ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാല എന്ന പുതിയ ചിത്രത്തില്‍ ഒരു വിദേശ ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ നായികയാകുന്നു. നേരത്തേ അറബിക്കഥയെന്ന ചിത്രത്തിലും ചൈനക്കാരിയായ ചാങ് ഷുമിനെ അവതരിപ്പിച്ച ലാല്‍ ജോസ് തന്നെയാണ് പുതിയ ചിത്രത്തിലേയ്ക്ക് ഒരു ബ്രിട്ടീഷ് കാരിയെ കണ്ടെത്തിയതും. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും സ്‌പെയിനില്‍ വച്ചായിരിക്കുമെന്നാണ് സൂചന.ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. എമി ഇതാദ്യമായിട്ടല്ല ഇന്ത്യന്‍ ചലച്ചിത്രലോകത്ത് എത്തുന്നത്.
നേരത്തേ മദ്രാസിപ്പട്ടണം എന്ന തമിഴ് ചിത്രത്തില്‍ ആര്യയുടെ നായികയായി എമി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം വലിയ ഹിറ്റായതോടെ എമിയ്ക്ക് തമിഴ്‌നാട്ടില്‍ ഒട്ടേറെ അവസരങ്ങള്‍ കിട്ടി. ഗൗതം മേനോന്‍ സൂര്യ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ എമിയാണ് നായിക. കൂടാതെ ‘വിന്നൈത്താണ്ടി വരുവായാ’ എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ പ്രേംകഥയിലും എമി അഭിനയിക്കുന്നുണ്ട്.
ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. നൗഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.