ന്യൂഡെല്‍ഹി: മുന്‍ പ്രധാന മന്ത്രിയും ബി. ജെ. പി. സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്കും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡണ്ടുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരത് രത്ന. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.
ഹിന്ദു മതത്തിലെ ചാതുര്‍ വര്‍ണ്യ വ്യവസ്ഥയ്ക്കെതിരെ നിരന്തരം പോരാട്ടങ്ങള്‍ നടത്തിയ വ്യക്തിയാണ് മാളവ്യ. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചു. വൈസ് ചാന്‍സിലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാളവ്യയുടെ വീക്ഷണങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വളരെ നിര്‍ണ്ണായകമായി മാറിയിരുന്നു. മരണാനന്തര ബഹുമതിയായാണ് മാളവ്യക്ക് പുരസ്കാരം നല്‍കുന്നത്.
രാജ്യം കണ്ട മികച്ച നേതാക്കളായ ഇരുവര്‍ക്കും ഭാരത രത്ന നല്‍കുവാനായി പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനം രാഷ്ട്രപതി അംഗീകരിച്ചതോടെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുന്ന ആദ്യ ബി. ജെ. പി. നേതാവാകും വാജ്‌പേയി. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളിന്റെ തലേ ദിവസമാണ് പുരസ്കാര പ്രഖ്യാപനം. വര്‍ഷങ്ങളായി ബി. ജെ. പി. യും ഇതര സംഘടനകളും വാജ്‌പേയിക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഉള്ള യു. പി. എ. സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാജ്‌പേയിക്ക് നല്‍കാത്ത പുരസ്കാരം ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനു നല്‍കിയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.