപ്രിയാ പൃഥ്‌വിരാജിന്റെയും ഒരു ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഡയലോഗാണ് ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് പറയുന്ന നടന്‍ എന്നത്. ഈ ചിത്രത്തില്‍ സരോജ് കുമാറിന്റെ പരിഹാസ വാചകത്തില്‍ അതും തിരുകുവാന്‍ ശ്രീനിവാസന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വിമര്‍ശനമെന്നാല്‍ വെറും വളിപ്പല്ലെന്ന് അറിയാത്ത ആളല്ല ശ്രീനിവാസന്‍ എന്നതാണ് ഈ ചിത്രം കാണുന്നവനെ കൂടുതല്‍ ദുഖിപ്പിക്കുന്നത്. രതിനിര്‍വ്വേദത്തെ പോലെ റീമേക്ക് ചിത്രങ്ങളെ പരിഹസിക്കുന്ന തിരക്കഥാകാരന്‍ രണ്ടു കാലും മന്തുള്ളവന്‍ ഉണ്ണി മന്തുള്ളവനെ പരിഹസിക്കുന്ന പഴമൊഴിയെ ഓര്‍മ്മപ്പെടുത്തുന്നു.

ഉദയനാണ് താരത്തിലെ ചില കഥാപാത്രങ്ങളെ എടുത്ത് ആ കഥയുടെ തുടര്‍ച്ചയെന്നോണം തട്ടിക്കൂട്ടിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന് രതിനിര്‍വ്വേദങ്ങളുടെ പുനരവതാരത്തെ പരിഹസിക്കുവാന്‍ യാതൊരു അര്‍ഹതയുമില്ല. പുതുമുഖ സംവിധായകന്‍ ആയിരിന്നിട്ടു കൂടി ഉദയനാണു താരത്തെ വന്‍ വിജയമായ കൊമേഴ്സ്യല്‍ ചിത്രമാക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ വന്നിരിക്കുന്ന ചലച്ചിത്ര ഗോഷ്ടി സംവിധാനം ചെയ്തിരിക്കുന്നതും ഒരു പുതുമുഖ സംവിധായകന്‍ തന്നെ – സജിന്‍ രാഘവന്‍. സജിന്‍ രാഘവനു മേലില്‍ സംവിധായകന്റെ മേലങ്കി അണിയുവാന്‍ ജീവിതത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഈ പണിക്കിറങ്ങും മുമ്പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. ഒരുനാള്‍ വരും, സാഗര്‍ ഏലിയാസ് ജാക്കി, എയ്‌ഞ്ചല്‍ ജോണ്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് കോടികള്‍ ഇറക്കുവാന്‍ പ്രോഡ്യൂസേഴ്സ് മുന്നോട്ടു വരുന്ന മലയാള സിനിമയില്‍ തീര്‍ച്ചയായും സജിനു പ്രതീക്ഷയര്‍പ്പിക്കാം. അവസരം ലഭിക്കാതിരിക്കില്ല.

ചുരുങ്ങിയ കാലം കൊണ്ട് വിനീത് ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത ഇമേജും ഈ ചിത്രത്തിലൂടെ കളഞ്ഞു കുളിക്കുന്നുണ്ട്. അച്ഛനും മകനും കൂടി പ്രേക്ഷകനെ ബോറടിപ്പിക്കുന്നതില്‍ മത്സരിക്കുന്നതായാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ഈ ചിത്രം വിനീത് എന്ന യുവ നടന് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതിനെ പറ്റി ചിന്തിക്കുവാനുള്ള അവസരമാണ്. മമതാ മോഹന്‍ ദാസ് ഈ ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ചുമ്മാ സരോജ് കുമാറിനെ കുറ്റം പറയുവാനായി ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്നു എന്നതിനപ്പുറം യാതൊന്നും ഈ കഥാപാത്രത്തിനു ചെയ്യാനില്ല.

മലയാള സിനിമയെ “ശുദ്ധീകരിക്കുക” എന്ന ദൌത്യമാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിലൂടെ ഏറ്റെടുക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം തിരക്കഥ എഴുതുന്ന സ്വന്തം തൂലികയെ കുപ്പയില്‍ ഇടുക എന്നതു തന്നെയാണ്. ആദ്യം അവിടെ നിന്നാകട്ടെ ശുദ്ധീകരണം. മാലിന്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര മാലിന്യങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്നു. അതില്‍ സൂപ്പര്‍ മാലിന്യങ്ങള്‍ മുതല്‍ സന്തോഷ് മാലിന്യം വരെ ഉണ്ട്. ഈ മാലിന്യ കൂമ്പാരത്തില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിവൃത്തി ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ ചിലര്‍ അതില്‍ വീഴുന്നുമുണ്ട്. ഇത്തരം മാലിന്യങ്ങള്‍ കൊണ്ട് ആകെ പ്രയോജനം ഉണ്ടാകുന്നത് സിനിമയുടെ പേരില്‍ ജീവിക്കുകയും, ഗ്രൂപ്പ് കളിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം. പുതിയ സിനിമകള്‍ വരുന്നു, അവയെ പ്രേക്ഷകന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു എന്നത് അറിയാത്ത ആളുകള്‍ അല്ല ഈ സിനിമയുടെ അണിയറയില്‍ ഉള്ളവര്‍ എന്നിട്ടും ഇത്തരം മാലിന്യത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ തള്ളുന്നത് ഒന്നുകില്‍ ശുദ്ധ അഹങ്കാരം അല്ലെങ്കില്‍ പ്രേക്ഷകനോടുള്ള വെല്ലുവിളി എന്ന നിലയിലേ ഈയുള്ളവന്‍ കാണുന്നുള്ളൂ.

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ കോപ്രായങ്ങള്‍ കണ്ട് ആര്‍ത്തു ചിരിക്കുവാന്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍ എത്തുന്നവര്‍ ആദ്യ പകുതിയില്‍ തന്നെ നിരാശപ്പെടുന്നു. വെക്കടാ വെടി എന്ന പേരില്‍ സരോജ് കുമാറിന്റെ ഒരു ചിത്രത്തിന്റെ പേരുണ്ട് ഈ സിനിമയില്‍‍. ഒടുവില്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ പറയുന്നതും മറ്റൊന്നുമല്ല. വെക്കടാ വെടി എന്ന് തന്നെ. പക്ഷെ അത് ആരുടെ നെഞ്ചത്തോട്ട് എന്നതാണ് പ്രശ്നം. കഥാകൃത്തിന്റേയോ,സംവിധായകന്റേയോ, നിര്‍മ്മാതാവിന്റേയോ അതോ തന്റെ തന്നെയോ?

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

4 അഭിപ്രായങ്ങള്‍ to “പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍; സരോജ് ശ്രീനിവാസന്റെ പണ്ഡിറ്റ് ചിത്രം!”

  1. Shiny says:

    ഒരു വിമര്‍ശന സിനിമയ്ക്ക് ഒരു സാധാരണ സിനിമയുടെ സ്വഭാവം കാണില്ല. എങ്കിലും ശ്രീനി ആവും വിധം ഹാസ്യം അതില്‍ കൊണ്ടുവന്നിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ ഏതെങ്കിലും ഒരു നാല് സിനിമ എടുത്തു ഇതുപോലെ കുത്തി കീറി നോക്കിയാല്‍ കിട്ടും ഒരുപാട് പോരായ്മകള്‍. പക്ഷെ അതിനു ധൈര്യം വേണം. കാലത്തിനു കൈക്ക് വിറയല്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ ആശയങ്ങള്‍ എന്നും ചെറുപ്പമായിരിക്ക്കും.

  2. babugeorge says:

    നമ്മല്ം

  3. Sreejith K says:

    ആക്ഷേപഹാസ്യവും ഹാസ്യവും തമ്മിലുള്ള വ്യത്യാസം അറിയുന്ന ആരെയും കിട്ടിയില്ലേ ഒരു നിരൂപണം എഴുതാൻ?

  4. sasi says:

    ശ്രീനി ഇനി മകന്റെ മാനം കളയാതെ നോക്കണം , വളരെ ആലോചിചച് വര്‍ഷ്ത്തില്‍ ഒരു തിരക്കഥ എഴുതിയാല്‍ മതി. വയസായില്ലെ .. ഇനി മക്കള്‍ (വിനീത്) ഉയരട്ടെ..ആശംസകള്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine