മുംബൈ: പ്രമുഖ വാസ്തു ശില്പിയും നഗരാസൂത്രണ വിദഗ്‌ദ്ധനുമായ പത്മ ഭൂഷന്‍ ചാള്‍സ് കൊറയ (84) അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബയില്‍ വച്ചായിരുന്നു അന്ത്യം. 1930 സെപ്റ്റംബര്‍ 1 നു സെക്കന്തരാബാദില്‍ ആണ് ചാള്‍സ് കൊറയയുടെ ജനനം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിച്ചിഗണ്‍ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജിലെ മസ്സച്ചസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠനം. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ നിന്നും ഗോള്‍ഡ് മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1972-ല്‍ രാജ്യം ആദ്ദേഹത്തിനു പത്മശ്രീയും, 2006-ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.
നവി മുബൈ അദ്ദേഹം രൂപകല്പന ചെയ്ത നഗരമാണ്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധി സ്മാരകം ചാള്‍സ് കൊറയ തന്റെ 28 -ആം വയസ്സിലാണ് പണിതത്. മുംബൈയിലെ കാഞ്ചന്‍ ജംഗ റസിഡന്‍ഷ്യല്‍ ടവര്‍, യു. എന്‍. ആസ്ഥാനത്തെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍, ഗോവയിലെ കലാ അക്കാദമി, ജെയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം, ദില്ലിയിലെ നാഷ്ണല്‍ ക്രാഫ്റ്റ് മ്യൂസിയം, ടൊറന്റോയിലെ ഇസ്മായിലി സെന്റര്‍, ബോസ്റ്റണിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ബ്രെയിന്‍ സയന്‍സ് സെന്റര്‍, ലിസ്ബണിലെ ചമ്പാലി മൌഡ് സെന്റര്‍ തുടങ്ങിയവയും ചാള്‍സ് കൊറയയുടെ രൂപ കല്പനയില്‍ പൂര്‍ത്തിയായവയാണ്.
കോവളത്തെ ബീച്ച് റിസോര്‍ട്ടും പരുമല പള്ളിയും അദ്ദേഹമാണ് രൂപകല്പന ചെയ്തത്. ഇതിന്റെ രൂപകല്‍പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1995-ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2000 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ തക്ക സൌകര്യമുള്ളതാണ് ഈ പള്ളി.