ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ കൊണ്ടുവരുന്നു. ദുരിതങ്ങള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങള്‍ വെല്ലുവിളിയോടെ തരണം ചെയ്ത് ജീവിത വിജയം നേടിയ റസൂലിന്റെ ജീവിതം സിനിമയാക്കാനാണ് ആലോചിയ്ക്കുന്നത് എന്ന് ചിത്രം സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിക്‌ടേഴ്‌സ് ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ തിരുവനന്തപുരം സ്വദേശി വി.എന്‍.പ്രദീപ് പറഞ്ഞു. ‘മൈ എയ്ത്ത് വണ്ടര്‍’ (എന്റെ എ്ട്ടാം അദ്ഭുതം) എന്ന പേരിലുള്ള ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ആത്മകഥയായ ‘ശബ്ദതാരാപഥ’ത്തെ ആസ്പദമാക്കിയാണെങ്കിലും തികച്ചും വേറിട്ട ഒരു ട്രീറ്റ്‌മെന്റാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഒരു സാധാരണക്കാരനും ഓസ്‌കര്‍ ജേതാവും തമ്മിലുള്ള ആത്മബന്ധമാണ് കഥയില്‍ പരാമര്‍ശിക്കുന്നത്.
ഗ്രാഫിക് ഡിസൈനറായ പുനലൂര്‍ സ്വദേശി ഷനോജ് ശറഫിന്റെതാണ് തിരക്കഥ. റസൂലിനോടൊപ്പം പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച എസ്. ജി. രാമനാണ് കാമറ . മലയാളത്തിലോ ഹിന്ദിയിലോ ആയിരിക്കും സിനിമ. ഭാവിയില്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റാനും ആലോചിക്കുന്നതായി സംവിധായകന്‍ പറഞ്ഞു. തിരക്കഥയുടെ ആദ്യ കരട് പൂര്‍ത്തിയായി. ചേരന്റെ ആദ്യചിത്രമായ ഭാരതി കണ്ണമ്മയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പ്രദീപ് കെ. ജി ജോര്‍ജിന്റെ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.