കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും മറ്റു ഭാഷാ പത്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.
മമത നിര്‍ദേശിച്ചിരിക്കുന്ന എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ പാടുള്ളൂ. ഇവ ബംഗാളി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഉള്ളവയാണ്. ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണു സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. സി.പി.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം.
മമതയുടെ ഈ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്നും പിന്‍വലിക്കണം എന്നും കൊണ്ഗ്രെസ്സ് അംഗം അസിക് മിത്ര നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.