അബുദാബി: മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ വിശിഷ്ട സേവനമര്‍പ്പിച്ചു അകാലത്തില്‍ വിട പറഞ്ഞ ചിറയിന്‍കീഴ് അന്‍സാര്‍ പ്രവാസ ലോകത്തെ പൊതു പ്രവര്‍ത്തനത്തിന്റെ അപൂര്‍വ്വ മാതൃകയാണെന്ന് ഡോ. ശശി തരൂര്‍ എം. പി. അനുസ്മരിച്ചു. അന്‍സാറിന്റെ നിത്യ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റെ പ്രഥമ പുരസ്കാരം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഏറ്റുവാങ്ങി.
2011 ഏപ്രില്‍ 19, ചൊവ്വാഴ്ച വൈകീട്ട് ഇന്‍ഡ്യ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ വെച്ച് മുന്‍ കേന്ദ്ര മന്ത്രിയും പാര്‍ലിമെന്റ് അംഗവുമായ ഡോ. ശശി തരൂര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന് പുരസ്കാരം സമ്മാനിച്ചു. ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് വേണ്ടി കാന്‍സര്‍ ചികിത്സാ രംഗത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയ ഈ പുരസ്കാരത്തിന് ആര്‍. സി. സി. യെ തെരഞ്ഞെടുത്തത്.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ റ്റി. എന്‍. ഗോപകുമാര്‍, എസ്. ആര്‍. ശക്തിധരന്‍, പ്രവാസ ലോകത്തെ സാംസ്കാരിക നേതാക്കളായ തോമസ് ജോണ്‍, കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി അധ്യക്ഷനായിരുന്നു. എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി. ഇ. ഒ. പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, അബുദാബിയിലെ ഔദ്യോഗിക സംഘടനാ പ്രസിഡന്റ്‌മാര്‍ തുടങ്ങിയവര്‍ അന്‍സാറിനെ അനുസ്മരിച്ചു. ഒലിവ് മീഡിയ ക്ക് വേണ്ടി കെ. കെ. മൊയ്തീന്‍ കോയ, താഹിര്‍ ഇസ്മായില്‍, ബഷീര്‍ ചങ്ങരംകുളം എന്നിവര്‍ ഒരുക്കിയ അന്‍സാറിനെ സംബന്ധിച്ച ഡോകുമെന്ററി ശ്രദ്ധേയമായി. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് സെബാസ്റ്റ്യന്‍ സിറിള്‍, കണ്‍വീനര്‍ റ്റി. എ. നാസര്‍, ജനറല്‍ സെക്രട്ടറി റ്റി. എം. സലിം എന്നിവര്‍ നേതൃത്വം നല്‍കി.