ചണ്ടീഗഢ് : ഹരിയാനയിൽ പെൺകുട്ടികളുടെ പീഢനം തുടർക്കഥയാകുമ്പോൾ ഇതിന്റെ കാരണം പെൺകുട്ടികൾ തന്നെയാണ് എന്ന് കോൺഗ്രസ് വക്താവ് ധരംഭീർ ഗോയത് പ്രസ്താവിച്ചു. ലൈംഗികമായി ബന്ധം പുലർത്താനുള്ള ആഗ്രഹം കൊണ്ടാണ് പെൺകുട്ടികൾ പുരുഷന്മാരുടെ വലയിൽ അകപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്. എന്നാൽ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഒന്നിലേറെ പുരുഷന്മാരുടെ കയ്യിൽ അകപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ പെട്ടതായി മനസ്സിലാക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിൽ നിന്നും തുടർച്ചയായി പുറത്തു വരുന്ന ബലാൽസംഗ വാർത്തകൾ സംസ്ഥാന നേതൃത്വത്തെ തന്നെ നാണം കെടുത്തിയിരിക്കുന്ന അവസരത്തിൽ കോൺഗ്രസ് വക്താവിൽ നിന്നും വന്ന ഈ പ്രസ്താവന നേതൃത്വത്തെ വീണ്ടും പരിഹാസ്യരാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനത്തിന് പരിഹാരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം എന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് അഭിപ്രായപ്പെടുകയും ഇത് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല ശരി വെയ്ക്കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.
പെൺകുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് ഭർത്താക്കന്മാർ ഉണ്ടാവുമല്ലോ എന്നായിരുന്നു ഗ്രാമ സഭയുടെ കണ്ടെത്തൽ. അങ്ങനെയായാൽ പെൺകുട്ടികൾ വേറെ എവിടെയും പോകില്ല എന്നും അതോടെ പീഢനത്തിനുള്ള അവസരങ്ങൾ കുറയും എന്നുമാണ് ഗ്രാമ സഭാംഗം സുബെ സിങ്ങിന്റെ വാദം.
ഇത് കോൺഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു എന്ന് സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആദ്യം സോണിയാ ഗാന്ധി ഇരകളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് അവരുടെ നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. ഇവർ സംസാരിക്കുന്നത് മുഴുവൻ സ്ത്രീകൾക്ക് അപമാനമാണ് വരുത്തി വെക്കുന്നത് എന്നും ബൃന്ദ പറഞ്ഞു.