ബാംഗ്ലൂര്‍: ഭാവനയുടെ സമയം തെളിഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ കന്നട സിനിമയില്‍ നായികയാകുവാന്‍ ഭാവന ഒരുങ്ങുന്നു. ഹിറ്റ് സിനിമയായ ജാക്കിയില്‍ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ നായികയായാണ് കന്നഡയില്‍ ഭാവനയുടെ അരങ്ങേറ്റം. പിന്നീട് വിഷ്ണുവര്‍ധന്‍ എന്ന സിനിമയില്‍ കന്നടയിലെ മറ്റൊരു സൂപ്പര്‍ താരം സുദീപിന്റെ നായികയായി.
സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന റോമിയോ എന്ന ചിത്രത്തില്‍ കന്നടയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ ചിത്രത്തിലും ഭാവന തന്നെയാണ് നായിക. കന്നടയില്‍ ലഭിച്ച മൂന്നു സിനിമകളും സൂപ്പര്‍ നായകന്മാര്‍ക്കൊ പ്പമായതില്‍ ഭാവന ഇരട്ടി സന്തോഷത്തിലാണ്. ഏതൊരു അന്യ ഭാഷാ നടിയെ സംബന്ധിച്ചിടത്തോളവും അഭിമാന മര്‍ഹിക്കുന്ന നേട്ടമാണിതെന്നു ഭാവന പ്രതികരിച്ചു. ”കന്നടയിലെ ആദ്യ രണ്ടു ചിത്രങ്ങളെക്കാള്‍ വിഭിന്നമാണ് റോമിയോയുടെ കഥ. സംവിധായകന്‍ ചിത്രത്തെപ്പറ്റി ആദ്യ വിവരണം തന്നപ്പോള്‍ തന്നെ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു” – ഭാവന പറയുന്നു. കുഞ്ചാക്കോ ബോബനൊപ്പം ‘ഡോക്ടര്‍ ലവ്’, പ്രിയദര്‍ശന്റെ ‘അറബിയും ഒട്ടകവും പി. മാധവന്‍നായരും’ എന്നിവയാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ഭാവനയുടെ ചിത്രങ്ങള്‍.