മലയാള നാടക വേദിയിലും സിനിമയിലും അഭിനയത്തിന്റെ ഇന്ദ്രജാലം തീർത്ത രാജൻ പി. ദേവ് മലയാളിയെ ചിരിപ്പിച്ചും കരയിച്ചും വെറുപ്പിച്ചും ഒടുവിൽ 2009 ജൂലായ് 29നു നാട്യങ്ങളൊന്നുമില്ലാത്ത ലോകത്തേക്കു യാത്രയായി. പൗരുഷത്തിന്റെ ഗാംഭീര്യം നിറഞ്ഞ മുഖഭാവവും മുഴക്കമുള്ള പരുപരുത്ത ശബ്ദവും വില്ലൻ കഥാപാത്രങ്ങൾക്കു മാത്രമല്ല ഹാസ്യ നടനും ഇണങ്ങും എന്ന് ഹാസ്യം കലർന്ന വില്ലൻ ചിരിയോടെ പറഞ്ഞ് രാജൻ പി. ദേവ് പടിയിറങ്ങി പോകുമ്പോൾ അദ്ദേഹത്തിന്റേതു മാത്രമായ ആ കസേര ഇവിടെ ഒഴിഞ്ഞു തന്നെ കിടക്കും.
കേരളമാകെ ഇളക്കി മറിച്ച കാട്ടുകുതിര എന്ന ഒറ്റ നാടകം മതി രാജന്‍ പി. ദേവിന്റെ അഭിനയ ശേഷി മനസിലാക്കാൻ. ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രം ഇന്നും മലയാളി ഓര്‍ക്കുന്നു. മലയാള സിനിമ രാജന്‍ പി. ദേവ് എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചോ എന്ന് സംശയമാണ്. കുറെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങൾ നല്‍കി ഒരു മികച്ച നടനെ നാം വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ പോയി. എന്നിരുന്നാലും മലയാള നാടകവും സിനിമയും നിലനില്‍ക്കുന്ന കാലത്തോളം ഈ വലിയ നടന്‍ നിലനില്‍ക്കും.