
ഹൈദരാബാദ്: നാനോ എക്സല്‍ തട്ടിപ്പു കേസില്‍ കമ്പനിയുടെ എം. ഡി. ഹരീഷ് മദനീനി ഹൈദരാബാദില്‍ അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മണി ചെയിന്‍ രീതിയില്‍ വിവിധ ഉല്പന്നങ്ങള് വിറ്റു വന്‍ തോതില്‍ കമ്പനി പണം തട്ടിയതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച് കേരളത്തില്‍ നിരവധി ഇടങ്ങളില്‍ കമ്പനിക്കെതിരെ പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു. തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. കേരളത്തില്‍ നിന്നും നാനൂറു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി കരുതുന്നു. ആരോഗ്യ രക്ഷയ്ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പ്രധാനമായും കമ്പനി മണി ചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്തി വിതരണം ചെയ്തിരുന്നത്. നാനോ എക്സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയും കേസുണ്ട്. വില്പന നികുതി തട്ടിപ്പു നടത്തുവാന്‍ കമ്പനിയെ സഹായിച്ചതിന്റെ പേരില്‍ ടാക്സ് അസി. കമ്മീഷ്ണര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മദനീനിയെ ഉടന്‍ കേരള പോലീസിനു കൈമാറും.





മുംബൈ : മോഡലും മറാഠി നടിയുമായ യോഗിത ദാണ്ഡേക്കര്‍ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിനായി രാംലീലാ മൈതാനിയില്‍ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന പേരില്‍ നഗ്നയായി പോസ് ചെയ്തു. തന്റെ ശരീരത്തിന്റെ മുന്‍ ഭാഗത്ത് ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളും പുറകില്‍ ഹസാരയുടെ ചിത്രവും താഴെ ഐ ലൌ ഇന്ത്യ എന്നും പെയ്‌ന്റു ചെയ്തായിരുന്നു നടി പോസ് ചെയ്തത്. ജന പാല്‍ ബില്‍ പാര്‍ളിമെന്റില്‍ പാസാക്കിയാല്‍ താന്‍ നഗ്നയായി ഓടുമെന്നും അവര്‍ പ്രഖ്യാപിച്ചു. നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നടിയുടെ നടപടിയില്‍ ചിലര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വിലകുറഞ്ഞ പ്രചാര വേലകള്‍ മഹത്തരമായ ഒരു ആവശ്യത്തിനായി നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെയേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങളേയും വേദനിപ്പിക്കുമെന്നും സഭ്യമായതും അഹിംസയെ മുറുകെ പിടിക്കുന്നതുമായ രീതിയില്‍ ആയിരിക്കണം പിന്തുണ പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറയുന്നു.

























