നെടുമ്പാശ്ശേരി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിയില്‍ പൂണ്ടു. വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ 10.15ന് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് പോയ എയര്‍ഇന്ത്യയുടെ എ.ഐ 9501 വിമാനമാണ് തെന്നിമാറിയത്. 20 യാത്രക്കാരും രണ്ട് പൈലറ്റുമാരും രണ്ട് ക്രൂവുമാണ് ഉണ്ടായിരുന്നത്. രാവിലെ 11.10ന് ഇറങ്ങുമ്പോള്‍, റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം മണലില്‍ പൂണ്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.
വിമാനം ഇറങ്ങുമ്പോള്‍ അഗത്തിയില്‍ മഴയും കാറ്റും ഉണ്ടായിരുന്നു. ചാറ്റല്‍ മഴമൂലം വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയതാകാമെന്നാണു പ്രാഥമിക നിഗമനം. ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ വിമാനം മണല്‍തിട്ടയിലും മരങ്ങളിലും ഇടിച്ചുകയറുമായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറങ്ങുന്നതിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ലാന്‍റിങ് സിസ്റ്റം അഗത്തിയില്‍ ഇല്ല. നീളം കുറഞ്ഞ റണ്‍വേയാണ് അഗത്തിയിലേത്. ലാന്‍റിങ് വേഗം കൂടിയതുകൊണ്ടാകാം റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയതെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി വാങ്ങിയശേഷം മണലില്‍പൂണ്ട വിമാനം വലിച്ചുകയറ്റി റണ്‍വേയിലെത്തിച്ചു. കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ വിമാനം റണ്‍വേയിലേക്ക് എത്തിക്കുന്ന ജോലികള്‍ ശ്രമകരമായി. വൈകീട്ടോടെയാണ് വിമാനം റണ്‍വേയിലെത്തിച്ചത്. വിമാനത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ടു വിമാനത്തിലെ രണ്ടു പൈലറ്റുമാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തു. ഇവരിലൊരാള്‍ വനിതയാണ്. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു ഡയറക്‌ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.
- ലിജി അരുണ്‍