ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ജെ.എന്‍.യു) യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍(ഐസ)നും എസ്.എഫ്.ഐ വിമതര്‍ക്കും വന്‍ വിജയം.മൂന്ന് പ്രധാന സീറ്റുകളും ഐസ കരസ്ഥമാക്കി. ഇവിടെ എസ്.എഫ്.ഐയുടെ ഔദ്യോഗിക പക്ഷത്തിനു കനത്ത തിരിച്ചടിയേറ്റു. തങ്ങളുടെ 11 കൌണ്‍സിലര്‍മാരെയും ഒപ്പം മൂന്നു സ്വതന്ത്രരുടേയും പിന്തുണ ഐസക്ക് ഉണ്ട്. എ.ബി.വി.പി ഏഴു കൌണ്‍സിലര്‍മാരെ ലഭിച്ചപ്പോള്‍ എന്‍.എസ്.യുവിന് രണ്ടു കൌണ്‍സിലര്‍ മാരെ മാത്രമാണ് ലഭിച്ചത്.
എസ്.എഫ്.ഐ വിമതരായ ജെ.എന്‍.യു എസ്.എഫ്.ഐ യുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായിരുന്ന വി.ലെനിന്‍ കുമാര്‍ വിജയിച്ചു. കൂടാതെ അഞ്ച് കൌണ്‍സിലര്‍ സ്ഥാനവും വിമത എസ്.എഫ്.ഐക്കാര്‍ കരസ്ഥമാക്കി. 11 പേരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതില്‍ എട്ടാം സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്‍തള്ളപ്പെട്ടു. പോള്‍ ചെയ്ത 4309-ല്‍ 107 വോട്ടു മാത്രമാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജെ.എന്‍.യുവിലെ പ്രധാന കക്ഷിയായ ഐസയ്ക്കു തൊട്ടുപിന്നില്‍ എത്തിയത് ജെ.എന്‍.യു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യമാണ്. മുന്‍പ് എസ്.എഫ്.ഐ-ഏ.ഐ.എസ്.എഫ് സഖ്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ എസ്.എഫ്.ഐ പിളര്‍ന്നതോടെ എ.ഐ.എസ്.എഫ്. വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് കുമാര്‍ മുഖര്‍ജിയെ പിന്തുണച്ച സി.പി.എം നിലപാടിനെ ചോദ്യം ചെയ്തതാണ് എസ്.എഫ്.ഐയുടെ പിളര്‍പ്പിലേക്ക് വഴിവെച്ചത്. ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ നേതൃത്വം സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിനെ പരസ്യമായി വിമര്‍ശിച്ചു. ഇതേ തുടര്‍ന്ന് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടുകയായിരുന്നു. ഒഞ്ചിയത്തെ സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും ജെ.എന്‍.യു വില്‍ തെരഞ്ഞെറ്റുപ്പിനു വിഷയമായി. ചന്ദ്രശേഖരന്‍ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന സി.പി.എമ്മിന്റെ അതേ നിലപാട് തന്നെയായിരുന്നു ഔദ്യോഗിക എസ്.എഫ്.ഐയുടേയും നിലപാട്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മലയാളിയായ എ.അനീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ ഔദ്യോഗിക എസ്.എഫ്.ഐക്ക് ഏക കൌസിലര്‍ സ്ഥാനം അവകാശപ്പെടാനായി.ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന എസ്.എഫ്.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് പുതു തലമുറ വിമുഖതകാണിക്കുകയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിദ്യാഭ്യാസം