മുംബൈ: സെന്‍സസ് അംബാസഡര്‍മാരായി സച്ചിനും പ്രിയങ്കയും. രാജ്യത്തെ രണ്ടാം ഘട്ട സെന്‍സസ് വിജയകരമാക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അംബാസഡര്‍മാരാകുന്നു. ഫെബ്രുവരി 9ന് ബുധനാഴ്ചയാണ് സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഇതിന്റെ നടപടികള്‍ ഫെബ്രുവരി 28ന് അവസാനിക്കും.
സെന്‍സസ് നടപടിക്രമങ്ങളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനുമായി സച്ചിനും പ്രിയങ്കയും അംബാസഡര്‍മാരാകുമെന്ന് സെന്‍സസ് ഡയറക്ടര്‍ രഞ്ജിത് സിങ് ഡിയോള്‍ അറിയിച്ചു.
മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സെന്‍സസ് പ്രക്രിയകള്‍ക്ക് 2,200 കോടിരൂപയാണ് മൊത്തം ചെലവ് കണക്കാക്കുന്നതെന്ന് സെന്‍സസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ പൗരന്മാര്‍ 26 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. സ്ത്രീകള്‍ മൂന്ന് ഇതില്‍ നിന്നും വ്യത്യസ്തമായി മൂന്ന് ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കേണ്ടിവരും. ഇത് അവരുടെ പ്രത്യുല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും. 21ദിവസമോ അതില്‍ അധികമോ രാജ്യത്ത് താമസിക്കുന്ന വിദേശികളും സെന്‍സസ് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് രഞ്ജിത് സിങ് അറിയിച്ചു.