ചണ്ഡിഗര്‍ : മുന്‍ ഹരിയാനാ ഡി. ജി. പി. എസ്. പി. എസ്. റാത്തോഡിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് നീട്ടി വെച്ചു. രുചിക പീഡന ക്കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാത്തോഡ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജൂണ്‍ 29ലേക്ക് മാറ്റി വെച്ചു. 68 കാരനായ റാത്തോഡിന്റെ ഭാര്യയും അഭിഭാഷകയുമായ ആഭ യാണ് മെയ് 26നു റാത്തോഡിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്.
ടെന്നീസ് കളിക്കാരി യായ 14 വയസ്സുകാരി രുചികയെ 1990 ആഗസ്ത് 12ന് റാത്തോഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. രുചികയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലി പ്പിക്കാനായി രുചികയുടെ വീട്ടുകാരെ പോലീസ് നിരന്തരം വേട്ടയാടി. രുചികയുടെ അച്ഛനും 18-കാരനായ സഹോദര നുമെതിരെ റാത്തോഡ് 11 ക്രിമിനല്‍ കേസുണ്ടാക്കി. പിന്നീട് ഫീസ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് രുചികയെ സ്‌കൂളില്‍നിന്ന് പുറത്താക്കി. ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഒന്നര വര്ഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റാത്തോഡ് ഇപ്പോള്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ബുറെയില്‍ ജെയിലിലാണ് ഉള്ളത്.