പ്രത്യേകം സംസ്ഥാനത്തിനു തെലങ്കാന രാഷ്ട്ര സമിതി നടത്തിയ പോരാട്ടം വിജയം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിഘടന വാദ സംഘടനയായ ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമരത്തിന് തയ്യാറെടുക്കുന്നു. പ്രത്യേക ബുന്ദല്‍ഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി തങ്ങള്‍ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും എന്ന് ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡണ്ട് രാജ ബുന്ദേല അറിയിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രക്ഷോഭത്തില്‍ തങ്ങളും അവരോടൊപ്പം നിലകൊണ്ടു. ആ സമരം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങളും ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബുന്ദല്‍ ഖണ്ഡിനായുള്ള ആവശ്യം കഴിഞ്ഞ 20 വര്‍ഷമായി നില നില്‍ക്കുന്നു. പ്രത്യേക സംസ്ഥാനം ഇല്ലാതെ തങ്ങള്‍ക്ക് പുരോഗതി ഉണ്ടാവില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നത്. തെലങ്കാനയുടെ വിജയം തങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി മധ്യ പ്രദേശില്‍ ഡിസംബര്‍ 16ന് 300 കിലോമീറ്റര്‍ നീളമുള്ള ഒരു പദ യാത്ര സംഘടിപ്പിക്കും എന്നും ബുന്ദേല അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം