ന്യൂഡല്‍ഹി : ക്രമ സമാധാന നില അനുദിനം വഷളായി കൊണ്ടിരിക്കുന്ന കാശ്മീര്‍ താഴ്വരയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമായി. മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം എന്നിവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ അര്‍ദ്ധ സൈനികരെ കാശ്മീരിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രീയമായ ഏതൊരു പരിഹാരത്തിനും സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആവേണ്ടത് അത്യാവശ്യം ആയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കാശ്മീര്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.
മുഖ്യ മന്ത്രിയെ മാറ്റുക, ഗവര്‍ണറെ അധികാരം ഏല്‍പ്പിക്കുക, കൂടുതല്‍ സൈന്യത്തെ വിന്യസിക്കുക എന്നിങ്ങനെ മൂന്നു പോംവഴികളാണ് കേന്ദ്രത്തിനു മുന്‍പില്‍ ഉണ്ടായിരുന്നത് എന്നാണു സൂചന. ഒമര്‍ അബ്ദുള്ളയ്ക്കെതിരെ താഴ്വരയില്‍ വികാരം ശക്തമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിയ്ക്കേണ്ട എന്നാണു കേന്ദ്രത്തിന്റെ നിലപാട്. സുരക്ഷാ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അമര്‍നാഥ് യാത്ര സമാധാന പരമായിരുന്നു എന്നതും ഒരു സൈനിക നടപടിയ്ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പ്രേരകമായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, പോലീസ് അതിക്രമം, പ്രതിഷേധം