പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിനെതിരെയും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെതിരെയും സോഷ്യല്‍ മീഡിയാകളില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ചിത്രത്തിലെ ആക്ഷേപങ്ങള്‍ മോഹന്‍ലാലിനെ ആണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആരോപിക്കുന്നു. മോഹന്‍ ലാലിന്റെ അടുത്ത ആളായ ആന്റണി പെരുമ്പാവൂര്‍ തന്നെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ക്യാമറാമാന്‍ എസ്. കുമാര്‍ പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്നവരെ കരി വാരിത്തേക്കുകയാണ് ശ്രീനിവാസന്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മേജര്‍ രവിയും രംഗത്തെത്തിയെങ്കിലും ഇതേ കുറിച്ച് മോഹന്‍ലാല്‍ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ താന്‍ ആരെയും കരുതിക്കൂടി മോശക്കാരാക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന്റെ വാദം.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ഫാന്‍സും തല്‍ക്കാലം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിട്ടില്ല. നേരത്തെ മോഹന്‍ലാലിനെ കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ തെരുവില്‍ പ്രകടനം നടത്തുകയും സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു മോഹന്‍ലാല്‍ ഫാന്‍സുകാര്‍. എന്നാല്‍ ഇപ്പോള്‍ അപ്രകാരം ചെയ്താല്‍ അത് തീയേറ്ററില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ചിത്രത്തിന് ഗുണകരമായി മാറും എന്നു കരുതിയാണ് അവര്‍ പ്രതിഷേധത്തിനിറങ്ങാത്തതെന്നും വാര്‍ത്തകള്‍ ഉണ്ട്. ചിത്രം തീയേറ്ററില്‍ പോയി കണ്ടാല്‍ അത് നിര്‍മ്മാതാവിനും സംവിധായകനും ഗുണമാകുമെന്നും അതിനാല്‍ ടോറന്റില്‍ വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് കരുതുന്ന പ്രതിഷേധക്കാരും ഉണ്ട്.
നിലവാരമില്ലാത്തതിനാല്‍ പത്മശ്രീ ഭരത് ഡോ. സരോജ് കുമാറ് എന്ന ചിത്രത്തെ പ്രേക്ഷകര്‍ കൈവിടുവാന്‍ തുടങ്ങിയിട്ടുണ്ട്. പല റിലീസ് കേന്ദ്രങ്ങളിലും കസേരകള്‍ ശൂന്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തോടാണ് പലരും ഈ ചിത്രത്തെ ഉപമിക്കുന്നത്. വിവാദമുണ്ടാക്കി ചിത്രത്തെ വിജയിപ്പിക്കുവാനുള്ള ശ്രമമാണെന്നും ചിലര്‍ കരുതുന്നു. ശ്രീനി-ലാല്‍ ബന്ധത്തില്‍ വിള്ളല്‍ എന്നെല്ലാമുള്ള മാധ്യമ വാര്‍ത്തകള്‍ക്കിടയില്‍ ഒരു പക്ഷെ ഉടനെ ഒരു ശ്രീനി-മോഹന്‍ലാല്‍ ചിത്രം അനൌണ്‍സ് ചെയ്താലും അല്‍ഭുതപ്പെടേണ്ടതില്ല എന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.