ന്യൂഡല്‍ഹി: ആപ്പിന്റെ ജനപിന്തുണയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു. അരവിന്ദ് കേജ്രിവാളിനും സംഘത്തിനു മുമ്പില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ കൊമ്പ് കുത്തുത്തി.പാര്‍ളമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യം വിജയിച്ചപ്പോളെല്ലാം അത് മോദി തരംഗം എന്നാണ് ബി.ജെ.പി നേതാക്കന്മാര്‍ വിശേഷിപ്പിച്ചത്. പലപ്പോഴും പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം മോദിക്ക് നല്‍കി. അതിനാല്‍ തന്നെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയേക്കാള്‍ മോദിക്കാണ് കൂടുതല്‍ തിരിച്ചടിയാകുന്നതും.ബി.ജെ.പി അവകാശപ്പെടുന്ന മോദിപ്രഭാവത്തിനേറ്റ കരിനിഴലായി ദില്ലിയിലെ പരാജയം. ലോക്‍സഭാ
തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പുകളും ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഈ പരാജയം തിരിച്ചടിയായി.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദി പരാജയപ്പെട്ടത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇപ്പോള്‍ ശ്രീമതി ബേദിയെ ബലിയാടാക്കി മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. വിജയമായാലും പരാജയമായാലും അത് തന്റെ മാത്രം ഉത്തരവാദിത്വം
ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ കിരണ്‍ ബേദി പറഞ്ഞിരുന്നു.
ബി.ജെ.പിയേക്കാള്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനു നേരിടേണ്ടിവന്നത്. ഒരു സീറ്റില്‍ പോലും വിജയിക്കുവാന്‍ അവര്‍ക്കായില്ല. തിരഞ്ഞെടുപ്പ്
ഫലങ്ങള്‍ പുറത്ത് വന്നതോടെ ‘കോണ്‍ഗ്രസ്സ് രഹിത’ ദില്ലിയായി മാറി. അജയ് മാക്കന്‍ അടക്കം പല പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് അഞ്ഞൂറിനടുത്ത് വോട്ടുകള്‍ മാത്രം ലഭിച്ച മണ്ഡലങ്ങളും ഉണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസ്സും പടുകൂറ്റന്‍ റാലികളും വന്‍ പരസ്യ കോലാഹലങ്ങളും നടത്തിയപ്പോള്‍ ആം ആദ്മിയാകട്ടെ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി പഠിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും നേടിയ പിന്തുണയെ മറികടക്കുവാന്‍ മോദിപ്രഭാവത്തിനോ അമിത്ഷായുടെ തന്ത്രങ്ങള്‍ക്കോ ആയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ഏഴുമാസം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ആം ആദ്മിയുടെ വിജയത്തിനു കരുത്ത് പകര്‍ന്നത്.
ബി.ജെ.പിയിലെ പടല പിണക്കങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദുര്‍ബലമായ നേതൃത്വമാണ് വിനയായത്. സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ ജനങ്ങള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ സ്വാധീനം ഇല്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാക്കുന്നതാണ് ദില്ലിയിലെ ഈ പരാജയം.
ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്ന് സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സര രംഗത്തിറക്കിയത്. മൂന്ന് പേര്‍ക്കും ചേര്‍ന്ന് 1126 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. തൊഴിലാളികള്‍ ധാരാളമുള്ള ദില്ലിയില്‍ സി.പി.എമ്മിനു യാതൊരു വിധ സ്വാധീനവുമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അടിസ്ഥന വര്‍ഗ്ഗത്തിനിടയില്‍ ഇടതു പക്ഷ കക്ഷികള്‍ക്കും സ്വാധീനമുറപ്പിക്കുവാന്‍ ആയില്ല എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അതിനു സാധിച്ചു എന്നത് ഇടതുപക്ഷത്തിനും ശക്തമായ പാഠമാണ് നല്‍കുന്നത്. ആപ്പിന്റെ വിജയത്തിലൂടെ ദേശീയതലത്തില്‍ ഇടതു പക്ഷത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.