തൃശ്ശൂര്‍: പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച 39 പേരുടെ പട്ടികയില്‍ അവാര്‍ഡുകള്‍ കിട്ടിയ കേരളീയരായ രാഘവന്‍ തിരുമുല്‍പ്പാട്, ഒ. എന്‍. വി., നടന്‍ ജയറാം, കലാമണ്ഡലം ക്ഷേമാവതി എന്നിവരുടെ പേരുകള്‍ ഇല്ലായിരുന്നതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ സ്വദേശി വി. കെ. വെങ്കിടാചലം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു.
പട്ടികയിലെ പത്തോളം പേര്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. വ്യാപാരികളായ നാലോളം പേര്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ആര്‍ട്ട് വിഭാഗത്തില്‍ 10 പേരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, ശാസ്ത്രജ്ഞന്‍മാര്‍, സാഹിത്യകാരന്‍മാര്‍, കായിക രംഗത്തെ വ്യക്തികള്‍ തുടങ്ങിവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഭാരത രത്‌നയ്ക്കായി കേരളം ശുപാര്‍ശ ചെയ്തത് എം. എസ്. സ്വാമിനാഥനെയാണ്. പത്മവിഭൂഷനായി ഗായകന്‍ കെ. ജെ. യേശുദാസിനെയും പത്മഭൂഷനായി ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗോപാലകൃഷ്ണന്‍, ശ്രീനാരായണ അക്കാദമി പ്രസിഡന്‍റ് വെള്ളായണി അര്‍ജ്ജുനന്‍, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സി. ഇ. ഒ. സി. ജി. കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെയാണ് ശുപാര്‍ശ ചെയ്തത്.
സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദര്‍ മേനോന്‍ ഇന്‍റസ്ട്രി ആന്‍റ് സോഷ്യല്‍ വര്‍ക്ക് ഗ്രൂപ്പില്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്ന് ഐ. എം. വിജയനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടന്‍ മധു, കെ. പി. എ. സി. ലളിത, ആറന്‍മുള പൊന്നമ്മ, ഷാജി എന്‍. കരുണ്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ സ്ഥാനം നേടിയിരുന്നു.
ടി. കെ. എം. കോളേജുകളുടെ ട്രസ്റ്റ് ചെയര്‍മാനായ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പങ്കജ കസ്തൂരി ഹെര്‍ബല്‍സ് എം. ഡി. ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. എന്‍. പി. പി. നമ്പൂതിരി തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്. സ്വാതന്ത്ര്യ സമര സേനാനി വിഭാഗത്തില്‍ കെ. മാധവനും ലിസ്റ്റില്‍ ഉണ്ട്. അന്ന കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. സി. ജേക്കബ്, ഡോ. തോമസ് മാത്യു, ഡോ. ഷാജി പ്രഭാകരന്‍, അനന്തപുരി ആസ്പത്രി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡം പിള്ള, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു. മടവൂര്‍ വാസുദേവന്‍, ക്രിസ് ഗോപാല കൃഷണന്‍, ടി. ജെ. എസ്. ജോര്‍ജ്ജ്, പെരുവനം കുട്ടന്‍ മാരാര്‍, ഷാജി എന്‍. കരുണ്‍, ജി. ശങ്കര്‍, ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍. പുരസ്കാരത്തിനായി ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്‌നാടും ടി. ജെ. എസ്. ജോര്‍ജ്ജിനെയും ക്രിസ്സ് ഗോപാല കൃഷ്ണനെയും നിര്‍ദ്ദേശിച്ചത് കര്‍ണ്ണാടക സര്‍ക്കാറുമാണെന്ന് മുമ്പു വാര്‍ത്ത വന്നിരുന്നു.