ഗാസിയാബാദ് : ടീം ഹസാരെയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇപ്പോള്‍ സംഘത്തെ പുനഃസംഘടിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി സംഘത്തിലെ പ്രധാനി അരവിന്ദ് കെജ് രിവാള്‍ . അഞ്ചു മണിക്കൂര്‍ നീണ്ട ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തില്‍ ഒരു തരത്തിലും ഭിന്നതയില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും, സംഘങ്ങള്‍ക്കെതിരായ ആരോപണം ചെറുക്കുംമെന്നും അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. ഹസാരെ സംഘത്തെ അധികാരമുപയോഗിച്ചു തകര്‍ക്കാനാണു കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ ജനപക്ഷത്തു നില്‍ക്കുന്ന സംഘം ഇതിനെ അതിജീവിക്കും. പാര്‍ലമെന്‍റീന്‍റെ ശീതകാല സമ്മേളനത്തില്‍ ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ ശക്തമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കും. ജന്‍ലോക്പാല്‍ ബില്‍ വിഷയം വ്യതിചലിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ല. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണിന്‍റേതു വ്യക്തിപരമായ അഭിപ്രായമാണ്. സമരത്തിനു ലഭിച്ച പണം തന്‍റെ ട്രസ്റ്റിന്‍റെ അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കോര്‍ കമ്മിറ്റിയാണു തീരുമാനിച്ചതെന്നും കെജ്ജ് രിവാള്‍ അറിയിച്ചു.
- ഫൈസല്‍ ബാവ