ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയനായ ബി. ജെ. പി. ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്ക് ബി. ജെ. പി. നേതൃത്വത്തിന്റെ പിന്തുണ. ഏതന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന ഗഡ്കരിയുടെ നിലപാട് അംഗീകരിക്കുന്നതായും പാര്‍ട്ടി അദ്ദേഹത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വിവാദമുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്നും പാര്‍ട്ടി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും മുതിർന്ന ബി. ജെ. പി. നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന നിണ്ണായകമായ നേതൃയോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി വിട്ടു നിന്നു. അഡ്വാനിയടക്കം പല നേതാക്കന്മാര്‍ക്കും ആരോപണ വിധേയനായ ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാം ജഠ്മലാനി ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.
ഗഡ്കരിക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ബി. ജെ. പി. യില്‍ അടുത്ത കാലത്തായി രൂപപ്പെട്ടു വരുന്ന ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ പ്രതിഷേധിച്ച് മഹേഷ് ജഠ്‌മലാനി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജി വെച്ചിരുന്നു. ഡിസംബറില്‍ കാലാവധി തീരുമെന്നതിനാല്‍ തല്‍ക്കാലം ഗഡ്കരിയെ മാറ്റേണ്ടതില്ല എന്നാണ് ആര്‍. എസ്. എസിന്റെ തീരുമാനം.
ഗഡ്കരിയെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടു വന്നതില്‍ ആര്‍. എസ്. എസിന്റെ പിന്തുണ ഉണ്ടായിരുന്നു. സമീപ കാലത്ത് ഇത്രയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാകുന്ന ബി. ജെ. പി. പ്രസിഡണ്ട് നിധിന്‍ ഗഡ്കരിയാണ്. അരവിന്ദ് കേജ്‌രിവാളാണ് കഴിഞ്ഞ ദിവസം ഗഡ്കരിക്കെതിരെ ചില രേഖകള്‍ പുറത്ത് വിട്ടത്. കര്‍ണ്ണാടക പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍ നിധിന്‍ ഗഡ്കരി പരാജയമാണെന്ന അഭിപ്രായം ശക്തമാകുന്ന വേളയില്‍ ഉയര്‍ന്നു വന്ന അഴിമതി ആരോപണവും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന യു. പി. എ. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനിരിക്കെ തങ്ങളുടെ പ്രസിഡണ്ട് വലിയ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടത് ബി. ജെ. പി. യെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിലും നരേന്ദ്ര മോഡിക്ക് ഗഡ്കരി വിവാദം തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.