ന്യൂഡൽഹി : രാഷ്ട്രീയക്കാർക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി രാജ്യത്ത് നിഷേധ വോട്ട് അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കി. സ്ഥാനാർത്ഥി പട്ടികയിലെ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് അടയാളപ്പെടുത്താൻ സാദ്ധ്യമാവുന്ന ഒരു ബട്ടൺ കൂടി വോട്ടിങ്ങ് യന്ത്രത്തിൽ സജ്ജീകരിക്കണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ ഈ നിർദ്ദേശം നടപ്പിലാക്കി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇത്തരം ഒരു ബട്ടൺ “നൺ ഓഫ് ദി അബവ്” (None Of The Above) എന്നായിരിക്കും അറിയപ്പെടുക. ചുരുക്കത്തിൽ “നോട്ട” (NOTA) എന്നും. ഇത്തരം ഒരു പുതിയ ബട്ടൺ നിലവിൽ വന്ന കാര്യം വോട്ടർമാരെ അറിയിക്കാനായി വൻ തോതിൽ പ്രചാരവേലകൾ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം നിഷേധ വോട്ട് വൻ തോതിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മാറ്റം വരുത്തും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംശുദ്ധരായ സ്ഥാനാർത്തികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാവും.
ഇപ്പോഴത്തെ നിലയിൽ പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത ഒരു വോട്ടർ ഒരു റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കണം എന്നാണ് നിബന്ധന. ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നു.
ഒരു മണ്ഡലത്തിൽ പകുതിയിലേറെ പേർ നിഷേധ വോട്ട് ചെയ്യുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിഷേധ വോട്ടിങ്ങിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഈ ഉത്തരവ് പ്രകാരം നോട്ട വോട്ടുകൾ എണ്ണുവാൻ സാദ്ധ്യമല്ല. അതിനാൽ തന്നെ നിഷേധ വോട്ടിന് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി
വളരെ നല്ലത്