ചെന്നൈ: രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പ്രതികളുടെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ അറിയിപ്പു ജയില്‍ അധികൃതര്‍ക്കു ലഭിച്ചതോടെ ഇവരുടെ വധശിക്ഷ ഉറപ്പായി. അറിയിപ്പു ലഭിച്ച് ഏഴാമത്തെ പ്രവൃത്തി ദിവസം വധശിക്ഷ നടപ്പാക്കണമെന്നാണു ചട്ടം. ഇവരെ പാര്‍പ്പിച്ചിട്ടുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുപ്രണ്ടന്‍റിനാണു കത്തു ലഭിച്ചത്. ഓഗസ്റ്റ് 11നാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പു ഗവര്‍ണര്‍ വഴി ഇന്നാണു ലഭിച്ചത്.
2000ല്‍ വിചാരണ കോടതിയുടെ വധശിക്ഷാ വിധി സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ നാലാം പ്രതി നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. എല്‍ടിടിഇ പ്രവര്‍ത്തകരായ നാലുപേരും ചേര്‍ന്നാണു രാജീവ് വധത്തിനു പദ്ധതി തയാറാക്കിയത്. 1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്.