ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടം അതി ദേശീയവാദമാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി പറഞ്ഞു . ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അരുന്ധതി ഹസാരെയേ രൂക്ഷമായി വിമര്‍ശിച്ചത്. സ്വന്തം സംസ്‌ഥാനമായ മഹാരാഷ്‌ട്രയില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍ക്കെതിരേ ഹസാരെ നിശബ്‌ദത പാലിക്കുകയാണെന്നും അരുന്ധതി കുറ്റപ്പെടുത്തി. ഹസാരെയുടെ സമരരീതിയും സത്തയും തെറ്റാണെന്നു ലേഖനത്തില്‍ അരുന്ധതി കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന് അണ്ണാ ഹസാരെ സ്വീകരിച്ച നിരാഹാര സമരത്തെയും മറ്റു മാര്‍ഗങ്ങളെയും അരുന്ധതി ചോദ്യംചെയ്‌തു. ഗാന്ധിയനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അണ്ണാ ഹസാരെയുടെ അധികാരത്തോടെയുള്ള ആവശ്യപ്പെടല്‍ അതിനു യോജിക്കും വിധമല്ലെന്നും ലോക്‌പാല്‍ ബില്ലിനെ ലക്ഷ്യംവച്ച് അരുന്ധതി പറഞ്ഞു. നിരാഹാരത്തെ പിന്തുണയ്‌ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്നാണു സമരത്തിലൂടെ നല്‍കുന്ന തെറ്റായ സന്ദേശം, ഇത് ശരിയല്ല. അവര്‍ കൂട്ടിച്ചേര്‍ത്തു