സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ വാ തോരാതെ പുകഴ്ത്തിയവരൊന്നും എന്താണ് ചിത്രത്തിലെ വ്യത്യസ്തത എന്ന് പറയുന്നില്ല. ഫേസ്ബുക്ക് വഴി മലയാള സിനിമയുടെ പുതിയ കാലമെന്ന് പാടി നടക്കാനും ഒപ്പം അതിനെ പരമാവധി വികസിപ്പിക്കാനും ശ്രമിക്കുന്നതിനിടയില്‍ ഇവരൊക്കെ ഏറെ വ്യത്യസ്തമായ എന്ത് പ്രമേയമാണ് ചിത്രം കൊണ്ടുവന്നിരിക്കുന്നത് പറയാന്‍ മറന്നു . ഏറെ പഴകി പുളിഞ്ഞ ഒരു സാധാരണ പ്രണയ കഥയെ എന്തിനാണ് വെറുതെ ഇങ്ങനെ പാടി പുകഴ്ത്തുന്നത് എന്ന് മനസിലാകുന്നില്ല. ചിത്രത്തിലെ നായകന്‍ കാളിദാസ് എന്ന ലാല്‍ അവതരിപ്പിച്ച കഥാപാത്രം പുരാവസ്തുഗവേഷണ വകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ്. ഒപ്പം അസ്സല്‍ ഭക്ഷണ പ്രിയനും. ചിത്രത്തിന്റെ ആദ്യം തന്നെ ഒരു ആദിവാസി മൂപ്പനെ തട്ടി കൊണ്ടുവരുന്നതാണ്. പക്ഷെ എന്തിനായിരുന്നു ആ തട്ടി കൊണ്ടുവരല്‍. വെറുതെ അയാള്‍ അവിടെ കിടക്കുന്നു. സിനിമയില്‍ അതുമായി ഒരു ബന്ധവും കാണിക്കുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ജോലി സംബന്ധിയായ ഷോട്ടുകളൊക്കെ മുഴച്ചു നില്‍ക്കുന്നു. അങ്ങിനെ പല കാര്യങ്ങളും പരസ്പരം ബന്ധപ്പെടാതെ കിടക്കുന്നു. ഒരു ദോശ ഉണ്ടാക്കിയ കഥ ഇത്രമാത്രം വ്യത്യസ്തമാണോ? ശരിയാണെങ്കില്‍ മലയാള സിനിമ പിറകോട്ട് തന്നെ എന്ന് പറയാം. പ്രമേയത്തിലും അവതരണത്തിലും പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം മലയാള സിനിമയുടെ പുതു തരംഗം എന്ന് ഒരു മടിയുമില്ലാതെ ചിലര്‍ വിളിച്ചു പറയുന്നു. ചിലര്‍ക്ക് മമ്മുട്ടിയും മോഹന്‍ലാലും ഇല്ലാതായാല്‍ അത് വ്യത്യസ്തമാണ്, പുതു മുഖങ്ങളെ വെച്ച് പടം ചെയ്‌താല്‍ അതും വ്യത്യസ്തം തന്നെ… മലയാള സിനിമ നേരിടുന്ന പ്രതിഭാ ദാരിദ്ര്യത്തെ നമ്മള്‍ ഇത്തരം സൂത്രത്തിലൂടെ മാറ്റിമറിക്കാം എന്നാണു കരുതുന്നത് അബദ്ധമാണ്. കലാമൂല്യമുള്ള സിനിമകള്‍ നമുക്ക് അന്യമാകുന്നു എന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം. അതിനിടയില്‍ ഇത്തരം ചിത്രങ്ങളെ വെറുതെ പാടി പുകഴ്ത്തല്‍ കൂടിയാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടുകയല്ല കൂടുതല്‍ താഴ്ചയിലേക്ക് പതിക്കുകയാണ് ചെയ്യുക. ഈ ചിത്രത്തില്‍ അവസാനം ഒരു പാട്ട് കൊടുത്തിടുണ്ട്. എന്തിനായിരുന്നു? ആ … ആര്‍ക്കറിയാം… ഇങ്ങനെ ആര്‍ക്കുമറിയാത്ത വ്യത്യസ്തത….. അത് തന്നെയാണ് സാള്‍ട്ട് ആന്‍ഡ് പേപ്പെര്‍ നല്‍കുന്ന ഉത്തരവും. നല്ലതിനെ മാത്രം നമുക്ക് നല്ലതെന്നു പറഞ്ഞാല്‍ പോരെ… മാര്‍ക്കെറ്റിംഗ് തന്ത്രത്തില്‍ കുരുങ്ങി ചിലരെങ്കിലും ഇത്തരം ചിത്രങ്ങളെ മലയാള സിനിമയുടെ പുതിയ മുഖമെന്ന് പറയുന്നു…. കൂളായി തന്നെ. മലയാള സിനിമയുടെ ഭാവി ഇത്തരത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുമോ?