തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ തോക്കുമായെത്തി വിവാദ നായകനായ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കുറിച്ച് നടി അനന്യ നടത്തിയ ദിവ്യ സാക്ഷ്യം ഇന്റര്‍നെറ്റില്‍ വലിയ പ്രാചാരം നേടുന്നു. സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ ഫോട്ടോയില്‍ നിന്നും വിഭൂതി വരുന്നതിനെ പറ്റിയാണ് നടിയുടെ അനുഭവ സാക്ഷ്യം. എ. സി. വി. എന്ന ടെലിവിഷന്‍ ചാനലില്‍ മുമ്പ് വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ യുവ നടിയാണ് അനന്യ. യുവ താര ചിത്രങ്ങളില്‍ മാത്രമല്ല സൂപ്പര്‍ താര ചിത്രങ്ങളിലും അനന്യ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഹന്‍ ലാലിനൊപ്പം ശിക്കാര്‍ എന്ന ചിത്രത്തിലും അടുത്തയിടെ ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും അനന്യ അഭിനയിച്ചിട്ടുണ്ട്.
താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളെ വിളിച്ചറിയിച്ച സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ പോലീസ് ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് തോക്ക് പുറത്തെടുത്ത സ്വാമി നിറയൊഴിച്ചത്. ഇതേ തുടര്‍ന്ന് വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനും ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ച ഇയാള്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍ നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷണം നടത്തിയിരുന്നു.