മലയാളി നെഞ്ചിലേറ്റിയ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്നു തുടങ്ങുന്ന ഗാനം രചിച്ച ടി. വി. ഗോപാല കൃഷ്ണന്‍ അന്തരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി യായ ഇദ്ദേഹം ജൂണ്‍ 3 ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്.
1979ല്‍ പുറത്തിറങ്ങിയ ലൗലി എന്ന സിനിമ യില്‍ യേശുദാസിന്റെ സൂപ്പര്‍ ഹിറ്റു ഗാനങ്ങളില്‍ ഒന്നായ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്ന പ്രശസ്ത ഗാനം മൂളാത്ത സംഗീത പ്രേമികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനത്തിന്റെ രചയിതാവിനെ അധികം പേര്‍ക്കും പരിചയം കാണില്ല.
ചെറുപ്പം മുതലേ നാടക ങ്ങള്‍ക്കു വേണ്ടി രചനയും ഗാന രചനയും നിര്‍വ്വഹിച്ചിരുന്ന ടി. വി. ഗോപാല കൃഷ്ണന്‍, സിനിമ യില്‍ സജീവ മാവുന്നത് 1978ല്‍ നിര്‍മ്മിച്ച ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’ എന്ന ചിത്ര ത്തിന് കഥയും തിരക്കഥയും സംഭാഷ ണവും രചിച്ചു കൊണ്ടായിരുന്നു.
ഗാന രചയിതാവ്, തിരക്കഥാ കൃത്ത്, കലാ സംവിധായകന്‍, സംവിധായകന്‍ തുടങ്ങിയ മേഖല കളില്‍ സിനിമ യിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
1979ല്‍ തന്നെ പുറത്തിറങ്ങിയ ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. വെടിക്കെട്ട്, രഘുവംശം, വേഷങ്ങള്‍, ഹൃദയം പാടുന്നു തുടങ്ങിയ ചിത്ര ങ്ങളില്‍ പിന്നണി പ്രവര്‍ത്ത കനായിരുന്നു.
1981 ല്‍ സംവിധായ കന്റെ വേഷമിട്ട ‘തായമ്പക’ എന്ന സിനിമ റിലീസ് ചെയ്യാനായില്ല. ഇതോടെ അദ്ദേഹം സിനിമ രംഗത്തു നിന്നും പിന്‍മാറി. എല്ലാ മേഖല കളിലും കൈ വച്ചതു കൊണ്ടാകാം അദ്ദേഹം ഒരിടത്തും എത്താതെ പോയത്.
കൊട്ടാരക്കര ശ്രീഭദ്ര, ചങ്ങനാശ്ശേരി ജയ കേരള തുടങ്ങിയ നൃത്ത സംഘങ്ങൾക്ക് രചന നിർവ്വഹിയ്ക്കുകയും ചെയ്തി ട്ടുണ്ട്. സഖി വാരിക, ഗീത, തനി നിറം, മാമ്പഴം തുടങ്ങിയ ആനുകാലിക ങ്ങളുടെ പത്രാധിപര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകളും നൂറോളം നോവലുകളും എഴുതിയിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാ ജീവിത ത്തില്‍ അര്‍ഹിക്കുന്ന ഒരു അംഗീകാരവും നേടാതെ ടി. വി. ഗോപാല കൃഷ്ണന്‍ യാത്രയായി.