മുംബൈ : ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതി കേസിൽ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. ഇതിൽ ഒരാൾ ഒരു മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആവുന്നവരുടെ എണ്ണം 9 ആയി. പ്രാദേശിക ക്ഷേമ ബോർഡ് അംഗം ഡോ. ജയരാജ് ഫാട്ടക് ആണ് അറസ്റ്റിലായ മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട രാമാനന്ദ് തിവാരി സേവനത്തിൽ നിന്നും വിരമിച്ച ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇവരെ ബുധനാഴ്ച്ച പ്രത്യേക സി. ബി. ഐ. കോടതിക്ക് മുൻപാകെ ഹാജരാക്കും.
ഉയരമേറിയ കെട്ടിടങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ഉയര പരിധിയായ 97.6 മീറ്ററിനേക്കാൾ കൂടുതൽ ഉയരത്തിൽ ഒരു നില അധികമായി അന്നത്തെ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന ഡോ. ജയരാജ് ഫാട്ടക് അനുവദിച്ചു. ഇതേ കെട്ടിടത്തിൽ ഫാട്ടക്കിന്റെ പുത്രന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്.
സംസ്ഥാന സർക്കാരിന്റെ നഗര വികസന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കാലത്ത് ആദർശ് സൊസൈറ്റിക്ക് ഉയര പരിധിയിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം പണിയാൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തു എന്നതാണ് തിവാരിക്ക് എതിരെയുള്ള കേസ്. ഇതേ തുടർന്ന് തിവാരിയുടെ മകന് ആദർശ് സൊസൈറ്റിയിൽ അംഗത്വം ലഭിച്ചതായി സി. ബി. ഐ. കണ്ടെത്തി.