ട്വന്റി ട്വന്റി സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണത്തെക്കുറിച്ച് മീരാ ജാസ്‌മിന്‍ കൊടുത്ത വിശദീകരണം പച്ചക്കള്ളമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നടന്‍ ദിലീപ് പറഞ്ഞു. ചിത്രത്തില്‍ മീരയുടെ 20-25 ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എട്ടു ദിവസത്തെ ഡേറ്റാണ് ഇതിനായ് മീരയോട് ചോദിച്ചത്. അതുപോലും തരാന്‍ സന്മനസ്സില്ലാത്ത മീര ഇപ്പോള്‍ ഈ പടത്തിന്റെ പ്രവര്‍ത്തകരെ വിഡ്ഢികളാക്കുന്ന പ്രസ്താവന നടത്തിയത് തികച്ചും ബാലിശമായി.
ഈ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. അപ്പോള്‍ മുതല്‍ ഞാന്‍ മീരയോട് ഇക്കാര്യം പറയാന്‍ തുടങ്ങിയതാണ്. എട്ടു ദിവസത്തെ ഡേറ്റ് വേണമെന്നും അത് പലപ്പോഴായി മതിയെന്നുമൊക്കെ വളരെ വിശദമായി സംസാരിക്കുകയും ചെയ്തതാണ്. വിളിക്കുമ്പോഴെല്ലാം പറയാം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മീര ചെയ്തത്. പിന്നീട് ഫോണ്‍ ചെയ്താല്‍ എടുക്കാതെയായി. ഒടുവില്‍ മനസുമടുത്ത് മീരയ്ക്ക് മൊബൈല്‍ ഫോണില്‍ ഞാനൊരു മെസ്സേജ് ഇട്ടു. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. ഇനി ഈ വിഷയം സംഘടനയ്ക്ക് വിട്ടു കൊടുക്കുകയാണെന്നും മെസേജില്‍ ഞാന്‍ അറിയിച്ചിരുന്നു. എന്നിട്ടും മീരയുടെ മറുപടിയുണ്ടായില്ല. മുമ്പ് അവര്‍ പല നിസാര പ്രശ്നങ്ങളില്‍പോലും എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ തുടര്‍ച്ചയായി വിളിക്കുമ്പോള്‍പോലും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല!
ഒരു കാര്യം മീര ഓര്‍ക്കണം. ഇത് നമ്മുടെ സിനിമയാണ്. എല്ലാ നടീ നടന്മാരുടേയും നന്മയ്ക്കു വേണ്ടിയാണ് ഈ സിനിമ. ഇതില്‍ സഹകരിച്ച എല്ലാവരും പല നേട്ടങ്ങളും വേണ്ടെന്ന് വെച്ചാണ് അഭിനയിച്ചത്. മമ്മൂട്ടി ഒരു ഹിന്ദിസിനിമ പോലും ഉപേക്ഷിച്ചാണ് ഇതില്‍ സഹകരിച്ചത്. സിദ്ധീഖ് ഒരു തമിഴ് സിനിമയില്‍ കൊടുത്ത ഡേറ്റ് തെറ്റിച്ചാണ് അമ്മയുടെ സിനിമയില്‍ സഹകരിക്കുന്നത്. അതിന്റെ പേരില്‍ കേസ് വരെയുണ്ടായി. ദക്ഷിണേന്ത്യയില്‍ ഇന്നേറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര അഞ്ചു ദിവസമാണ് കൊച്ചിയില്‍ വന്ന് ഷൂട്ടിംഗില്‍ സഹകരിച്ചത്. മീരയുടെ തിരക്ക് മനസ്സിലാക്കീ പരമാവധി അഡ്‌ജസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലിനും ഒപ്പം കോമ്പിനേഷന്‍ സീനിനായിട്ട് രണ്ടു ദിവസം ഇപ്പോള്‍ തന്നാല്‍ മതി, ബാക്കി ആറു ദിവസം മീരയുടെ സൗകര്യം നോക്കി തന്നാല്‍ മതി എന്നുവരെ പറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയ പ്രതികരണം ലഭിച്ചില്ല. അതേ തുടര്‍ന്ന് അമ്മയിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് മീര ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
ഇപ്പോള്‍ ഈ സിനിമ നിറുത്തിവെച്ചിരിക്കുകയാണ്. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണിത്. ഇത്രയും വലിയൊരു മഹത് സംരംഭത്തിനാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നതെന്ന് ഓര്‍ക്കണം.
മലയാളത്തിലുള്ള നായികമാരൊക്കെ ഈ ചിത്രത്തില്‍ റോളുകല്‍ ചെയ്തു കഴിഞ്ഞു. അല്ലെങ്കില്‍ ഒരാളെ മാറ്റി ഇനിയും റീ-ഷൂട്ട് ചെയ്യണം. ഇതൊക്കെ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അങ്ങനെയൊരു വിഷമവൃത്തത്തില്‍ നില്‍ക്കുമ്പോള്‍ ചിത്രത്തിന് 20-25 ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്ന അടിസ്ഥാനരഹിതമായ വിശദീകരണം കൂടി കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല.
അടിസ്ഥാനപരമായി ഇത്തരമൊരു ചിത്രത്തില്‍ സഹകരിക്കണം എന്ന തോന്നല്‍ അവനവന്റെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്. ആരും നിര്‍ബന്ധിച്ചിട്ടല്ല ഒരു സംഘടനയുടെ വലിയ ഉദ്ധ്യേശ-ലക്ഷ്യങ്ങളുള്ള ഒരു സിനിമയില്‍ സഹകരിക്കേണ്ടത്. അത്തരമൊരു നന്മ മീരയുടെ മനസ്സില്‍ ഇല്ലാതെപോയതില്‍ ഞാന്‍ അല്‍ഭുതപ്പെടുകയാണ്.
മീര എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. അവരുടെ ആദ്യസിനിമയിലെ നായകന്‍ തന്നെ ഞാനായിരുന്നു. പിന്നീട് കുറെയധികം സിനിമകളില്‍ വേഷമിട്ടു. അങ്ങനെയൊരു സുഹൃത്ത് പറഞ്ഞ ചില വാക്കുകളാണ് ഈ വിശദീകരണക്കുറിപ്പിന് എന്നെ പ്രേരിപ്പിച്ചതെന്ന് ദിലീപ് അറിയിച്ചു. കണ്ണടച്ച് ഇരുട്ടാക്കുന്ന, ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന പ്രസ്താവനകള്‍.. ദയവു ചെയ്ത് എന്റെ സുഹൃത്ത് ഇങ്ങനെയൊന്നും പറയരുത്. ദിലീപ് വ്യക്തമാക്കി.
– Salih Kallada