മരട്: ഫ്ളാറ്റില്‍ വച്ച് യുവതിയെ കടന്നു പിടിക്കുവാന്‍ ശ്രമിച്ച ന്യൂജനറേഷന്‍ സിനിമാ തിരക്കഥാകൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഘര്‍ സല്‍മാന്‍ നായകനായ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ മലപ്പുറം കോട്ടയ്ക്കല്‍ വലിയ കണ്ടത്തില്‍ മുഹമ്മദ് ഹാഷിം (29) ആണ് അറസ്റ്റിലായത്. ഇയാള്‍ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആണ് സംഭവം നടന്നത്. കൊച്ചി മരടിലെ ഫ്ളാറ്റില്‍ പത്താം നിലയില്‍ താമസിക്കുന്ന യുവതി നാലാം നിലയില്‍ താമസിക്കുന്ന സഹോദരിയുടെ ഫ്ളാറ്റില്‍ ഭക്ഷണം എടുക്കുവാന്‍ വന്നതായിരുന്നു. ഭക്ഷണമെടുത്ത് പുറത്തിറങ്ങി ലിഫ്റ്റിനു സമീപത്തെത്തിയപ്പോള്‍ പൂര്‍ണ്ണ നഗ്നനായ പ്രതി സ്റ്റെയര്‍ കേസിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. യുവതിക്കു നേരെ ഓടിയടുത്ത ഇയാള്‍ കയറിപ്പിടിക്കുകയും തല നിലത്ത് ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ യുവതിയെ രക്ഷപ്പെടുത്തി. അക്രമകാരിയായ യുവാവിനെ അയൽക്കാർ സാഹസികമായി കീഴ്പ്പെടുത്തി. ഇയാളുടെ നഗ്നത മറച്ച ശേഷം തോര്‍ത്ത് ഉപയോഗിച്ച് ബന്ധിച്ച് പോലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പ്രതിയ്ക്കെതിരെ ബലാത്സംഗ ശ്രമത്തിനും, നഗ്നതാ പ്രദര്‍ശനത്തിനും, ശാരീരിക ആക്രമണത്തിനും കേസെടുത്തു. ഇയാളുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും, മൂന്ന് പാസ്പോര്‍ട്ടും, ലൈംഗിക ഉത്തേജന മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മുഹമ്മദ് ഹാഷിമിനെ കോടതിയില്‍ ഹാജരാക്കും.