ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.
ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.