ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എസ്. എസ്. ബജാജ് മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്. വിവാദങ്ങളെ തുടര്‍ന്നാണ് ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന് ആയിരം മെഗാ വാട്ട് യൂണിറ്റ് വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ് അഭിലാഷ് ഭരദ്വാജ് അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.