ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.
നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.
മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ – അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.
വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.
“ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്” ചെ ഉറച്ച് വിശ്വാസിച്ചു.
1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.
ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.
– നാരായണന്‍ വെളിയന്‍കോട്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode
അനീതിയ്ക്കും അധര്‍മ്മത്തിനും ചൂഷണത്തിനുമെതിരെ എവിടെയെല്ലാം രോഷമുയരുന്നു അവിടെയെല്ലാം 'ചെ'യുടെ ഇരമ്പുന്ന സ്മരണകള്‍ ശക്തിയായ്.. ആവേശമായ്.. അഗ്നിയായ്.. രക്തനക്ഷത്രമായ്… ജ്വലിക്കുക തന്നെ ചെയ്യും .അതിനു 'ടോണി' വിശ്വസിക്കുംപോലെ ഒരു ജപമാലയുടെ ആവശ്യമില്ല.ഏതു തിന്‍മകളേയും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ഇഛാശക്തിയുള്ള മനസ്സുമാത്രം മതി.