
ന്യൂഡെല്‍ഹി : മന്‍മോഹന്‍ സിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്ത പ്രധാന മന്ത്രിയാണെന്ന് ‘ടൈം’ മാസിക. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനു വിത്തു പാകിയ മന്‍മോഹനെ കമ്പോള ശക്തികള്‍ക്ക് വലിയ പ്രിയമായിരുന്നു. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടവന്‍ എന്നാണ് ടൈം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന അഴിമതി, സാമ്പത്തിക വളര്‍ച്ചയിലെ കുറവ്, രൂപയുടെ മൂല്യം ഇടിയുന്നത് എന്നിവയെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. മന്‍മോഹന്റെ മുഖചിത്രവുമായി ഇറങ്ങുന്ന ഏഷ്യന്‍ എഡിഷനിലാണ് ഇതേ പറ്റി ഉള്ളത്.
ദീര്‍ഘകാല വികസനത്തെ പറ്റി സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നില്ലെന്നും, രാജ്യം പിന്നോക്കം പോകുകയാണെന്നും ലേഖനം പറയുന്നു. നിഴലില്‍ നില്‍ക്കുന്ന മനുഷ്യനാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയെന്നും, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള “അനൌദ്യോഗിക അധികാരം പങ്കിടല്‍” മന്‍മോഹനു കൂച്ചു വിലങ്ങിട്ടിരിക്കുകയാണെന്നും, പരിഷ്കരണ നടപടികളില്‍ മന്‍മോഹന്‍ പരാജയപ്പെട്ടുവെന്നും മാസിക വിലയിരുത്തുന്നു.
ടൈം മാസികയുടെ വിലയിരുത്തല്‍ ബി. ജെ. പി. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അഴിമതിയും നാഥനില്ലായ്മയും ആണ് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവര്‍ ആരോപിച്ചു.






ഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സാങ്മയെ പിന്തുണക്കാന്‍ തീരുമാനിച്ചു. പിന്തുണ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപെട്ട് എന്‍. സി. പി. രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍. സി. പിയില്‍ നിന്നും രാജിവെച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തന്നെയായിരുന്നു സാങ്മയുടെ തീരുമാനം. എന്‍. ഡി. എയില്‍ സമവായം ഉണ്ടാകാത്തതാണ് സാങ്മയെ ബി. ജെ. പിക്ക് പിന്തുണക്കേണ്ടി വന്നത്. ഇന്നലെ ചേര്‍ന്ന ബി. ജെ. പി. നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. എന്നാല്‍ എന്‍. ഡി. എ. സഖ്യകക്ഷികളായ ശിവസേന ജെ. ഡി. യു കക്ഷികള്‍ പിന്തുണക്കില്ലെന്നാണ് സൂചന
























