ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍വി  ഏറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഏ. ഐ. സി. സി ജനറല്‍  സെക്രട്ടറി രാഹുല്‍ ഗാന്ധി. തങ്ങള്‍ നന്നായി പൊരുതിയെന്നും എന്നാല്‍  പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുവാന്‍  ഉള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി  ചുക്കാന്‍ പിടിച്ച  ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് നാലാം സ്ഥാനത്തേക്ക്  തള്ളപ്പെട്ടു. രാഹുലിനൊപ്പം സഹോദരി മിസ്സിസ്സ്. പ്രിയങ്കാ വധേരയും  പ്രചാരണത്തിനിറങ്ങിയിരുന്നു. അമേഥിയടക്കം ഉള്ള മണ്ഡലങ്ങളില്‍ ജനം ഗാന്ധി  കുടുംബത്തെ കയ്യൊഴിഞ്ഞു. പ്രചാരണ രംഗത്ത് ആള്‍ക്കൂട്ടത്തെ  സംഘടിപ്പിക്കുന്നത് ഇരുവരും വിജയിച്ചുവെങ്കിലും പോളിംങ്ങ് ബൂത്തില്‍ പക്ഷെ  ജനം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തില്ല. സംഘടനാപരമായ ദൌര്‍ബല്യങ്ങളോടൊപ്പം  കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന കൊടിയ ദാരിദ്രവും  തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ്സിനു തിരിച്ചടിയായത്.
രാഹുല്‍ ഗാന്ധി എന്ന യുവ നേതാവിനെ  ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസ്സ്  നേതൃത്വത്തിനും ഈ പരാജയം വന്‍ തലവേദനയാകും. വരാനിരിക്കുന്ന ലോക്‍സഭാ  തിരഞ്ഞെടുപ്പില്‍ രാഹുലിനേയോ മന്‍മോഹന്‍ സിങ്ങിനേയോ മുന്‍നിര്‍ത്തി മത്സര  രംഗത്തേക്കിറങ്ങിയാല്‍ കോണ്‍ഗ്രസ്സിനെന്തു സംഭവിക്കും എന്നതിന്റെ സൂചനയാണ്  ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍  നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന സോണിയാ ഗാന്ധിയുടെ  പിന്‍ഗാമിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുവാനുള്ള  ആലോചനകള്‍ക്ക് രാഷ്ടീയമായി മങ്ങല്‍
ഏല്പിച്ചേക്കും. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളോട് വലിയതോതില്‍ വിധേയത്വം കാത്തു സൂക്ഷിക്കുന്ന കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്ന് കരുതാനാകില്ല.